Input your search keywords and press Enter.

പഞ്ചദിന ധന്വന്തരി യാഗം : പന്തൽ കാൽ നാട്ടു കർമ്മം നടന്നു

 

പാലക്കാട് :പഞ്ചദിന ധന്വന്തരി യാഗത്തോടനുബന്ധിച്ചുള്ള പന്തൽ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ രാവിലെ 10 ന് നടന്നു.പിരായിരി പുല്ലുക്കോട്ട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരിയുടേയും, മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ പന്തൽ കാൽ യഥാവിധി പൂജിച്ചു. തുടർന്ന് മൂകാംബിക ട്രസ്റ്റ്‌ ചെയർമാൻ സജി പോറ്റി,യാഗം കോർഡിനേറ്റർ രാമൻ നമ്പൂതിരി, ജനറൽ കൺവീനർ ജി രാമചന്ദ്രൻ, കൺവീനർ ഗോകുലൻ എന്നിവർ ചേർന്ന് പന്തൽ കാൽ ഏറ്റുവാങ്ങി ശ്രീകോവിലിനു വലം വച്ച് യാഗവേദിയിലെത്തിച്ചു. ഭക്തജനങ്ങളുടെ ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തന്ത്രി കാൽ നാട്ടി.

ശ്രീ മൂകാംബിക മിഷൻ സേവാ സംഘം പാലക്കാട്‌ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്‌ പിരായിരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രമൈതാനിയിൽ പഞ്ചദിന ധന്വന്തരിയാഗം ഏപ്രിൽ 5 മുതൽ 9 വരെയാണ് നടക്കുന്നത്.

സർവ്വ ചരാചരങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും രോഗശമനത്തിനുമായി നടത്തുന്ന യാഗത്തിന്റെ യാഗാചാര്യൻ കൊല്ലൂർ ശ്രീ മൂകാംബിക ദേവിക്ഷേത്രം തന്ത്രി ഡോക്ടർ രാമചന്ദ്രൻ അഡികയാണ്.

ഏപ്രിൽ 5 ന് മഹാലക്ഷ്മി യാഗം,6 ന് മഹാനവഗ്രഹയാഗം,7 ന് മഹാചണ്ഡീകയാഗം,8 ന് മഹാരുദ്രയാഗം,9 ന് മഹാ ധന്വന്തരിയാഗം എന്നിങ്ങനെയാണ് നടക്കുക. യാഗശാലയിൽ എല്ലാ ദിവസവും ഗണപതി ഹോമം, ശ്രീ മൂകാംബിക ദേവി പൂജ, ആത്മീയ സമ്മേളനങ്ങൾ, അന്നദാനം, കൂടാതെ ആയുർവേദം -അലോപ്പതി -ഹോമിയോപ്പതി എന്നീ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു. ചടങ്ങിൽ കൺവീനർമാരും, വിവിധ കമ്മിറ്റി പ്രതിനിധികളും, ഭക്തജനങ്ങളും സംബന്ധിച്ചു

error: Content is protected !!