Input your search keywords and press Enter.

കൊല്ലം ജില്ല :അറിയിപ്പുകള്‍

ചൂട് കൂടുന്നു; മുന്‍കരുതലുകളെടുക്കാം

ജില്ലയില്‍ അന്തരീക്ഷതാപം കൂടുതലായി അനുഭവപ്പെടുന്നതിനാല്‍ സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിര്‍ജലീകരണം തടയാന്‍ ഇടയ്ക്കിടെ ശുദ്ധജലം കുടിക്കണം. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്.
സൂര്യാഘാതം ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം.വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ മുതല്‍ അബോധാവസ്ഥ വരെ ഉണ്ടായേക്കാം.
വെയിലേറ്റുള്ള ശരീരശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങള്‍.
കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിലെ ശരീരഭാഗം ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനെ ചികിത്സ ഉറപ്പാക്കണം. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

• ദാഹം തോന്നിയില്ലെങ്കിലും തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം.
• യാത്രാ വേളയില്‍ വെള്ളം കരുതണം.
• കടകള്‍, പാതയോരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍ വയറിളക്കം മുതലായ രോഗങ്ങളുമുണ്ടാകും.
• വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക.
• നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
• കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
• 11 മുതല്‍ മൂന്ന് വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
• പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
• കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
• വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
• ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക.
• ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.
• കട്ടി കൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണം.
• പഴങ്ങളും സാലഡുകളും കഴിക്കുക.
• ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
• ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

ഹരിതവിദ്യാലയം റിയാലിറ്റിഷോ;
രണ്ട് സ്‌കൂളുകള്‍ രണ്ടാം റൗണ്ടില്‍

പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയില്‍ നിന്ന് കടയ്ക്കല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്, ഇരവിപുരം ജി.എല്‍.പി സ്‌കൂളുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് (ഫെബ്രുവരി 28) വരെ സംപ്രേഷണം ചെയ്യുന്ന രണ്ടാം റൗണ്ടില്‍ നിന്നും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രാന്റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടി കൈറ്റ് വിക്ടേഴ്‌സില്‍ തത്സമയം സംപ്രേഷണം ചെയ്യും.

ഒറ്റത്തവണ പരിശോധന
വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.ടി മാത്തമാറ്റിക്‌സ് (കാറ്റഗറി നമ്പര്‍: 383/2020) തസ്തികയിലേക്കുള്ള ഒറ്റത്തവണ പരിശോധന മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മാര്‍ച്ച്  18ന് പീരുമേടും മാര്‍ച്ച്  ഏഴ്, 14, 21 തീയതികളില്‍ പുനലൂരും മറ്റ് പ്രവൃത്തി ദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍
 ശക്തികുളങ്ങര, മുളങ്കാടകം, തിരുമുല്ലവാരം, സിവില്‍ സ്റ്റേഷന്‍, ആശ്രാമം, പള്ളിത്തോട്ടം സെക്ടറുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍  തസ്തികകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി/ തത്തുല്യം പാസായിരിക്കണം. എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അതത് സെക്ടറിലെ സ്ഥിരതാമസക്കാരാകണം. പ്രായപരിധി 18-46 വയസ്.  പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും.   അപേക്ഷയുടെ മാതൃക കൊല്ലം അര്‍ബന്‍-1  ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫീസില്‍ ലഭിക്കും.  മാര്‍ച്ച് 15 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും ഫോണ്‍ – 0474 2767369.

അറിയിപ്പ്
 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) (കാറ്റഗറി നം.397/2021) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷാസമയം മാര്‍ച്ച് നാലിന് രാവിലെ 07.15 മുതല്‍ 09.15 വരെയായി പുന: ക്രമീകരിച്ചു. പുതുക്കിയ പ്രവേശന ടിക്കറ്റ് പ്രൊഫൈലില്‍ ലഭിക്കും.

ബോധവത്കരണ ക്ലാസ്
 ജില്ലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ജയില്‍ അന്തേവാസികള്‍ക്കായി മാനസികാരോഗ്യ ക്ലാസ് നടത്തി. ജില്ലാ ഹോമിയോ ആശുപത്രി റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രിഷ്മ ആര്‍. സുന്ദരം, കരുനാഗപ്പളളി ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ:  രാജീവ് എബ്രഹാം, സൈക്കോളജിസ്റ്റ് എസ്.സിസിലി  എന്നിവര്‍ ക്ലാസ് നയിച്ചു.    ജയില്‍ സൂപ്രണ്ട് കെ.ബി ആന്‍സര്‍ അധ്യക്ഷനായി.

അപേക്ഷ ക്ഷണിച്ചു
 കൊട്ടാരക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് (ഡി.സി.എം) ട്രേഡിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. 2023 ഫെബ്രുവരി ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാഫോം  ഐ.ടി.ഐയില്‍ ലഭിക്കും. ഫീസ് 100 രൂപ. മാര്‍ച്ച് നാല് വൈകിട്ട് അഞ്ചിനകം    സമര്‍പ്പിക്കണം.  ഫോണ്‍ -8589898962, 9846151869, 7012332456.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍
തൃക്കടവൂര്‍ സോണല്‍, പെരിനാട്  ഗ്രാമപഞ്ചായത്തുകളിലെ  അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍  തസ്തികകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി/ തത്തുല്യം പാസായിരിക്കണം. എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.  അതത് പഞ്ചായത്ത് പരിധിയിലെ താമസക്കാരാകണം. തൃക്കടവൂര്‍ സോണലില്‍ 2020 ല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18-46 വയസ്.  പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും.   അപേക്ഷയുടെ മാതൃക അഞ്ചാലുംമൂട് ഐ.സി.ഡിഎസ് പ്രൊജക്ട് ഓഫീസ്, തൃക്കടവൂര്‍ സോണല്‍, പെരിനാട്  ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും. മാര്‍ച്ച് 15 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.  ഫോണ്‍ – 0474 2551311.

ഡെപ്യൂട്ടേഷന്‍ നിയമനം
കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ ഒരു യു.ഡി.ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നു.  യു.ഡി.ക്ലാര്‍ക്കുമാര്‍ക്കും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സര്‍വീസും ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് യോഗ്യത നേടിയവരുമായ എല്‍.ഡി.ക്ലര്‍ക്കുമാര്‍ക്കും അപേക്ഷിക്കാം.  ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം.  അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന മാര്‍ച്ച് ഏഴിനകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശൂര്‍-680020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2333773.

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം
    കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.   മാര്‍ച്ച്  ആറ്  മുതല്‍ 14  വരെ കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.റ്റി ഉള്‍പ്പെടെ 4,130 രൂപയാണ് ഫീസ്.  www.kied.info -ല്‍ ഓണ്‍ലൈനായി മാര്‍ച്ച് മൂന്നിനകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890/ 2550322/ 9605542061.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ 12-ാമത് തിരു-കൊച്ചി സാഹിത്യ ശാസ്ത്രീയ, ധാര്‍മ്മിക സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനകളില്‍ (സാംസ്‌കാരിക സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസ്സോസിയേഷന്‍) യഥാസമയം രേഖകള്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് പിഴത്തുകയില്‍ ഇളവ് നല്‍കാനുള്ള  ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആരംഭിച്ചു. 2023 മാര്‍ച്ച് 31 വരെ ഇളവോടെ വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാം. വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), കൊല്ലം. ഫോണ്‍ : 0474-2793402.

error: Content is protected !!