വിമുക്തി മിഷന്‍; ഉണര്‍വ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും
കായിക ഉപകരണങ്ങളുടെ വിതരണവും മാര്‍ച്ച് 7 ന്
കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായ ഉണര്‍വ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 362300 രൂപയുടെ കായിക ഉപകരണങ്ങള്‍ കോന്നി ഗവ.എച്ച്എസ്എസ്ന് ലഭിക്കും . മാര്‍ച്ച് ഏഴിന് രാവിലെ 11 ന് കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ കോന്നി എംഎല്‍എ അഡ്വ.കെയു ജനീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ മുഖ്യാതിഥി ആവും.
ജില്ലാ ശുചിത്വ മിഷന്‍ യോഗം മാര്‍ച്ച് 9 ന്
ജലജീവന്‍ മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വ മിഷന്‍ സമിതി യോഗം മാര്‍ച്ച് ഒന്‍പതിന് പകല്‍ മൂന്നിന് ഓണ്‍ലൈനായി ചേരും.
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര വ്യവസായികളും സേവന ദാതാക്കളും 2023-24 സാമ്പത്തിക വര്‍ഷത്തേക്കുളള എഫ്റ്റിഇ ആന്റ് ഒഎസ് ലൈസന്‍സ് അപേക്ഷകള്‍ ഈ മാസം 31 ന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. 2022-23 ഒന്നും രണ്ടും അര്‍ദ്ധ വര്‍ഷത്തിലെ തൊഴില്‍ നികുതി, സ്ഥാപന നികുതി, കെട്ടിട നികുതി, വാടകകള്‍,ഫീസുകള്‍ എന്നിവ മാര്‍ച്ച് 31 ന് മുമ്പായി ഒടുക്കു വരുത്തി നിയമനടപടികളില്‍ നിന്നും ഒഴിവാകണമെന്നും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഫോണ്‍ : 04734 285225.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളി രജിസ്ട്രേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വിവിധ ട്രേഡ് യൂണിയനുകള്‍, സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ അംഗത്വ വിതരണവും ബോധവല്‍കരണ ക്യാമ്പയിനുകളും നടന്നുവരുന്നതായി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു. 2022 ല്‍ 50000 ല്‍ പരം തൊഴിലാളികള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷം നൂറുകോടിയില്‍പരം രൂപയുടെ ആനുകൂല്യം വിതരണം ചെയ്തിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. ക്ഷേമനിധിയില്‍ അംഗമായതിനു ശേഷം കുടിശിക വരുത്തിയിട്ടുളള തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കു വരുത്തുന്നതിന് ഈ മാസം 31 വരെ സമയം നല്‍കിയിട്ടുണ്ട്. പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശിക വരുത്തിയിട്ടുളള വാഹന ഉടമകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി തുക ഒടുക്കു വരുത്താം. കലാകായിക അക്കാദമിക് രംഗങ്ങളില്‍ മികവ് തെളിയിച്ച, പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് ദേശീയ തലത്തില്‍ മൂന്ന് ഗ്രാം സ്വര്‍ണ പതക്കവും സംസ്ഥാന തലത്തില്‍ രണ്ട് ഗ്രാം സ്വര്‍ണ പതക്കവും നല്‍കുമെന്നും ,പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി ലാപ്ടോപ്പ് വിതരണം ചെയ്യുവാനും ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.
പിഡബ്ല്യൂഡി പുറമ്പോക്കിലുളള ചമയങ്ങളും മറ്റും നീക്കം ചെയ്യണം
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പുനലൂര്‍ മുതല്‍ കോന്നി വരെയുളള റോഡിന്റെ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തും, പിഡബ്ല്യൂഡി പുറമ്പോക്കിലുമുളള എല്ലാവിധ നിര്‍മാണങ്ങളും ചമയങ്ങളും മറ്റ് സാധന സാമഗ്രികളും അഞ്ച് ദിവസത്തിനകം ഉടമസ്ഥര്‍ സ്വന്തം ചെലവില്‍ നീക്കണം. അല്ലാത്ത പക്ഷം ഇനിയൊരറിയിപ്പ് കൂടാതെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആയത് നീക്കം ചെയ്യുന്നതും അതിന്മേല്‍ വരുന്ന യാതൊരുവിധ കഷ്ടനഷ്ടങ്ങള്‍ക്കും പിഡബ്ല്യൂഡി ഉത്തരവാദിയായിരിക്കുന്നതുമല്ല എന്നും കെറ്റിപിഡി പൊന്‍കുന്നം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
എസ്.റ്റി പ്രൊമോട്ടര്‍ കൂടിക്കാഴ്ച മാര്‍ച്ച് 9 ന്
വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിയ്ക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിയ്ക്കുന്നതിന് അട്ടത്തോട് പടിഞ്ഞാറേക്കര , കിഴക്കേക്കര എന്നിവിടങ്ങളില്‍ നിലവിലുള്ള ഒഴിവിലേയ്ക്കും, പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്കും എസ്.റ്റി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒന്‍പതിന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തും. അട്ടത്തോട് പടിഞ്ഞറേക്കര , കിഴക്കേക്കര എന്നിവിടങ്ങളില്‍ സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മദ്ധ്യേ പ്രായപരിധി ഉള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.അട്ടത്തോട് നിവാസികളായിട്ടുള്ള അപേക്ഷകര്‍ക്ക് നിലവിലെ ഒഴിവില്‍ മുന്‍ഗണന നല്‍കും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 04735 227703.
ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ : ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും, എട്ടാം ക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂര്‍ത്തീകരിച്ചവരും ആയിരിക്കണം.യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ മാര്‍ച്ച് ഏഴിന് വൈകുന്നേരം അഞ്ചിന് മുന്‍പ് ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.
ഫോണ്‍ : 04735 256577.