Input your search keywords and press Enter.

ബ്രഹ്‌മപുരം പ്ലാന്‍റിലെ തീപിടുത്തം; കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ

 

ബ്രഹ്‌മപുരം പ്ലാന്‍റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ വിധിച്ചത്. ഒരു മാസത്തിനുള്ളിൽ പിഴയടക്കണം. നേരത്തെ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ബ്രഹ്മപുരം പ്ലാറ്റിലുള്ളത് ഗുരുതര വീഴ്ചകളാണെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ റിപ്പോർട്ട് നൽകിയിരുന്നു. രണ്ട് വേയ് ബ്രിഡ്ജുകളിൽ ഒന്ന് മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകൾ അടഞ്ഞ നിലയിൽ കണ്ടെത്തി. വിന്റോ കമ്പോസ്റ്റിങ് ഷെഡും ജീർണാവസ്ഥയിലായിരുന്നു. ബയോ മൈനിംഗിൽ നിന്ന് ശേഖരിച്ച ആർഡിഎഫ് കൈകാര്യം ചെയ്തത് യുക്തമല്ലാതെ. ആർഡിഎഫിന്റെ ഒരു ഭാഗം പൊതിഞ്ഞ് മാലിന്യം മുതൽ ഊർജ പ്ലാന്റ് വരെയുള്ള മേഖലയിൽ കൂട്ടിയിടുകയായിരുന്നു.

ആർഡിഎഫിന്റെ മറ്റൊരു ഭാഗം വിന്റോ കമ്പോസ്റ്റിംഗ് പ്ലാന്റിന് സമീപം കൂട്ടിയിട്ടതായും കണ്ടെത്തി. വലിപ്പമുള്ള കല്ലുകൾ, മരക്കഷണങ്ങൾ മുതലായവ നല്ല മണ്ണുമായി കലർന്നതായി കണ്ടെത്തി.ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്തുവന്നിരുന്നു.

ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. കൂടാതെ തീപിടുത്തത്തിന്റെ പൂർണം ഉത്തരവാദിത്തം സർക്കാരിനാണെന്നും ട്രൈബ്യൂണൽ പറഞ്ഞു. 500 കോടി രൂപ പിഴ ഈടാക്കുമെന്ന് സർക്കാരിന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

error: Content is protected !!