ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തിൽ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊങ്കാല ദിവസത്തിൽ ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെ രാവിലെ 5 മണി മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കുന്നതാണ്. ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖാന്തിരമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ആംബുലൻസ് എന്നിവ ഉൾപ്പെടെ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി രണ്ട് വിതം പീഡിയാട്രീഷ്യൻമാരുടേയും, സ്റ്റാഫ് നഴ്സുമാരുടേയും മുഴുവൻ സമയ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ആയുഷ് വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട 8 പേരുടെ സേവനം ലഭ്യമാക്കി. പൊങ്കാലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് നഗര പരിധിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ആവശ്യമായ സജ്ജീകരണങ്ങൾ ക്രമീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, കനിവ് 108, കോർപറേഷൻ, ഐഎംഎ, സ്വകാര്യ ആശുപത്രികൾ, ഫയർ ഫോഴ്സ് എന്നിവിടങ്ങളിൽ നിന്നുള്ള 35 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ ആബുലൻസുകളിലും ഡോക്ടർമാർ ഉൾപ്പെടയുള്ളവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.