Input your search keywords and press Enter.

മോതിരം വാങ്ങാന്‍ വന്ന് ജൂവലറിയില്‍ നിന്ന് നെക്‌ലേസും എടുത്ത് ഓടിയ മോഷ്ടാവ് പിടിയില്‍

 

പത്തനംതിട്ട : മോതിരം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തി രണ്ടര പവനോളം വരുന്ന സ്വർണ്ണ നെക്ലേസുമായി കടന്ന മോഷ്ടാവിനെ അടൂർ പോലീസ് മണിക്കൂറുകൾക്കുള്ളിൽ കുടുക്കി.

 

കൊല്ലം എഴുകോൺ ഇരുമ്പനങ്ങാട് തുണ്ടിൽഭാഗം ശ്യാം ഭവനിൽ ശശിധരന്റെ മകൻ 32 വയസുള്ള അഭിലാഷാ(32)ണ് പൊലീസിൻറെ പിടിയിലായത്.അടൂർ സെൻട്രൽ ടോളിനു സമീപമുള്ള മുഗൾ ജൂവലറിയിൽ നിന്നാണ് നെക്ലേസ് മോഷ്ടിച്ചശേഷം ഇയാൾ കടന്നത്. ഉച്ചയ്ക്ക് 2.30-നാണ് സംഭവം.

 

മുണ്ടും ഷർട്ടും ധരിച്ച് ജൂവലറിയിലെത്തി സ്വർണ്ണ മോതിരം ആവശ്യപ്പെട്ടു. ഒന്നു, രണ്ട്
മോതിരം നോക്കിയ ശേഷം തൻ്റെ ഭാര്യ വരാനുണ്ടെന്നും ഉടനെ എത്തുമെന്നും ജീവനക്കാരനെ വിശ്വസിപ്പിച്ചു. തുടർന്ന് സ്വർണ്ണം വാങ്ങാനെത്തിയ മറ്റുള്ളവരുടെ അടുത്തേക്ക് അയാൾ പോയതക്കത്തിന്, പ്രതി ഷെൽഫിൽ നിന്നും നെക്ലേസ് എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇയാളുടെ പിറകെ ജീവനക്കാർ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല.

വിവരമറിഞ്ഞെത്തിയ പോലീസ് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. അമ്പതോളം ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി രക്ഷപെട്ട വാഹനത്തെ സംബന്ധിച്ച് സൂചന ലഭിച്ചിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ ഊർജിതമായ അന്വേഷണത്തിൽ വാഹനം കണ്ടെത്തുകയും, ഡ്രൈവറിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പത്തിലധികം മോഷണ കേസുകളിൽ പ്രതിയായ ഇയാൾ; അടൂർ പെരിങ്ങനാട് പുത്തൻചന്തയിലുള്ള ഭാര്യാ ഗൃഹത്തിലാണ് താമസം.

രാത്രി വീട്ടിലെത്തിയ ഇയാളെ നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിൻറെ മേൽ നോട്ടത്തിൽ
അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്,.റ്റി.ഡി, അടൂർ സബ് ഇൻസ്‌പെക്ടർമാരായ, മനീഷ്.എം, ഹാറൂൺ റഹിമാൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സോളമൻ ഡേവിഡ്, രാജ്‌കുമാർ, സൂരജ്.ആർ.കുറുപ്പ്‌ സിവിൽ പോലീസ് ഓഫീസർ അൻസാജു എന്നിവരടങ്ങുന്ന
സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

error: Content is protected !!