Input your search keywords and press Enter.

ലഹരിയുടെ ചതിക്കുഴിയില്‍ വിദ്യാര്‍ഥികള്‍ വീഴരുത്: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

 

കുട്ടികളുടെ ബുദ്ധിയെയും സര്‍ഗശേഷിയെയും തകര്‍ത്ത് കളയുന്ന ലഹരിയുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ കായിക ലഹരിയിലേക്ക് അവരെ നയിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായുള്ള ഉണര്‍വ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോന്നി ഗവ. എച്ച്എസ്എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,62,300 രൂപയുടെ കായിക ഉപകരണങ്ങള്‍ കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കി. ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ് ഉപകരണങ്ങള്‍, സൈക്കിളുകള്‍, ക്യാരംസ് ബോര്‍ഡ്, ചെസ് ബോര്‍ഡ്, വ്യായാമ ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
എല്ലാ മേഖയിലും മികവ് പുലര്‍ത്തുന്ന ജില്ലയിലെ തന്നെ ഏറ്റവും നല്ല സ്‌കൂള്‍ എന്ന നിലയിലാണ് കോന്നി ഗവ എച്ച്എസ്എസിനെ ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കം കുറിക്കാന്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കോന്നി ഗവ. എച്ച് എസ് എസ് പിറ്റിഎ പ്രസിഡന്റ് കെ.ജി. ഉദയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ മുഖ്യ അതിഥിയായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് പദ്ധതി വിശദീകരണം നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ഡി വൈ എസ് പി കെ. ബിജു കുമാര്‍, കോന്നി ഗവ. എച്ച്എസ് ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് എസ്. ബിന്ദു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാജീവ് ബി. നായര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ്. അജി, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ഷാജി എന്നിവര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പഠനോല്‍സവത്തിന്റെ ഭാഗമായി ആരോഗ്യപാനീയ നിര്‍മാണം, പരമ്പരാഗത ഭക്ഷണപദാര്‍ഥ മേള, നാണയങ്ങളുടെ പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

error: Content is protected !!