കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയവും സ്‌പോർട്‌സ് അതോറിറ്റിയും രാജ്യത്തുടനീളംസംഘടിപ്പിച്ചു വരുന്ന ഖേലോ ഇന്ത്യ “ദസ് കാ ദം” പരിപാടി ഭാഗമായി സ്പോര്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്), കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷനുമായി സഹകരിച്ച് വനിതക്കൾക്കായുള്ള അത്‌ലറ്റിക് മത്സരങ്ങൾ തിരുവനന്തപുരം കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷ൯ (സായി എൽ.എൻ.സി.പി.ഇ), കാമ്പസിൽ വച്ച് സംഘടിപ്പിച്ചു.അത്‌ലറ്റിക് മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ.ചിഞ്ചുറാണി നിർവ്വഹിച്ചു.
സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ.ജി.കിഷോർ സ്വാഗതം ആശംസിച്ചു. കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷ൯ വൈസ് പ്രസിഡന്റ് ശ്രീ. എം വേലായുധൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മു൯ ലോക ബോക്സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ശ്രീമതി.കെ സി ലേഖ, അന്തർദേശീയ കായിക താരമായ ഹിമ ദാസ്, സായിയുടെ ഉദ്യോഗസ്ഥർ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷ൯ ഭാരവഹികൾ, ദേശീയ അന്തർദേശീയ കായിക താരങ്ങൾ, പരിശീലകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, മറ്റു പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഖേലോ ഇന്ത്യ വിമൻസ് ലീഗ് അത്‌ലറ്റിക് മത്സരങ്ങളിൽ (16-19) വയസ്സിനിടയിൽ പ്രായമുളള പെൺകുട്ടികൾക്ക് 3 കിലോമീറ്റർ റോഡ് റേയിസും 20 വയസിന് മുകളിലുളള പെൺകുട്ടികൾക്ക് 5 കിലോമീറ്റർ റോഡ് റേയിസ് മത്സരങ്ങളുമാണ് സംഘടിപ്പിച്ചത്. മത്സരങ്ങളിൽ വിജയിച്ച വനിതാ കായിക താരങ്ങൾക്ക് ശ്രീമതി.കെ സി ലേഖ മെഡലുകൾ സമ്മാനിച്ചു.