പത്തനംതിട്ട : കഴിഞ്ഞ വ്യാഴാഴ്ച്ച വെട്ടൂരിലെ വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് വഴിയിലിറക്കിവിട്ട സംഭവത്തിൽ പ്രധാനപ്രതികളെ പോലീസ് കുടുക്കിയത് പഴുതടച്ച അന്വേഷണത്തിലൂടെ.
ബാബുക്കുട്ടൻ എന്ന് വിളിക്കുന്ന അജേഷ് കുമാറിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികളായ സഹോദരങ്ങളെ ശനിയാഴ്ച്ച രാത്രി 11.30 നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കോഴിക്കോട് കോട്ടൂളി പുതിയറ നടാപ്പുന്നം വീട്ടിൽ അശോക് കുമാറിന്റെ മക്കളായ അക്ഷയ് വി എ (32), അശ്വിൻ (35) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതി അക്ഷ യുടെ ബന്ധുവീട്ടിലെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത് അജേഷ് കുമാറാണ്. ആ കാലയളവിലെടുത്ത ബന്ധുവിന്റെ ഫോട്ടോകളും വീഡിയോകളും കൈവശമുണ്ടെന്നു കാട്ടി അജേഷ് നിരന്തരം ഭീഷണിപ്പെടുത്തി.
വർഷങ്ങളായി ഇക്കാരണത്താൽ മാനസിക ബുദ്ധിമുട്ട് അനുഭവിച്ച ബന്ധു വിവരമറിയിച്ചതുപ്രകാരം അക്ഷയ്, ജ്യേഷ്ഠൻ അശ്വിനും സുഹൃത്ത് മനുവും മറ്റ് രണ്ടുപേരുമായി അജേഷിന്റെ വീട്ടിലെത്തി ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. മനുവാണ് ഇന്നോവ കാർ ഓടിച്ചിരുന്നത്.അജേഷിന്റെ മാതാപിതാക്കൾ തടഞ്ഞെങ്കിലും അവരെ ഉപദ്രവിക്കുകയും, മാതാവിനെ കാറിൽ കയറ്റി ഉപദ്രവിച്ചശേഷം അല്പദൂരം കഴിഞ്ഞു ഇറക്കിവിടുകയും ചെയ്തു.
മലയാലപ്പുഴ എസ് ഐ അനീഷ്, മാതാവ് ശ്രീലതയിൽ നിന്നും മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം വിവിധ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ തന്ത്രപരമായ നീക്കത്തിൽ പ്രധാന പ്രതികൾ കോഴിക്കോട് കുടുങ്ങുകയാണുണ്ടായത്.
ഇന്നോവ കാർ എറണാകുളം പട്ടിമറ്റത്തുവച്ച് പ്രതികൾ മാറി. സുഹൃത്തിന്റെ എർട്ടിഗ കാർ അശ്വിനാണ് എടുത്തുകൊണ്ടുവന്നത്. വണ്ടി മാറിക്കയറുമ്പോൾ ബേസ് ബാൾ സ്റ്റിക്കുകൊണ്ട് അജേഷിനെ ക്രൂരമായി മർദ്ദിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ സംഘം തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം ഇയാളെ ഇറക്കിയശേഷം, ടാക്സിയിൽ കയറ്റി വിടുകയായിരുന്നു. തുടർന്ന്, ടാക്സി ഡ്രൈവറുമായി പോലീസ് ബന്ധപ്പെടുകയും, അജേഷിനെ കാലടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. അവിടെ നിന്നും പിന്നീട് പത്തനംതിട്ടയിൽ എത്തിക്കുകയായിരുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ കൂടി ചേർത്ത് പുരോഗമിക്കുന്ന അന്വേഷണത്തിൽ ബാക്കിയുള്ള മൂന്ന് പ്രതികൾ കൂടി ഉടനടി കുടുങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അജേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പ്രതികളെ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുകയും, തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു. അജേഷിന്റെ ഉപയോഗത്തിലുള്ള രണ്ടു ഫോണുകളും ശാസ്ത്രീയ പരിശോധനക്കയച്ചിട്ടുണ്ട്.പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും, ആയുധവും കണ്ടെത്തേണ്ടതായുണ്ട്. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ കെ എസ് വിജയൻ, എസ് ഐമാരായ ടി അനീഷ്, ഷെമി മോൾ, പത്തനംതിട്ട എസ് ഐ എസ് ജിനു, സി പി ഓമാരായ ഹരികൃഷ്ണൻ, സുധീഷ് സുകേഷ്, ജയകൃഷ്ണൻ, സജിൻ, ഉമേഷ് കുമാർ എന്നിവരാണുള്ളത്.