ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികള്‍ അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓരോ വനിതാ ദിനാചരണവും വനിതകളുടെ കരുത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും വികസിച്ച് വരുന്ന സാങ്കേതിക വൈദഗ്ദ്യം സ്ത്രീകള്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് തുല്യത യാഥാര്‍ത്ഥ്യമാകുന്നതെന്നും എം.എല്‍.എ പറഞ്ഞു. ഗവ വിക്ടോറിയ കോളേജില്‍ നടന്ന പരിപാടിയില്‍ പത്രപ്രവര്‍ത്തക ബീന ഗോവിന്ദ്, സ്‌കൂബ ഡൈവിംഗ് ട്രെയിനര്‍ കെ .വി അതുല്യ, ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ പി.ആര്യ, റാബിനിഷ, മികച്ച വര്‍ണ്ണക്കൂട്ട് ക്ലബ് പുരസ്‌കാര ജേതാക്കളായ വാണിയംകുളം ടൗണ്‍ സെന്റര്‍ അങ്കണവാടി ജീവനക്കാരായ ഗിരിജ, കാവ്യ,ഭവ്യ എന്നിവരെ അനുമോദിച്ചു. ധീര പദ്ധതിയുടെ ഭാഗമായി കരാട്ടെ പരിശീലനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങള്‍, മഹിളാമന്ദിരം ജീവനക്കാരുടെ യോഗ ഡാന്‍സ്, ലീഡ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് എന്നിവയും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ ലത, വിക്ടോറിയ കോളേജ് അധ്യാപിക സിന്ധു, ജില്ലാ ശിശു സംരക്ഷണം ഓഫീസര്‍ എസ്.ശുഭ, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ് ലൈജു, അങ്കണവാടി-കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ ശിശു വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലെ സംസ്ഥാന നൈപുണ്യ വികസന മിഷന്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ നൈപുണ്യ വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ യുവജനങ്ങള്‍ക്കായി ജോബ് ഫെയര്‍ രജിസ്ട്രേഷന്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. ഇന്ന് (മാര്‍ച്ച് 9) അഗളി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര ഉദ്ഘാടനം ചെയ്യും. 18 വയസ്സ് കഴിഞ്ഞ അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ എല്ലാ യുവജനങ്ങള്‍ക്കും തൊഴില്‍മേളയ്ക്ക് മുന്നോടിയായി നടക്കുന്ന യോഗത്തില്‍ പങ്കെടുത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മനൈനാല്‍, കെ.എ.എസ്.ഇ എക്സിക്യൂട്ടീവ് പ്രോജക്ട്സ് കെ.എസ് അനന്ദു കൃഷ്ണന്‍, അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസര്‍ വി.കെ സുരേഷ്‌കുമാര്‍, കെ.എ.എസ്.ഇ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.എസ് സുജിത്ത് എന്നിവര്‍ പങ്കെടുക്കും.
സൈനികക്ഷേമ വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമ പുനരധിവാസ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ് സ്‌കീം, സ്വയം തൊഴില്‍ ടോപ് അപ്പ് സബ്‌സിഡി സ്‌കീമുകള്‍ സംബന്ധിച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജൈനിമേട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടന്ന സെമിനാര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വിമുക്തഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ പങ്കെടുത്തു
ഫോട്ടോ- സൈനികക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാര്‍
അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ അരിത്തമാറ്റിക് ഡ്രോയിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ /എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് രാവിലെ 10.30 ന് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 9495642137
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2023 -24 വര്‍ഷത്തില്‍ 18.57 കോടിയുടെ വരവും 18.27 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. അടിസ്ഥാന വിഭാഗങ്ങള്‍ക്കുള്ള പാര്‍പ്പിട നിര്‍മ്മാണത്തിന് 181.69 ലക്ഷവും ഉത്പാദന മേഖല – കാര്‍ഷിക വികസനത്തിന് 112 ലക്ഷം, വനിതാ ശിശുക്ഷേമത്തിന് 40 ലക്ഷം, വൃദ്ധ -വികലാംഗ -അഗതി ക്ഷേമത്തിന് 29 ലക്ഷം രൂപ വീതമാണ് ബജറ്റില്‍ വകയിരുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ ഇന്ദിര ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയി അധ്യക്ഷനായി.
ഗവ വിക്ടോറിയ കോളേജില്‍ ഇന്ന് (മാര്‍ച്ച് 9) രാവിലെ 10.30 ന് മെറിറ്റ് ഡേ സംഘടിപ്പിക്കുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെയും പി.ടി.എയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാഹിത്യകാരന്‍ വൈശാഖന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ. മായാ സി നായര്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ സെക്രട്ടറി രാമചന്ദ്രമേനോന്‍, പി.ടി.എ പ്രസിഡന്റ് സി.ബി ലളിത, ഐ.ക്യൂ.എ.സി കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ ജയരാമന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. എസ്.എല്‍ സിന്ധു, പി.ടി.എ സെക്രട്ടറി ഡോ.മുഹമ്മദ് അന്‍വര്‍, കെ.രവികുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ജില്ലയില്‍ ഗവ സ്ഥപനത്തില്‍ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്. പ്രീഡിഗ്രി/സയന്‍സ് വിഷയത്തില്‍ ശതമാനം മാര്‍ക്കോടെ പ്ലസ്ടു, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ടെക്‌നോളജി/മെഡിക്കല്‍ കോളേജ്/ആരോഗ്യ വകുപ്പിന് കീഴില്‍ രണ്ട് വര്‍ഷത്തെ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഡിപ്ലോമ കോഴ്സാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 18 നും 41 നും ഇടയില്‍. താത്പര്യമുള്ളവര്‍ മാര്‍ച്ച് 17 നകം വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു
കോങ്ങോട് ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് മാര്‍ച്ച് 16 ന് ഉച്ചക്ക്് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ വിദ്യാഭാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അന്നേ ദിവസം കൂടിക്കാഴ്ചക്ക് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :9447803575, 0491-2845040
കേരളാ ഭൂപരിഷ്‌കരണ നിയമപ്രകാരം മണ്ണാര്‍ക്കാട് താലൂക്കിലെ തച്ചമ്പാറ വില്ലേജില്‍ സേവ്യര്‍,ശൗരിയാര്‍ എന്നിവരില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള 1.20 ഏക്കര്‍ മിച്ചഭൂമി പതിച്ച് നല്‍കാന്‍ തച്ചമ്പാറ വില്ലേജിലേയും സമീപ വില്ലേജുകളിലേയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ചട്ടം 27 പ്രകാരം ജില്ലാ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മണ്ണാര്‍ക്കാട് ഭൂരേഖ തഹസില്‍ദാര്‍ക്ക് മാര്‍ച്ച് 25 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക്-വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505309.
ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മുതിര്‍ന്ന വനിതാ അംഗത്തെ ആദരിക്കല്‍, വര്‍ണ്ണബലൂണ്‍ കൈമാറ്റം, ബോധവത്കരണ സന്ദേശം പകരല്‍, മധുര വിതരണം എ്ന്നിവ നടന്നു. പരിപാടിയില്‍ കെ.എസ്.എസ്.എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മൂസ, മെഡിക്കല്‍ ഓഫീസര്‍ ഡോ.അഖില്‍, ജയശ്രീ, ലിക്കിനി, നാസര്‍, വയോമിത്രം ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ദേശിയ അപ്രെന്റിസ്ഷിപ് മേള മലമ്പുഴ ഗവ ഐ.ടി.ഐ ക്യാമ്പ്‌സില്‍ മാര്‍ച്ച് 20 ന് നടക്കുമെന്ന് ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. മേളയില്‍ പങ്കെടുക്കാന്‍ എന്‍.ടി.സി /എസ്.ടി.സി (ദേശിയ-സംസ്ഥാന ട്രേഡ് സര്‍ട്ടിഫിക്കറ്റ്) കരസ്ഥമാക്കിയ ട്രെയിനികള്‍ മാര്‍ച്ച് 20 ന് രാവിലെ ഒന്‍പതിന് മലമ്പുഴ ഗവ ഐ.ടി.ഐ ക്യാമ്പസില്‍ എത്തണം. ഫോണ്‍:0491-2815761,9947106552,
വാണിയംകുളം ഗവ ഐ.ടി.ഐയില്‍ 2014 മുതല്‍ എന്‍.സി.വി.റ്റി എം.ഐ.എസ് മുഖേന പ്രവേശനം നേടിയ ടെയിനികളുടെ ഇ- എന്‍.ടി.സി പ്രാഫൈല്‍ സംബന്ധമായ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്ക് അവസരം. എന്‍.സി.വി.റ്റി എം.ഐ.എസ് പോര്‍ട്ടലില്‍ ലഭ്യമായ കംപ്ലയ്ന്റ് ടൂള്‍ മുഖേന ഗ്രിവന്‍സ് നല്‍കാം. ഡി.ജി.റ്റി യില്‍ മറ്റൊരു അവസരം ഇല്ലാത്തതിനാല്‍ എല്ലാവരും അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 0466-2227744
വാര്‍ഷിക സ്റ്റോക്ക് എടുപ്പുമായി ബന്ധപ്പെട്ട ഏപ്രില്‍ ഒന്ന്, മൂന്ന്, നാല് തീയതികളില്‍ ഷൊര്‍ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫീസില്‍ നിന്നും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍ – 0466-2220572
പാലക്കാട് ഇ.എസ്.ഐ ആശൂപത്രിയില്‍ ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31 വരെ ഭഷ്യ – ഭക്ഷ്യേതര വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് 12 നകം ദര്‍ഘാസ് നല്‍കണം. അന്നേദിവസം ഉച്ചക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0491 2500134
കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസര്‍ വി.എസ് വിദ്യാധരന്‍ (ജില്ലാ ജഡ്ജ്) പാലക്കാട് ആര്‍.ടി.ഒ കോടതി ഹാളില്‍ മാര്‍ച്ച് 16 ന് നടക്കുന്ന ക്യാമ്പ് സിറ്റിങ്ങില്‍ തൊഴില്‍ തര്‍ക്ക കേസുകള്‍ വിചാരണ ചെയ്യുമെന്ന് കോഴിക്കോട് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2374554.