Input your search keywords and press Enter.

പാലക്കാട് : ജില്ലാ അറിയിപ്പുകള്‍

എസ്.എസ്.എല്‍.സി പരീക്ഷ ഒന്‍പതിന്
ജില്ലയില്‍ 39239 പേര്‍ പരീക്ഷ എഴുതും.

മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍  ജില്ലയില്‍ നിന്നുള്ള 39,239 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി മനോജ്കുമാര്‍ അറിയിച്ചു. ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്രയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. 19314 പെണ്‍കുട്ടികളും 19925 ആണ്‍കുട്ടികളുമാണ് ജില്ലയില്‍  ഈ വര്‍ഷം പരീക്ഷ എഴുതുന്നത്. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളായ  മണ്ണാര്‍ക്കാട് – 9078, ഒറ്റപ്പാലം – 12298, പാലക്കാട് – 17863 വിദ്യാര്‍ത്ഥികളാണ്  പരീക്ഷയെഴുതുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍  പരീക്ഷ എഴുതുന്നത്  കൊടുവായൂര്‍ ഗവ.ഹൈസ്‌കൂളിലാണ്.  776 കുട്ടികളാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തുക.  ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് യാക്കര ഗവ ഹൈസ്‌കൂള്‍ – ഒറ്റപ്പാലം ഗവ. ഡഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ്. ആറ് കുട്ടികള്‍ വീതമാണ് ഇവിടെ പരീക്ഷ എഴുതുക. സ്വകാര്യ സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് പള്ളിപ്പുറം പരുതൂര്‍ ഹൈസ്‌കൂളിലും 876, ഏറ്റവും കുറവ് കുട്ടികള്‍ ഒറ്റപ്പാലം എം.എം.എന്‍.എസ്.എസ്.ഇ ഹൈസ്‌കൂളിലുമാണ്. ഒരു വിദ്യാര്‍ത്ഥിയാണ് ഇവിടെ പരീക്ഷ എഴുതുക. പരീക്ഷക്ക് മുന്നോടിയായി എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. മൂന്ന് വിദ്യാഭ്യാസ ജില്ലയ്ക്കുള്ള ചോദ്യപേപ്പറുകള്‍ സ്റ്റോറേജ് കേന്ദ്രങ്ങളില്‍ സൂക്ഷിച്ചതായും പരീക്ഷാ ദിവസം പോലീസിന്റെ സുരക്ഷയോടെ വിദ്യാലയങ്ങളില്‍ ചോദ്യപേപ്പറുകള്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സ്‌കൂളുകളില്‍ കുടിവെള്ളം ഏര്‍പ്പെടുത്തും.  വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ കൃത്യസമയത്ത് എത്തുന്നതിന് വാഹന സൗകര്യം ഉറപ്പാക്കാന്‍ ആര്‍.ടി.ഒക്ക് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.  പട്ടികവര്‍ഗ്ഗ-പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എം.ആര്‍.എസ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ എല്ലാവരും പരീക്ഷ എഴുതുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എം.ആര്‍.എസ് ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്കും മേഖലയിലെ പ്രമോട്ടര്‍മാര്‍ക്കും ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പരീക്ഷാ തയ്യാറെടുപ്പിനുള്ള  മുന്‍കരുതലുകള്‍ സ്വീകരിച്ചതായും പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

സൂര്യാഘാതം: വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണം: ജില്ലാ കലക്ടര്‍

സൂര്യാഘാതത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര അറിയിച്ചു. ജില്ലയില്‍ ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  വിദ്യാര്‍ഥികള്‍ വെയിലത്ത് നില്‍ക്കരുത്. സൂര്യാഘാതം ഏല്‍ക്കാതെ ശ്രദ്ധിക്കണം. പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യത്തിന് വെള്ളം കരുതണം. കുട കൈയ്യില്‍ കരുതണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്ന് ജില്ലാ കലക്ടര്‍

എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കലക്ടര്‍ ഡോ എസ്. ചിത്ര ആശംസകള്‍ നേര്‍ന്നു. പരീക്ഷ പേടി വേണ്ടെന്നും  ആത്മവിശ്വാസത്തോടെ പരീക്ഷ നേരിടണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

ലഹരി വിരുദ്ധ ബോധവത്കരണം
‘കൊഗല്- 2023 ‘ ആട്ടവും പാട്ടും സംഘടിപ്പിച്ചു

എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഭാഗമായി മയക്ക് മരുന്നിന്റെ ഉപയോഗവും വ്യാപനവും തടയുകയെന്ന ലക്ഷ്യത്തോടെ അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ കലാപരമായ കഴിവ് പ്രോസാഹിപ്പിക്കുന്നതിനും ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച സന്ദേശം എത്തിക്കുന്നതിനും അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ‘ കൊഗല് – 2023 ‘ ആട്ടവും പാട്ടും, കുമ്മി ഗോത്ര പാട്ട് മത്സരം, മെഡിക്കല്‍ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ബോധവത്കരണ പരിപാടിയില്‍ 200 ഓളം പേര്‍ പങ്കെടുത്തു. അട്ടപ്പാടി മേഖലയെക്കുറിച്ച്  പഠിക്കാന്‍ എത്തിയ വിവിധ യൂണിവേഴ്‌സിറ്റികളിലെ ബി.എസ് ഡബ്യു, എം.എസ്.ഡബ്യു വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഗീത നാടകം ശ്രദ്ധേയമായി. കോട്ടത്തറ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയുടെ നേത്യത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ വിവിധ ഊരുകളില്‍ നിന്നുള്ള 50 ഓളം പേര്‍ ചികിത്സ തേടി. അഗളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി അഗളി ഗ്രാമപഞ്ചായത്ത് വാര്‍ഡ്  അംഗം മിനി.ജി കുറുപ്പ് ഉദ്ഘാടനം ചെയ്തു.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ബിനു അധ്യക്ഷനായ പരിപാടിയില്‍  ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. സന്തോഷ്, കോട്ടത്തറ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രി സൂപ്രണ്ട്  ഡോ. എം.എസ് പത്മനാഭന്‍, അഗളി റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.രജിത്ത്, പ്രിവന്റീവ് ഓഫീസര്‍ ക്യഷ്മ ദാസ് പി.കെ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് മുഹമ്മദ് മുസ്തഫ, എ. ഷാജി കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഫൈസല്‍ റഹ്‌മാന്‍, മുഹമ്മദ് റിയാസ്, ഷിനോജ് കെ, എ.കെ രജീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്മിത,  സംഗീത, രഞ്ചു, ആതിര, അജിത മോള്‍, അഖില എന്നിവര്‍ പങ്കെടുത്തു.

ജോബ് ഫെയര്‍: രജിസ്ട്രേഷന്‍ മീറ്റിംഗ് 9 ന്

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ സംസ്ഥാന നൈപുണ്യ വികസന മിഷന്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ നൈപുണ്യ വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ യുവജനങ്ങള്‍ക്കായി ജോബ് ഫെയര്‍ രജിസ്ട്രേഷന്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഒന്‍പതിന് അഗളി  ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര ഉദ്ഘാടനം ചെയ്യും. 18 വയസ്സ് കഴിഞ്ഞ അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ എല്ലാ യുവജനങ്ങള്‍ക്കും തൊഴില്‍മേളയ്ക്ക് മുന്നോടിയായി നടക്കുന്ന യോഗത്തില്‍ പങ്കെടുത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മനൈനാല്‍,  കെ.എ.എസ്.ഇ എക്സിക്യൂട്ടീവ് പ്രോജക്ട്സ് കെ.എസ് അനന്ദു കൃഷ്ണന്‍, അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസര്‍ വി.കെ സുരേഷ്‌കുമാര്‍, കെ.എ.എസ്.ഇ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.എസ് സുജിത്ത് എന്നിവര്‍ പങ്കെടുക്കും.

വനിതാദിനത്തില്‍ വനിതകള്‍ക്കായി സിവില്‍ സ്റ്റേഷനില്‍
സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധന

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ന്(മാര്‍ച്ച് 8) രാവിലെ 10 മുതല്‍ സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനകാര്‍ക്കായി സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധന നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘വിവ’ വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 15 മുതല്‍ 59 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഹീമോഗ്ലോബിന്‍ ടെസ്റ്റ് നടത്തുന്നത്.  പരിശോധന ക്യാമ്പില്‍ എല്ലാ വനിതാ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഗതാഗത നിയന്ത്രണം ഇന്ന് മുതല്‍

പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ കീഴില്‍ കുനിശ്ശേരി ബൈപ്പാസ് റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍  ഇന്ന് (മാര്‍ച്ച് 8) മുതല്‍ മാര്‍ച്ച് 14 വരെ പൂര്‍ണ്ണമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കുനിശ്ശേരി ബൈപ്പാസിലൂടെ വരുന്നതും പോവുന്നതുമായ വാഹനങ്ങള്‍ കൊടുവായൂര്‍-തൃപ്പാളൂര്‍ റോഡിലൂടെ കുനിശ്ശേരി ജംഗ്ഷന്‍ വഴി പോകണം.

ലേലം 14 ന്

പട്ടാമ്പി താലൂക്കില്‍ ചാലിശ്ശേരി വില്ലേജില്‍ സര്‍വെ 302/1 ല്‍ ഉള്‍പ്പെട്ട 63.96 ആര്‍ സ്ഥലവും അതിലെ വസ്തുവകകളും മാര്‍ച്ച് 14 ന് രാവിലെ 11 ന് വഹ സ്ഥലത്ത് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

വാഹനം വാടകയ്ക്ക്

നെന്മാറ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിന് ടാക്സി പെര്‍മിറ്റുള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപഴക്കമുള്ള കാര്‍/ജീപ്പ് ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട്  മൂന്നിന് ദര്‍ഘാസ് തുറക്കും. ടാക്ലി പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉണ്ടായിരിക്കണം. വകുപ്പില്‍ നിന്ന് വാഹനവാടക മാത്രമാണ് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946356854

കെല്‍ട്രോണില്‍ അവധിക്കാല കോഴ്സ്  

കെല്‍ട്രോണ്‍ പാലക്കാട് നോളേജ് സെന്ററില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 8590605 273

രേഖകള്‍ ഹാജാരാക്കണം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ അംഗങ്ങളായി 60 വയസ്സ് പൂര്‍ത്തീകരിച്ച 2014,2015,2016,2017 വര്‍ഷങ്ങളില്‍ അതിവര്‍ഷാനുകൂല്യത്തിന് അപേക്ഷ നല്‍കിയവര്‍ ആധാര്‍-റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്,  എന്നിവയുടെ പകര്‍പ്പും ഫോണ്‍ നമ്പറും  ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പേരിലോ മേല്‍ വിലാസത്തിലോ വ്യത്യാസമുള്ളവര്‍ വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ഹാജരാക്കണം -ഫോണ്‍ 0491-2530558

ദര്‍ഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വിവിധ പദ്ധതികളായ കെ.എ.എസ്.പി, ജെ.എസ്.എസ്.കെ, എ.കെ, ആര്‍.ബി.എസ്.കെ, ബി.എസ്.കെ, മെഡിസെപ്പ്് പദ്ധതിയുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് സ്‌കാനിംഗ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഫോണ്‍ 0466-2344053

error: Content is protected !!