Input your search keywords and press Enter.

പത്തനംതിട്ട : ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/03/2023)

നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരിശീലനം
പ്ലസ് ടു സയന്‍സ് വിഷയത്തില്‍ 2022-23 അധ്യയന വര്‍ഷം പഠിക്കുന്നതും 2023 ലെ നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുന്‍പായി ഒരു മാസത്തെ ക്രാഷ് കോഴ്‌സില്‍  പങ്കെടുത്ത് പരീക്ഷ എഴുതുന്നതിന് ആഗ്രഹിക്കുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പരിശീലനത്തിന് പട്ടികവര്‍ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.അപേക്ഷകരില്‍ നിന്നും ഏറ്റവും യോഗ്യരായ 100 പേരെ തെരെഞ്ഞെടുത്ത് താമസ ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രവേശന പരീക്ഷ പരിശീലന പരിപാടി നടത്തും.

 

പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍ എന്നിവ വെളള കടലാസില്‍ രേഖപ്പെടുത്തി രക്ഷകര്‍ത്താവിന്റെ സമ്മതപത്രം,  പ്ലസ് വണ്‍ പരീക്ഷ സര്‍ട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പും, നീറ്റ്/എഞ്ചിനീയറിംഗ് എന്നത് അപേക്ഷയില്‍ വ്യക്തമാക്കിയത് സഹിതം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ മാര്‍ച്ച് 20ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭ്യമാക്കണം.  നിശ്ചിത സമയത്തിനുളളില്‍ ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല.  തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ പരിശീലനത്തിനുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും.

എഎംഎം സ്‌കൂള്‍ ഇനി ഹരിത വിദ്യാലയം
ആറന്മുള ഗ്രാമപഞ്ചായത്തിലെ എഎംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹരിത വിദ്യാലയമായി നവ കേരള മിഷന്‍ പ്രഖ്യാപിച്ചു. ഉദ്ഘാടനം ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷീജാ ടി. ടോജി നിര്‍വഹിച്ചു.

ഹരിത വിദ്യാലയത്തിന്റെ ഭാഗമായി സ്‌കൂളില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിച്ചു. നക്ഷത്രവനം, ഗ്രാമവനം, കൃഷികള്‍ എന്നിവ ഉള്ളതിനാല്‍ സ്‌കൂളിനെ നവകേരള മിഷന്‍ ഹരിത വിദ്യാലയമായി  പ്രഖ്യാപിക്കുകയും സാക്ഷ്യപത്രം നല്‍കി ആദരിക്കുകയും ചെയ്തു.

നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ലാലി ജോണ്‍, ഹെഡ്മിസ്ട്രസ് അനില സാമുവല്‍, അധ്യാപിക സുനു മേരി സാമുവല്‍, നവകേരളം കര്‍മ പദ്ധതിയുടെ റിസോഴ്സ് പേഴ്സണ്‍ എസ്. അങ്കിത എന്നിവര്‍ പങ്കെടുത്തു.

 

ഓംബുഡ്സ്മാന്‍ സിറ്റിംഗ് 10 ന്
മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ്- ഓംബുഡ്സ്മാന്‍ സിറ്റിംഗ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മാര്‍ച്ച്  10 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു.                            
ഇന്‍ഷ്വറന്‍സ്

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2023 വര്‍ഷത്തെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് (01.04.2023-31.12.2023) പുതിയതായി തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനായി നാളിതുവരെ പ്രൊപ്പോസല്‍ ഫോറം ഹാജരാക്കാത്തവര്‍ മാര്‍ച്ച് 15 ന് മുന്‍പ് പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച്  കറ്റോടുളള ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം.
ഫോണ്‍ : 0469 2603074.                                                                       

വിവര ശേഖരണം
പത്രപ്രവര്‍ത്തക/ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വിശദവിവരം വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി വിവരശേഖരണ രേഖ പൂരിപ്പിച്ച് നല്‍കുന്നതിന് മാര്‍ച്ച് 31 വരെ ഒരു അവസരം കൂടി.  2022 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ വിഭാഗത്തിലുള്ള പെന്‍ഷണര്‍മാരും നേരിട്ടോ, അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ മുഖേനയോ ,പ്രൊഫോര്‍മ പ്രകാരം ആവശ്യമായ രേഖകളും വിവരങ്ങളും മാര്‍ച്ച് 31ന് അകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം.2021 ഡിസംബര്‍ മാസം വരെ പെന്‍ഷന്‍ ലഭിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശ്രിത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരും മാര്‍ച്ച് 31ന് അകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 2023 ജൂലൈ മുതല്‍ പെന്‍ഷന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഉത്തരവായി്.                                                                               

ഹീമോഗ്ലോബിന്‍ പരിശോധനയും സിഗ്നേച്ചര്‍ക്യാമ്പയിനും സംഘടിപ്പിച്ചു

അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് കളക്ട്രേറ്റില്‍ വനിതാ ജീവനക്കാര്‍ക്കായി ഹീമോഗ്ലോബിന്‍ പരിശോധന സംഘടിപ്പിച്ചു. വിവകേരളം കാമ്പയിന്റെ പ്രചരണാര്‍ത്ഥം ജില്ലാമെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിശോധനയും, സിഗ്നേച്ചര്‍ കാമ്പയിനും ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയില്‍ നിര്‍ണായകമാണെന്നും എല്ലാവരും വിവകേരളം ക്യാമ്പയിനില്‍ പങ്കാളികളാകണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍, ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാര്‍,നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ 170 പേരുടെ ഹീമോഗ്ലോബിന്‍ നില പരിശോധിക്കുകയും വിളര്‍ച്ച കണ്ടെത്തിയവര്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

error: Content is protected !!