Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 25/02/2023)

ആശാന്‍ കൃതികള്‍ സമൂഹത്തിലെ ആര്‍ത്തിയും ആക്രമങ്ങളും ഇല്ലാതാക്കുന്നത്: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ആശാന്‍ കൃതികള്‍ മനസ്സിരുത്തി വായിച്ചാല്‍ സമൂഹത്തിലെ ആര്‍ത്തിയും ആക്രമങ്ങളും ഇല്ലാതാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മനുഷ്യമനസ്സുകളെ അത്രമാത്രം സ്വാധീനിക്കുന്ന ശൈലിയാണ്  ആശാന്റേത്. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി, തോന്നക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തുന്ന കുമാരനാശാന്‍@150 ആശാന്‍ കാവ്യാസ്വാദന പരിപാടിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക- ജനകീയ  പ്രശ്നങ്ങളും സമൂഹത്തിന്റെ ഉന്നമനത്തിനായി എഴുതുന്ന രീതിയും ഇന്ന് ഇല്ലാതായി. പിന്നാക്ക സമൂഹത്തിന്റെയും സ്ത്രീകള്‍-കുട്ടികള്‍ എന്നിവരുടെ ജീവിതം ചര്‍ച്ചയാക്കപ്പെടുന്നില്ല. ജാതി-മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അടിമയായ മനുഷ്യര്‍ സാമൂഹിക പ്രശ്നങ്ങള്‍ വിസ്മരിക്കുന്നതായും മന്ത്രി വ്യക്തമാക്കി. വികസനം മാത്രമാണ് ചര്‍ച്ചകള്‍. സാധാരണക്കാരുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച കുമാരനാശാന്റെ എഴുത്ത് രീതികള്‍ തിരികെ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പ്രൊ. വി. മധുസൂദനന്‍ നായര്‍ അധ്യക്ഷനായി. പരിപാടിയില്‍ സ്മൃതിപദം-2023 എന്ന പേരിലുളള കുമാരനാശന്‍ പോസ്റ്റര്‍ പ്രദര്‍ശനം ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര ഉദ്ഘാടനം ചെയ്തു. എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായ പി.ടി നരേന്ദ്രമേനോന്‍, ആഷാ മേനോന്‍, പ്രൊ. പി.എ വാസുദേവന്‍, വിജയപ്രകാശ്, ടി.ആര്‍ അജയന്‍ എന്നിവര്‍ സംസാരിച്ചു. കവയത്രി ജ്യോതിഭായ് പരിയാടത്ത് ആശാന്‍ കവിതാലാപനം നടത്തി

വിദ്യാകിരണം പദ്ധതി 3000 കോടി വിനിയോഗിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തങ്ങള്‍ നടപ്പാക്കിയതായി പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കുറ്റാനശ്ശേരി എ.യു.പി സ്‌കൂളിലെ പുതിയ കെട്ടിടോദ്ഘാടനവും 82-ാം വാര്‍ഷികാഘോഷം യാത്രയയപ്പും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. വിദ്യാകിരണം പദ്ധതിയിലൂടെ സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിന് 3000 കോടി രൂപ ഗവ മേഖലയില്‍ വിനിയോഗിച്ചു. എയ്ഡഡ് മേഖലയയും വിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള സമീപനമാണ് സര്‍ക്കാറിനുള്ളത്. പൊതുവിദ്യാഭ്യാസ-എയ്ഡഡ് മേഖലകളിലായി 47 ലക്ഷം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യം- വിദ്യാഭ്യാസം ഉറപ്പാക്കുക സര്‍ക്കാറിന്റെ കടമയാണ്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ചലഞ്ച് ഫണ്ട് പദ്ധതി അടുത്ത അധ്യയന വര്‍ഷം മുതല്‍ പുനരാരംഭിക്കും. കുട്ടികള്‍ക്ക് അക്കാദമിക മുന്നേറ്റം സാധ്യമാക്കുന്നതിന് ആദ്യം അധ്യാപകരെ തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി അടുത്ത അധ്യയന വര്‍ഷം മുതല്‍ അധ്യാപകര്‍ക്കായി ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ പരിശീലനം ആരംഭിക്കും. നിലവില്‍ ഒരു ദിവസമാണ് പരിശീലനം നല്‍കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ക്ക് ഗ്രേഡിങ് സംവിധാനം ആരംഭിക്കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ട്. ഓരോ കുട്ടികളുടെ കാര്യത്തിലും ശ്രദ്ധ നല്‍കാന്‍ അധ്യാപകര്‍ക്ക് കഴിയണം. എന്തെങ്കിലും വിഷയത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിന് അനുയോജ്യമായ പ്രത്യേക പഠനം ഉറപ്പുവരുത്തും. സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് അനിവാര്യമാണ്. എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കും. ഇത് കുട്ടിയുടെയും രക്ഷിതാവിന്റെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു  പി. മമ്മിക്കുട്ടി  എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ കെ പ്രേംകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി, വാദ്യ കലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീധരന്‍ മാസ്റ്റര്‍, ഭക്ഷ്യ കമ്മീഷണല്‍ അംഗം വി. രമേശന്‍, സ്‌കൂള്‍ മാനേജര്‍ മുരളി വള്ളാംകുളം, പ്രധാന അധ്യാപകന്‍ പി. കുഞ്ചുണ്ണി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനവിനിയോഗം വേഗത്തിലാക്കണം:
ജില്ലാ വികസന സമിതി യോഗം

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനവിനിയോഗം വേഗത്തിലാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.  തദ്ദേശ സ്ഥാപനങ്ങളുടെ ധനവിനിയോഗ പുരോഗതി വിലയിരുത്തല്‍, ഹരിതകേരളം, ലൈഫ്-ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാല് മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകന ചെയ്യുന്നതിന് അടിയന്തിര യോഗം ചേരുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതി പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമയബന്ധിതമായി പരിശോധിച്ച് നടപടികള്‍ അറിയിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ വീടിനാവശ്യമായ മൂന്ന് സെന്റ് സ്ഥലം ഇല്ലാത്ത  100 -ലധികം കുടുംബങ്ങളുണ്ടെന്നും മനസ്സോടിത്തിരി  മണ്ണ് ക്യാമ്പയിനില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ ആളുകള്‍ക്ക് ഗുണം ലഭിക്കാന്‍ ക്യാമ്പയിന് പ്രാധാന്യം നല്‍കണമെന്ന് പി.പി സുമോദ് എം.എല്‍.എ ആവശ്യപ്പെട്ടു. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്  ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വിവിധ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ഏറ്റെടുത്ത്  പൂര്‍ത്തിയാക്കുന്നതിന് ഗവ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് യോഗത്തില്‍ അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ അറിയിച്ചു. കാഞ്ഞിരപ്പുഴ-പൂഞ്ചോല ആദിവാസി കോളനിയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവരിലും അരിവാള്‍ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശാന്തകുമാരി എം.എല്‍.എ യോഗത്തില്‍ അറിയിച്ചു.

കുടിവെള്ളം-വൈദ്യുതി എന്നിവ അടിയന്തര ആവശ്യമായി പരിഗണിച്ച് ജില്ലയില്‍ വരള്‍ച്ച- കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തില്‍  ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തികള്‍ മുഖേന വിവിധയിടങ്ങളിലെ കുടിവെള്ള പ്രശനം പരിഹരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ തീപിടുത്തങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും ആളുകള്‍ക്ക് തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ജാഗ്രത നല്‍കാന്‍ ശ്രദ്ധിക്കണമെന്നും യോഗത്തി കെ.ശാന്തകുമാരി എം.എല്‍.എ പറഞ്ഞു.  ചാലിശ്ശേരി-കൈയിലിയാട് പാടശേഖര സമിതിയിലെ പതിനഞ്ചോളം കര്‍ഷകരുടെ 30 ടണ്‍ നെല്ല് സംഭരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഓരോ പഞ്ചായത്തുകളിലും ഫീല്‍ഡ് സ്റ്റാഫുകളെത്തി കര്‍ഷകരെ നേരിട്ട് കണ്ട് നെല്ല് സംഭരിച്ച് സ്ലിപ് കൈമാറുന്നതായും ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ പറഞ്ഞു. നെല്ല് സംഭരണത്തില്‍ പരാതിയില്ലാതെ സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സപ്ലൈകോ മുഖേന നെല്ല് സംഭരിക്കുകയും നെല്ലിന്റെ വില ഇനിയും ലഭിക്കാത്ത കര്‍ഷകര്‍ ആധാര്‍ കാര്‍ഡുമായി കേരള ബാങ്കില്‍ അക്കൗണ്ട് തുടങ്ങണമെന്നും തുക അക്കൗണ്ടുകളിലേക്ക് എത്തുമെന്നും പാഡി മാര്‍ക്കറ്റ് ഓഫീസര്‍ അറിയിച്ചു.

വന്യമൃഗ ശല്യം രൂക്ഷമായി നേരിടുന്ന പ്രദേശങ്ങളില്‍ കൃതൃസമയങ്ങളില്‍ ആര്‍.ആര്‍.ടീ ടീമിന്റെ സേവനം ഉറപ്പാക്കണമെന്ന് രമ്യാ ഹരിദാസ് എം.പിയുടെ പ്രതിനിധി പി.മാധവന്‍ പറഞ്ഞു. പാലക്കാട് റേഞ്ചിലാണ് കൂടുതലായി വന്യമൃഗശല്യമുള്ളതെന്നും ഈ മേഖലയില്‍ കൃഷിനാശം കൂടുതലാണെന്നും പ്രദേശത്ത് 10 കിലോമീറ്റര്‍ പരിധിയില്‍ ഹാങ്ങിംഗ്് ഫെന്‍സിങ് ഉറപ്പാക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് പരിധിയില്‍ ജനങ്ങളുടെ സഹകരണത്തോടെ സോളാര്‍ ഫെന്‍സിങ് പരിപാലനം ഉറപ്പാക്കുന്നുണ്ടെന്നും നാല് ആര്‍.ആര്‍.ടി ടീം പ്രവര്‍ത്തിക്കുന്നതായി മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അറിയിച്ചു. വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ സോളാര്‍ ഫെന്‍സിങ് പരിചരണം നടക്കുന്നതായും ജനജാഗ്രത സമിതികള്‍ കൃത്യമായി ചേരുന്നതായും മണ്ണാര്‍ക്കാട് ഡി.എഫ്.ഒ അറിയിച്ചു. ജില്ലയില്‍ കരിമ്പയില്‍ തേനീച്ച കുത്തി മരണപ്പെട്ട ടാപ്പിങ് തൊഴിലാളിയുടെ കുടുംബത്തിന്  ധനസഹായത്തിനുള്ള നടപടി സ്വീകരിച്ചതായും ഡി.എഫ്.ഒ പറഞ്ഞു. ആര്‍.ആര്‍.ടി ടീമിന്റെ സേവനം കൃത്യമായി ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. ചുള്ളിയാര്‍-മീന്‍കര അണക്കെട്ടുകളില്‍ നിന്നും നീക്കം ചെയ്യുന്ന ചെളി-മണ്ണ് പ്രാദേശിക മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കിയാല്‍ ഉപകാരപ്രദമാകുമെന്ന് യോഗത്തില്‍ രമ്യാ ഹരിദാസ് എം.പിയുടെ പ്രതിനിധി അറിയിച്ചതിനാല്‍ ചെളിനീക്കത്തിന് ടെന്‍ഡര്‍ ചെയ്തിട്ടുള്ളതിനാല്‍ ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍മാരോട് ഇത് സംബന്ധിച്ച് സംസാരിക്കാമെന്ന് എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ.മണികണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

നവകേരളം കര്‍മ്മ പദ്ധതി: ജല സുരക്ഷിക്കായി ജല ബജറ്റ്

സുസ്ഥിര വികസനത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജല സുരക്ഷിക്കായി ജലബജറ്റിന് രൂപം നല്‍കുന്നു. ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യത -വിനിയോഗം അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നും ആദ്യഘട്ടത്തില്‍  തെരഞ്ഞെടുത്തത് ചിറ്റൂര്‍ ബ്ലോക്കിനെയാണ്. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നത്. ജല ബജറ്റിന്റെ വിവരശേഖരണം മാര്‍ച്ച് രണ്ടിന് ആരംഭിക്കുമെന്ന് നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി പറഞ്ഞു.  കുടിവെള്ളം, കാര്‍ഷികം, വ്യവസായം, വിനോദസഞ്ചാരം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ജലം ആവശ്യമാണ.് ഇവ നിറവേറ്റുന്നതിന് വേണ്ടത്ര ജലലഭ്യത ഉറപ്പാക്കാന്‍ വിവിധ ഇടപെടലുകള്‍ ആവശ്യമായി വരുന്നുണ്ട്. അതിന് സഹായകരമായ അടിസ്ഥാന രേഖയാണ് ജലബജറ്റ് വിഭാഗം ചെയ്യുന്നത്. പ്രാദേശിക പ്രത്യേകതകള്‍, സാഹചര്യം, സാധ്യതകള്‍ എന്നിവ ജലബജറ്റ് തയ്യാറാക്കുമ്പോള്‍ വിവര ശേഖരണത്തിന്റെ ഭാഗമാകും. പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്നതിനാണ് ജല ബജറ്റ്.


ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍
ഇന്ന് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും

ഒ.വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ ഇന്ന് (ഫെബ്രുവരി 26) രാവിലെ 10 ന് തസ്രാക്ക് ഒ.വി വിജയന്‍ സ്മാരകത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ വൈശാഖന്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, നോവലിസ്റ്റ് മുണ്ടൂര്‍ സേതുമാധവന്‍, ഒ.വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ്, ഒ.വി വിജയന്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ ആഷാ മേനോന്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ധനരാജ്, പഞ്ചായത്തംഗം അനിത,ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍, പ്രൊഫ.പി.എ. വാസുദേവന്‍, എം.ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

തളിര്‍മിഴി സംസ്ഥാനതല ഉദ്ഘാടനം
ഇന്ന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും

സാംസ്‌കാരിക വകുപ്പ് ഭാരത് ഭവന്‍,വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തളര്‍മിഴി എര്‍ത്ത് ലോര്‍ – 2023 സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 26) വൈകിട്ട് അഞ്ചിന് അട്ടപ്പാടി ചെമ്മണ്ണൂര്‍ മല്ലീശ്വര ക്ഷേത്രമൈതാനത്ത്് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. കേരളീയ ഗോത്ര കലകളുടെ സമഗ്രോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 26,27 തിയതികളില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിഭകളെ ആദരിക്കല്‍, ചിത്രപ്രദര്‍ശനം, പുസ്തകോത്സവം, ചലച്ചിത്ര പ്രദര്‍ശനം, കുടുംബശ്രീ ഭക്ഷ്യമേള, കരകൗശല പ്രദര്‍ശനം  എന്നിവ നടക്കും. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി, മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍, ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ എന്നിവര്‍ വിശിഷ്ടാതിഥികളാവും. ജില്ലാ കലക്ടര്‍ ഡോ. എസ.് ചിത്ര,  സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ ഡി. ധര്‍മ്മലശ്രീ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, ഐ.ടി.ഡി.പി ഓഫീസര്‍ സുരേഷ് കുമാര്‍, വാര്‍ഡംഗം ജോസ് പനക്കാമറ്റം, ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍,  ഭാരത് ഭവന്‍ ഭരണനിര്‍വഹണ സമിതി അംഗം റോബിന്‍ സേവിയര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുക്കും.

സുരക്ഷാ ബോധവത്ക്കരണ സെമിനാര്‍ 
മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

കേരള റെയില്‍വെ പോലീസ്  ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പാലക്കാട് സബ് ഡിവിഷന്‍ തലത്തില്‍ സംഘടിപ്പിക്കുന്ന സഫലമീ യാത്ര സുരക്ഷാ ബോധവത്ക്കരണ സെമിനാര്‍ ഇന്ന് (ഫെബ്രുവരി 26) രാവിലെ 10 ന് ഒലവക്കോട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാ ബോധവത്ക്കരണ സെമിനാര്‍, ലഹരി വിരുദ്ധ പ്രചാരണ പരിപാടി എന്നിവ നടക്കും. ലഹരി വിരുദ്ധ പ്രചാരണ ഉദ്ഘാടനം മണ്ണാര്‍ക്കാട് എസ്.സി,എസ്.ടി സ്പെഷ്യല്‍ കോടതി ജില്ലാ ജഡ്ജ് കെ.എം രതീഷ്‌കുമാര്‍ നിര്‍വഹിക്കും. എ പ്രഭാകരന്‍ എം.എല്‍.എ മുഖ്യാതിഥിയാവും. കോതമംഗലം ട്രാഫിക് പോലീസ് സ്റ്റേഷന്‍ സബ് ്ഇന്‍സ്പെക്ടര്‍ വി.കെ പൗലോസ് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിക്കും. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്,  കേരള റെയില്‍വെ പോലീസ് സൂപ്രണ്ട് കെ.എസ് ഗോപകുമാര്‍, ആര്‍.പി.എഫ് ഡിവിഷന്‍ സെക്യൂരിറ്റി കമ്മീഷണര്‍ അനില്‍കുമാര്‍ എസ്.നായര്‍,  റെയില്‍വേസ് ഡി.വൈ.എസ്.പി കെ.എല്‍ രാധാകൃഷ്ണന്‍, റെയില്‍വെ പോലീസ് ജനമൈത്രി സുരക്ഷാ പദ്ധതി നോഡല്‍ ഓഫീസര്‍ വി.സുഗതന്‍, റെയില്‍വേസ് ഡി.വൈ.എസ്.പി എം.കെ മനോജ് കബീര്‍ എന്നിവര്‍ പങ്കെടുക്കും.

മണിനാദം നാടന്‍ പാട്ട് മത്സരം 28 ന്

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മണിനാദം കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം ഫെബ്രുവരി 28 ന് വൈകിട്ട് നാലിന് കുഴല്‍മന്ദം, കുളവന്‍മുക്ക് ഇ.എം.എസ് പാര്‍ക്കില്‍ നടക്കുമെന്ന് ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. മത്സരം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് ഉദ്ഘാടനം ചെയ്യും.  താത്പര്യമുള്ളവര്‍ 9446108989, 9446142049 നമ്പറുകളില്‍ ബന്ധപ്പെടണം. വിജയിക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 25000,10000,5000 രൂപ സമ്മാനം ലഭിക്കും. ഫോണ്‍-0491- 2505190

error: Content is protected !!