Input your search keywords and press Enter.

കൊല്ലം ജില്ലയിലെ അറിയിപ്പുകള്‍ ,വാര്‍ത്തകള്‍

ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, ഇ എസ് ഐ കോടതികള്‍ നവീകരിച്ചു
കാലതാമസം ഇല്ലാതെ തീര്‍പ്പ് കല്പിക്കുക പ്രധാനം: മന്ത്രി വി ശിവന്‍കുട്ടി
വ്യവഹാരങ്ങളില്‍ കാലതാമസം ഇല്ലാതെ സമയബന്ധിതമായി തീര്‍പ്പ് കല്പ്പിക്കുന്നതില്‍ അധികശ്രമം ഉണ്ടാകണമെന്ന് തൊഴില്‍ – വിദ്യാഭ്യാസ  മന്ത്രി വി ശിവന്‍കുട്ടി. ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, ഇ എസ് ഐ കോടതിയുടെ നവീകരിച്ച കോര്‍ട്ട് ഹാള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്. കേസുകളുടെ ആധിക്യം കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കരുത്. അതിനാല്‍   അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണ്. തൊഴില്‍-തൊഴിലുടമ തര്‍ക്കങ്ങള്‍ നീതിപൂര്‍വം പരിഹരിക്കണമെന്നും  നിയമത്തിനൊപ്പം മാനുഷിക മൂല്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും  മന്ത്രി ഓര്‍മിപ്പിച്ചു.
പൊതുജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത്  പ്രധാനമാണെന്ന് പരിപാടിയില്‍ അധ്യക്ഷനായ എം നൗഷാദ് എം എല്‍ എ പറഞ്ഞു.
പബ്ലിക് യൂട്ടിലിറ്റി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച  ശീതീകരിച്ച കോടതി മുറിയാണ് ജില്ലയിലേത്.
ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം ബി  സ്‌നേഹലത, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഓച്ചിറ എന്‍ അനില്‍കുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം എസ് മുനീര്‍, ബാര്‍ കൗണ്‍സില്‍ ഓഫ് കേരള അംഗങ്ങളായ ഇ ഷാനവാസ് ഖാന്‍, പി സജീവ് ബാബു, പുനലൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷൈജു ലൂക്കോസ്, അഭിഭാഷകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലോക പൊണ്ണത്തടി ദിനം ആചരിച്ചു
ലോക പൊണ്ണത്തടി ദിനത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയും എന്‍ സി ഡി യും  സംയുക്തമായി   ആരോഗ്യകരമായ ഭക്ഷണപ്രദര്‍ശനം നടത്തി.    ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങള്‍  ആരോഗ്യപരമായ ഭക്ഷണങ്ങളുടെ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തു.
മുതിരത്തോരന്‍, തഴുതാമ ചമന്തി, ചെറുപയര്‍ ദോശ, ഓഡ്‌സ് ദോശ, ചാമ ദോശ, കുവരവ് ഓഡ്‌സ് ദോശ, റാഗി കിണ്ണത്തപ്പം, റാഗി ഇഡിയപ്പം, ബനാന ഇഡിയപ്പം, വിവിധയിനം പച്ചക്കറി സാലഡ്, പച്ചക്കറി പുട്ട്, വിവിധ ഹെല്‍ത്ത് ജൂസ്, ചാമ ലഡു, കോണ്‍ഫ്‌ളെകെസ് പുട്ട്, ചോളപുട്ട്, ആവിയില്‍ പുഴുങ്ങിയ ഭക്ഷണങ്ങളുമായി പ്രദര്‍ശനം വ്യത്യസ്തമായി. ഇതോടൊപ്പം എല്ലാവരുടെയും മെറ്റബോളിക് ഏജ് പരിശോധന നടത്തി.  പൊതുജനങ്ങള്‍, ജീവനക്കാര്‍, നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിച്ച് ഹോട്ടലിലെ ചീഫ്, ഷെഫ് ഇനങ്ങള്‍ വിലയിരുത്തി.

രാഷ്ട്രാന്തര വനിതാദിനം മാര്‍ച്ച് എട്ടിന്
 രാഷ്ട്രാന്തര വനിതാ ദിനം ജില്ലാതല പരിപാടികള്‍ മാര്‍ച്ച് എട്ടിന് രാവിലെ ഒന്‍പത്  മുതല്‍ ഉച്ചക്ക് രണ്ട് വരെ   എസ് എന്‍ കോളജ് (മെന്‍സ്) ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍  നടത്തും.  ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും എന്നതാണ് വനിതാ ദിന പരിപാടിയുടെ  സന്ദേശം.     മേയര്‍, ജില്ലാ കളക്ടര്‍, പോലീസ് കമ്മീഷണര്‍, വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങി മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കും. കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്‌സണ്മാര്‍, വനിത സംഘടന പ്രതിനിധികള്‍, വനിത ജനപ്രതിനിധികള്‍, സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലെ താമസക്കാര്‍ എന്നിവര്‍ പങ്കെടുക്കും.

  താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
 ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ആവശ്യമായ മരുന്നുകള്‍ ഔഷധി മുഖേന ലഭ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു.  കിഴക്കേകല്ലട കൃഷി ആഫീസറെ നിയമിക്കുക,  മണ്‍ട്രോതുരുത്ത്- ശിങ്കാരപ്പള്ളി- വെള്ളിമണ്‍ കെ എസ് ആര്‍ ടി സി  സര്‍വീസുകള്‍ രാവിലെയും വൈകിട്ടും എങ്കിലും സര്‍വീസ് നടത്തുക, മുളങ്കാടകം-പോളയത്തോട് ശ്മശാനങ്ങള്‍ സംരക്ഷിക്കുക എന്നിവയും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
തടത്തിവിള രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, ഈച്ചം വീട്ടില്‍ നവാസ് മുഹമ്മദ്, ജി ഗോപകുമാര്‍, അയത്തില്‍ അപ്പുകുട്ടന്‍, എം സിറാജുദീന്‍, കരിക്കോട് ജമീര്‍ലാല്‍ എച്ച് ഫസലുദീന്‍ ഹാജി, തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

ഓംബുഡ്‌സ്മാന്‍ സിറ്റിങ്
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്റെ സിറ്റിങ്  മാര്‍ച്ച് എട്ടിന് രാവിലെ 11 മുതല്‍ 12 വരെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. തൊഴിലുറപ്പ് പദ്ധതിയുമായും പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍)മായും ബന്ധപ്പെട്ട   പരാതികള്‍ നേരിട്ടോ സയീദ് എ, ഓംബുഡ്‌സ്മാന്‍, എം ജി എന്‍ ആര്‍ ഇ ജി എസ്, കളക്ട്രേറ്റ്, കൊല്ലം മേല്‍വിലാസത്തിലോ 9995491934 ഫോണ്‍ നമ്പറിലോ  [email protected]  ഇ-മെയില്‍ വിലാസത്തിലോ നല്‍കാം.


 എല്‍ ബി എസ് കൊല്ലം മേഖലാ കേന്ദ്രത്തില്‍  സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്വെയര്‍) -ഡി സി എ (എസ്) കോഴ്സുകളിലേക്ക് ഒണ്‍ലൈനായി അപേക്ഷിക്കാം. എസ് സി/എസ് ടി/ഒ ഇ സി വിഭാഗങ്ങള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. അവസാന തീയതി മാര്‍ച്ച് എട്ട്. വിവരങ്ങള്‍ക്ക് http://lbscentre.kerala.gov.in, ഫോണ്‍-  0474 2970780.

അറിയിപ്പ്
 കൊല്ലം സര്‍ക്കാര്‍  ബി ടി സിയില്‍ 2014 മുതല്‍ പ്രവേശനം നേടിയ  ട്രെയിനികളുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട് തിരുത്തല്‍   എം ഐ എസ്  ഗ്രിവന്‍സ് പോര്‍ട്ടല്‍ മുഖേന നടത്താം. വിവരങ്ങള്‍ക്ക് ബി ടി സി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0474-2713099.

സര്‍ട്ടിഫിക്കറ്റ് തിരുത്താം
മനയില്‍കുളങ്ങര വനിതാ  ഐ ടി ഐയില്‍ നിന്നും 2014 മുതല്‍ എന്‍ സി വി ടി- എം ഐ എസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റില്‍ (ഇ-എന്‍ ടി സി) തിരുത്തല്‍ ആവശ്യമുള്ളവര്‍ക്ക് എം ഐ എസ് പോര്‍ട്ടല്‍ മുഖേന നടത്താം. ഫോണ്‍: 0474-2793714.

ലേലം
 പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലുള്ള പൊരീക്കല്‍ മാര്‍ക്കറ്റിലെ ഗേറ്റ് ഫീസ് പിരിവ്, കോഴിയിറച്ചി വ്യാപാരം നടത്തുന്നതിനുളള അവകാശം, കൈതക്കോട് പ്ലാമുക്ക്, ആലയ്ക്കല്‍ ജങ്ഷനുകള്‍, പബ്ലിക് മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സ്വന്തമായി സ്റ്റാള്‍ കെട്ടി മാട്ടിറച്ചി വ്യാപാരം നടത്തുന്നതിനുളള അവകാശം എന്നിവ മാര്‍ച്ച് ആറിന് രാവിലെ 11 ന്  പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. ഫോണ്‍: 0474 2415526.

ഗതാഗത നിയന്ത്രണം
 തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തലിന്റെ ഭാഗമായി കൊല്ലം കോര്‍പ്പറേഷന്‍ 13-ാം ഡിവിഷനിലെ  ആല്‍ത്തറമൂട് മുതല്‍ ലക്ഷ്മിനട വരെയുള്ള പ്രധാന പാതയില്‍ മാര്‍ച്ച് ആറിന് അറ്റകുറ്റപണികള്‍ ആരംഭിക്കുന്നതിനാല്‍  ഈ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഹാര്‍ബര്‍ എഞ്ചിനിയറിങ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ 0474 2742416.

നീന്തല്‍ പരീക്ഷ
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ ഫയര്‍ വുമണ്‍  (ട്രെയിനി)  (കാറ്റഗറി നമ്പര്‍ 245/2020) തസ്തികയുടെ നീന്തല്‍ പരീക്ഷ മാര്‍ച്ച് 10ന്  തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് ഹബ് സ്വിമ്മിങ് പൂളില്‍  നടത്തും. പ്രവേശന ടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, നീന്തല്‍ പരീക്ഷയ്ക്ക്  പങ്കെടുക്കുന്ന തിനാവശ്യമായ വസ്ത്രങ്ങള്‍ എന്നിവ സഹിതം നിശ്ചിത സമയത്ത് പരീക്ഷാകേന്ദ്രത്തില്‍ എത്തണം. എസ് എം എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം നാളെ (മാര്‍ച്ച് ആറിന് ) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

റാങ്ക് പട്ടിക റദ്ദാക്കി
കേരള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് രണ്ട്   (കാറ്റഗറി നമ്പര്‍ 192/16) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കി.

അറിയിപ്പ്
2018 മുതല്‍ എന്‍ സി വി ടി എം ഐ എസ് പ്രകാരം  തേവലക്കര ഐ ടി ഐയില്‍ പ്രവേശനം നേടിയ ട്രെയിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍   തിരുത്തുണ്ടെങ്കില്‍   ഐ ടി ഐയുമായി ബന്ധപ്പെടണം. ഫോണ്‍: 0476 2835221.

error: Content is protected !!