തീ അണയ്ക്കാനുള്ള ശ്രമം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ പുരോഗമിക്കുന്നത്. അതേസമയം പുക നിയന്ത്രണവിധേയമാക്കുവാന്‍ കഴിയാത്തതിനാല്‍ ബ്രഹ്‌മപുരത്തിനും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഞായറാഴ്ച കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിയുന്നതും വീടുകളില്‍ തന്നെ കഴിയണം. കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണിത്.
ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില് പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തല് നിയന്ത്രണവിധേയം. ആളിക്കത്തല് നിയന്ത്രിക്കാന് കഴിഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിനടിയില് നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. അത് പൂര്ണ്ണമായി നിയന്ത്രിക്കുന്നതിനുള്ള ഊര്ജിത ശ്രമങ്ങള് തുടരുകയാണ്. കൂടുതല് ഫയര് യുണിറ്റുകള് സജ്ജമാക്കും.
ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില് ഉന്നതതല യോഗം ചേര്ന്നു. അഗ്‌നിബാധയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര് അന്വേഷിച്ച് റിപ്പോര്ട്ട് നല്കാനും ചീഫ് സെക്രട്ടറി നിര്ദേശിച്ചു.
മാലിന്യക്കൂമ്പാരത്തിന്റെ തീപിടിച്ച ഭാഗത്തെ ആറു മേഖലകളായി തിരിച്ചുകൊണ്ടുള്ള തീയണയ്ക്കല് സമീപനമാണ് നടത്തുന്നത്. ഇതില് നാല് മേഖലകളിലെ തീയണയ്ക്കുന്നതിന് അഗ്നിരക്ഷാ സേനാ യുണിറ്റുകളും ബാക്കി സ്ഥലങ്ങളില് നേവി, കൊച്ചിന് റിഫൈനറി എന്നിവയുടെ യുണിറ്റുകളുമാണ് ഉപയോഗിക്കുന്നത്. ഈ രീതിയില് മേഖല തിരിച്ചുള്ള തീയണയ്ക്കല് തുടരുന്നതാണ് അഭികാമ്യമെന്ന് ഉന്നതതലയോഗം നിര്ദേശിച്ചു.
നിലവിലുള്ള 27 യൂണിറ്റുകള്ക്ക് പുറമേ കൊച്ചിന് പോര്ട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും അധിക യൂണിറ്റുകളെ ഞായറാഴ്ച്ച വിന്യസിക്കും. സമീപത്തെ പുഴയില് നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ആലപ്പുഴ ജില്ലയില് നിന്ന് രണ്ടു വലിയ പമ്പുകള് എത്തിക്കും. ചെറിയ ഡീസല് പമ്പുകള് ലഭ്യമാക്കാനും തീരുമാനിച്ചു. അതേസമയം കാറ്റിന്റെ ദിശ മാറി മാറി വരുന്നത് യുണിറ്റുകളുടെ പ്രവര്ത്തനത്തെ ബാധിക്കുന്നുണ്ട്. ഇത്തരത്തില് കാറ്റ് വീശുന്നത് മാലിന്യക്കൂമ്പാരത്തില് നിന്ന് പുക കൂടുതലായി ഉയരുന്നതിനും കാരണമാകുന്നുണ്ട്.
നേരത്തേ നേവിയുടെ ഹെലികോപ്ടറില് നിന്ന് വെള്ളം സ്‌പ്രേ ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കിയിരുന്നു. എന്നാല് ഇത് തുടക്കത്തില് ഫലപ്രദമായിരുന്നെങ്കിലും പുക ഉയരുന്നതിനാല് അഗ്നിസേനാ വിഭാഗത്തിന് താഴെ നിന്ന് പ്രവര്ത്തിക്കാന് കഴിയാതെ വന്നു. അതിനാല് ഹെലികോപ്ടറിലെ വെള്ളമുപയോഗിച്ചുള്ള തീയണയ്ക്കല് തല്ക്കാലം നിര്ത്തിവച്ചിരിക്കുകയാണ്. ആവശ്യമെങ്കില് ഉപയോഗിക്കും.
സമീപവാസികള്ക്കോ തീയണയ്ക്കുന്ന ജീവനക്കാര്ക്കോ ആരോഗ്യപ്രശ്നങ്ങളുണ്ടായാല് ചികിത്സ തേടുന്നതിന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളും ജനറല് ആശുപത്രി ഉള്പ്പടെയുള്ളവയും സജ്ജമാക്കാന് ജില്ലാ മെഡിക്കല് ഓഫീസര്ക്ക് നിര്ദേശം നല്കി. കൂടാതെ ബ്രഹ്‌മപുരത്ത് ഓക്സിജന് കിയോസ്‌കും ആരംഭിക്കും. ഇതുവരെ കാര്യമായ ആരോഗ്യപ്രശ്നങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടില്ല. മുന്കരുതലിന്റെ ഭാഗമായാണ് നടപടി.