Input your search keywords and press Enter.

ബൈക്ക് മോഷ്ടാക്കൾ പിടിയിൽ

 

പത്തനംതിട്ട : വീട്ടുമുറ്റത്തുനിന്നും മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കടത്തിയ പ്രതികളെ കോയിപ്രം പോലീസ് പിടികൂടി. ഈ മാസം 22 രാത്രി 10.30 നും പിറ്റേന്ന് രാവിലെ 7 മണിക്കുമിടയിൽ വെണ്ണിക്കുളം കാരുവള്ളിൽ ബാലകൃഷ്ണൻ നായരുടെ മകൻ സുനിൽ ബി നായരുടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യ ഭവനിൽ അജയന്റെ മകൻ അഖിൽ എന്ന് വിളിക്കുന്ന അനിൽ കുമാർ എസ് (22), പെരിങ്ങര ചാത്തങ്കര പുതുപ്പറമ്പിൽ ശശിയുടെ മകൻ ശരത് (22) എന്നിവരാണ്
പിടിയിലായത്.

 

26 ന് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ സുനിലിന്റെ മൊഴിപ്രകാരം കേസെടുത്ത എസ് ഐ
ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ തന്ത്രപരമായ നീക്കത്തിലാണ്
മോഷ്ടാക്കൾ ഉടനടി കുടുങ്ങിയത്. കേസ് സംബന്ധിച്ച വിവരങ്ങൾ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയും, ഇരുചക്രവാഹന മോഷ്ടാക്കളെ  കേന്ദ്രീകരിച്ച് അന്വേഷണം
ഊർജ്ജിതമാക്കിയതിനെത്തുടർന്ന്, ആലപ്പുഴ പുന്നപ്ര പോലീസ് രാത്രികാല പട്രോളിങ് സംഘത്തിന്റെ വാഹനപരിശോധനയ്ക്കിടെ പ്രതികളെ വിദഗ്ദ്ധമായി കുടുക്കുകയായിരുന്നു.

മോട്ടോർ സൈക്കിളിൽ  ഇരുവരെയും പുന്നപ്രയിൽ വച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട് അവിടുത്തെ പോലീസ് സംഘം തടഞ്ഞുനിർത്തി. തുടർന്ന്, കോയിപ്രം പോലീസ്
അവിടെയെത്തി വാഹനം പരിശോധിച്ചപ്പോൾ മോഷ്ടിക്കപ്പെട്ട മോട്ടോർ സൈക്കിൾ തന്നെയാണെന്ന് വ്യക്തമായി. വാഹനം വിശദമായി പരിശോധിച്ചപ്പോൾ ഒരക്കം ചുരണ്ടി മാറ്റി മറ്റൊരു അക്കമാക്കിയിരിക്കുന്നത് പെട്ടെന്ന് തന്നെ കണ്ടെത്തി, ചുരണ്ടിമാറ്റിയഭാഗം
തെളിഞ്ഞുകാണാൻ സാധിച്ചു എന്നതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്.

 

മോഷ്ടിക്കപ്പെട്ട ബൈക്ക് തന്നെയാണെന്ന് ഉറപ്പാക്കിയ അന്വേഷണസംഘം , പ്രതികളെ ആലപ്പുഴ
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തിയശേഷം, ഇന്നലെ പുലർച്ചെ 4 മണിയോടെ സ്റ്റേഷനിലെത്തിച്ചു. തുടർന്ന്, പോലീസ് അറിയിച്ചതനുസരിച്ച് വാഹന ഉടമ രേഖകളുമായി സ്റ്റേഷനിലെത്തി വാഹനം തിരിച്ചറിഞ്ഞു. മൊബൈൽ ഫോൺ പിടിച്ചെടുത്തശേഷം പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തു. 22 ന്
ഇരുവരും സുഹൃത്തിന്റെ ബൈക്കിൽ കോട്ടയത്തുപോയശേഷം തിരികെ, രണ്ടാം പ്രതിയുടെ
നീറേറ്റ്പുറത്തെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ വെണ്ണിക്കുളത്ത് സുനിലിന്റെ വെണ്ണിക്കുളത്തെ വീട്ടുമുറ്റത്ത് ഇൻഡിക്കേറ്റർ കത്തിയിരുന്ന ബൈക്ക് കാണുകയും, അവിടെയെത്തി പരിശോധിച്ചപ്പോൾ താക്കോൽ വാഹനത്തിൽ തന്നെ കണ്ടതിനെതുടർന്ന്
മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴിനൽകി.

മുറ്റത്തുനിന്നും തള്ളി റോഡിൽ കൊണ്ടുവന്നിട്ട്, ഒന്നാം പ്രതി ഓടിച്ചുപോകുകയും, രണ്ടാം പ്രതി ഇരുവരും വന്ന മോട്ടോർ സൈക്കിൾ ഓടിച്ചു സ്ഥലം വിടുകയുമായിരുന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു, തുടർന്ന്
ഇരുവരുടെയും വിരലടയാളം ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ പോലീസ് കൈക്കൊണ്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇപ്പോൾ ആലപ്പുഴ പടിഞ്ഞാറേ കടപ്പുറത്തുബോട്ട് യാർഡിൽ താമസിക്കുന്ന ഒന്നാം പ്രതി അനിൽകുമാർ എറണാകുളം തടിയാറ്റുപാറ പോലീസ് സ്റ്റേഷനിൽ ഈവർഷം രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ
പ്രതിയാണ്. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ് ഐ ഉണ്ണികൃഷ്ണനെക്കൂടാതെ എസ് സി പി ഓ ഗിരീഷ് ബാബു, സി പി ഓമാരായ ഷെബി, പരശുറാം എന്നിവരാണ് ഉള്ളത്.

error: Content is protected !!