ജലന്ധറിലെ ബ്രിജേഷ് മിശ്ര ഇന്ത്യന്‍ വിദ്യാര്‍ഥികളെ പറ്റിച്ചോ?അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ വ്യാജമെന്ന്: കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നാടുവിട്ടോളാന്‍ കത്ത് ലഭിച്ചു
ഇന്ത്യയില്‍ നിന്നുള്ള 700 വിദ്യാര്‍ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീതിയില്‍. വിവിധ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി നല്‍കിയ ലെറ്ററുകള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികളെ നാടുകടത്താനൊരുങ്ങുന്നത്.
കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് നാടുകടത്തല്‍ കത്തുകള്‍ ലഭിച്ചു.
ജലന്ധറില്‍ പ്രവര്‍ത്തിക്കുന്ന ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസ് വഴിയാണ് വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചത്. പ്രീമിയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഹംബര്‍ കോളേജിലേക്കുള്ള പ്രവേശന ഫീസ് ഉള്‍പ്പെടെ എല്ലാ ചെലവുകള്‍ക്കുമായി ഒരു വിദ്യാര്‍ത്ഥിക്ക് 16 ലക്ഷത്തിലധികം രൂപ ഈടാക്കിയിരുന്നു.
2018-19 വര്‍ഷത്തിലാണ് വിദ്യാര്‍ഥികള്‍ പഠനത്തിനായി കാനഡയിലെത്തിയത്. സ്ഥിരതാമസത്തിന് അപേക്ഷിച്ചപ്പോഴാണ് അഡ്മിഷന്‍ ലെറ്റര്‍ വ്യാജമെന്ന് കണ്ടെത്തിയത്. പിആറിന്റെ ഭാഗമായി അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിലാണ് ലെറ്റര്‍ വ്യാജമെന്ന് തെളിഞ്ഞത്.
വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇതിനകം പഠനം പൂര്‍ത്തിയാക്കുകയും വര്‍ക്ക് പെര്‍മിറ്റ് നേടുകയും പ്രവൃത്തി പരിചയം നേടുകയും ചെയ്തുകഴിഞ്ഞു. കാനഡയില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാടുകടത്തല്‍ നോട്ടീസുകള്‍ കോടതിയില്‍ ചോദ്യം ചെയ്യുക എന്നതാണ് ഏക പോംവഴിയെന്നും അവിടെ നടപടികള്‍ ഏകദേശം നാല് വര്‍ഷം നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ ഓഫര്‍ ലെറ്റര്‍ തട്ടിപ്പ് സംബന്ധിച്ച് യാതൊരുവിധ പരാതികളും കിട്ടിയിട്ടില്ലെന്ന് പോലീസ് കമ്മീഷണര്‍ ജലന്ധര്‍ കുല്‍ദീപ് സിംഗ് ചാഹല്‍ പറയുന്നു