Input your search keywords and press Enter.

ഉഷ്ണതരംഗം, സൂര്യാഘാതം: തണ്ണീർപന്തലുകൾ ആരംഭിക്കും

 

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓ.ആർ.എസ് എന്നിവ കരുതണം. പൊതു ജനങ്ങൾക്ക് ഇത്തരം ‘തണ്ണീർ പന്തലുകൾ’ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകൾ തോറും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങൾ, സുമനസ്‌കർ നൽകുന്ന കെട്ടിടങ്ങൾ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീർ പന്തലുകൾ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയിൽ നിന്നും ഗ്രാമ പഞ്ചായത്തിന് 2 ലക്ഷം രൂപ, മുനിസിപ്പാലിറ്റി 3 ലക്ഷം രൂപ, കോർപ്പറേഷൻ 5 ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവൃത്തി അടുത്ത 15 ദിവസത്തിനുള്ളിൽ നടത്തും. വ്യാപാരികളുടെ സഹകരണം ഇതിൽ ഉറപ്പാക്കണം. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കാവുന്നതാണ്. എല്ലാ തദ്ദേശ സ്ഥാപനങൾക്കും കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പ് പ്ലാൻ ഫണ്ട്/തനതു ഫണ്ട് വിനിയോഗിക്കുവാൻ അനുമതി നല്കിയിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ (സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാൻ) തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗരേഖയിൽ സംസ്ഥാനത്തെ ഓരോ വകുപ്പിനും ചുമതലകൾ നിശ്ചയിച്ച് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളും തയ്യാറെടുപ്പുകളും നിർദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്‌നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകൾ വിപുലമായ രീതിയിൽ വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്പയിൻ നടത്തണം. ഇത്തരം ക്യാമ്പയിൻ ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന് നാമകരണം ചെയ്യും. ഈ ക്യാമ്പയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവിൽ ഡിഫൻസ് എന്നിവരെ ഉപയോഗിക്കാം. ക്യാമ്പയിൻ ഒരാഴ്ചക്കുള്ളിൽ ആരംഭിക്കണം. അതതു വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങൾക്ക് കരുതിയിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാം.

തീപിടുത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്‌നിശമന രക്ഷാസേന പൂർണ സജ്ജമായി നിൽക്കുകയും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന വ്യാപാര മേഖലകൾ, മാലിന്യ സംഭരണ കേന്ദ്രങ്ങൾ, ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ, എല്ലാ ആശുപതികളുടെയും, പ്രധാന സർക്കാർ ഓഫീസുകളുടെയും ഫയർ ഓഡിറ്റ് നടത്തണം. അഗ്‌നിശമന സേനയ്ക്ക് അധികമായി ആവശ്യമായ ഉപകരണങ്ങൾ, കെമിക്കലുകൾ എന്നിവ വാങ്ങുവാൻ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 10 കോടി രൂപ അനുവദിക്കും. ജനവാസ മേഖലയിൽ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി, ഉണങ്ങിയ പുല്ല് നിയന്ത്രിതമായി വെട്ടി മാറ്റുവാൻ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരെ വിനിയോഗിക്കാവുന്നതാണ്.

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും, കെ.എസ്.ഇ.ബി-യുടെയും നേതൃത്വത്തിൽ എല്ലാ ആശുപത്രികളുടെയും, പ്രധാന സർക്കാർ ഓഫീസുകളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണം. ഷോർട്ട് സർക്യൂട്ടുകൾ തീപിടുത്തങ്ങൾക്ക് കാരണമാകുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. മേൽ പ്രവർത്തനങ്ങൾക്കായി ജില്ലാ തലത്തിൽ ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും തദ്ദേശ സ്ഥാപന തലത്തിൽ ടാസ്‌ക് ഫോഴ്സുകൾ രൂപീകരിച്ച് നടപ്പിലാക്കുകയും ചെയ്യണം.

ജലവിഭവ വകുപ്പ് അടിയന്തിരമായി കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളെ മുൻകൂട്ടി കണ്ടെത്തി അത് ദുരന്ത നിവാരണ അതോറിറ്റികൾക്കും, തദ്ദേശ സ്ഥാപന വകുപ്പിനും ലഭ്യമാക്കണം. അത് പ്രകാരം മുൻകൂട്ടിയുള്ള കർമ്മ പദ്ധതിക്ക് പ്രദേശികമായി രൂപം നൽകാൻ സാധിക്കണം. എസ്.ഡി.എം.എ. സ്ഥാപിച്ചിട്ടുള്ള 5000 വാട്ടർ കിയോസ്‌കുകൾ പ്രവർത്തനക്ഷമമാക്കി ഉപയോഗിക്കണം. വാട്ടർ കിയോസ്‌കുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ അവ വൃത്തിയാക്കാനോ പുന:ക്രമീകരിക്കാനോ പതിനായിരം രൂപ ഒരു കിയോസ്‌കിന് എന്ന നിലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കും.

ഹോട്ടലുകൾ, സന്നദ്ധ, രാഷ്ട്രീയ, യുവജന സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹകരണത്തോടെ എല്ലാ പ്രദേശത്തും യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന ക്യാമ്പയിനുകൾ നടപ്പിലാക്കണം. ആരോഗ്യ പ്രവർത്തകർക്ക് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ, പൊള്ളൽ, വേനൽക്കാലത്തെ പകർച്ച വ്യാധികൾ എന്നിവയെ നേരിടുന്നതിനായി പ്രത്യേകമായ പരിശീലനം നൽകുക. എല്ലാ പി.എച്ച്.സി, സി.എച്ച്.സികളിലും ഉൾപ്പെടെ ഒ.ആർ.എസ് ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം. തൊഴിൽ വകുപ്പ് ആവശ്യമായ തൊഴിൽ സമയ പുനക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണം. പരീക്ഷ കാലമായതിനാൽ മാനസിക പിരിമുറുക്കം കൂടുതൽ ഉണ്ടാവും. ഹീറ്റ് സ്ട്രെസ്സ് അത് വർധിപ്പിക്കും. പരീക്ഷ ഹാളുകളിൽ വെന്റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കണം. പോലീസ് അഗ്‌നി സുരക്ഷാ വകുപ്പിന്റെ സഹായത്തോടെ അടിയന്തിരമായി പടക്ക നിർമ്മാണ/ സൂക്ഷിപ്പ് ശാലകൾ പരിശോധിച്ച് നിർബന്ധമായും അഗ്‌നി സുരക്ഷാ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഉത്സവ സുരക്ഷാ മാനദണ്ഡ മാർഗ്ഗരേഖ അനുസരിച്ച് ഉത്സവങ്ങൾ നടത്താൻ നിർദേശം നൽകും. ഉത്സവത്തോട് അനുബന്ധമായുള്ള പടക്ക ശേഖരം, നിർമ്മാണ/സൂക്ഷിപ്പ് ശാലകൾ നിർബന്ധമായി പരിശോധിച്ച് അഗ്‌നി സുരക്ഷാ ഉറപ്പ് വരുത്തണം.

വേനൽ മഴ ലഭിക്കുന്ന സാഹചര്യത്തിൽ പരമാവധി ജലം സംഭരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് പദ്ധതിയുണ്ടാവണം. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലും ശക്തമായ ബോധവൽക്കരണം നടത്തണം. പ്രദേശികമായ പ്രായോഗിക മോഡലുകൾ ഇതിനായി വികസിപ്പിക്കാൻ സാധിക്കണം. ജനപ്രതിനിധികളുടെ ഉൾപ്പെടെ നേതൃത്വത്തിൽ ഒരു ജനകീയ ക്യാമ്പയിനായി ഇത് വളർത്തണം. ചൂട് ഭാവിയിലും വർധിക്കും എന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകളെ പരിഗണിച്ചു കൊണ്ട് അതിനെ അതിജീവിക്കുന്നതിനായി ഹീറ്റ് ആക്ഷൻ പ്ലാനിലൂടെ നിർദേശിച്ചിട്ടുള്ള ‘കൂൾ റൂഫ്’ ഉൾപ്പെടെയുള്ള ഹൃസ്വകാല, ദീർഘകാല പദ്ധതികൾ നൽകി നടപ്പിലാക്കണം. കേരളത്തിലെ എല്ലാ നഗരങ്ങൾക്കും ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കണം. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ, ദുരന്തനിവാരണ അതോറിറ്റി മെമ്പർസെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവരും സംസാരിച്ചു.

error: Content is protected !!