Input your search keywords and press Enter.

അരിക്കൊമ്പനെ കൂട്ടിലടക്കണ്ട: റേഡിയോ കോളർ ഘടിപ്പിച്ച് ഉള്‍ വനത്തില്‍ തുറന്നു വിടണം

അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാൻ ഹൈക്കോടതി നിർദേശം. അരിക്കൊമ്പൻ വിഷയത്തില്‍ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് കോടതി. ആനയെ പിടിച്ച് മാറ്റിപ്പാർപ്പിക്കുന്നതിൽ തീരുമാനം വിദഗ്ധസമിതി റിപ്പോർട്ട് വന്ന ശേഷം പരിഗണിക്കാമെന്ന് കോടതി. അരിക്കൊമ്പനെ പിടിച്ച് കഴിഞ്ഞാലുള്ള പദ്ധതി വിശദമാക്കാൻ ചീഫ് കൺസർവേറ്ററോട് കോടതി നിര്‍ദേശിച്ചു.

കൊമ്പനെ പിടിക്കാതെ തന്നെ എന്തെങ്കിലും പരിഹാരം കാണാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. രാത്രിയിലെ കൊമ്പന് പിന്നാലെയുള്ള സഞ്ചാരം അഭികാമ്യമല്ല എന്നും കോടതി പറഞ്ഞു. പി.ടി. സെവനെ കൈകാര്യം ചെയ്തത് മോശമായി പോയെന്നും അതുപോലെ അരിക്കൊമ്പനെ കൈകാര്യം ചെയ്യാൻ സമ്മതിക്കില്ല എന്ന് കോടതി വ്യക്തമാക്കി.ഗത്യന്തരമില്ലാത്ത ശല്യം അവസ്ഥ മനുഷ്യവാസ പ്രദേശത്തിന് അടുത്ത് ഉണ്ടായാൽ മാത്രം കൊമ്പനെ പിടികൂടി റേഡിയോ കോളർ വച്ച് ഉൾക്കാട്ടിൽ തുറന്നു വിടാനും വനം വകുപ്പിനോട് കോടതി നിർദേശം നല്‍കി.പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും പിടിച്ചാൽ കാട്ടിൽ വിടുമോയെന്നും ആനയെ സംരക്ഷിക്കുമോയെന്നും കോടതി ചോദിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാറിൽ തുടരട്ടേയെന്നും കോടതി നിർദേശിച്ചു. പ്രദേശത്ത് ജാഗ്രത തുടരണമെന്നും കോടതി അറിയിച്ചു.

മിഷൻ അരിക്കൊമ്പന്‍ തടഞ്ഞ ഹൈക്കോടതി നിലപാടിനെതിരെ പ്രതിഷേധം. അരിക്കൊമ്പനെ പിടികൂടണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലന്ന് നാട്ടുകാർ. ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. വനംവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആനയെ പിടിക്കുന്നത് വരെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നും നാട്ടുകാർ‌ പറഞ്ഞു.

മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.മിഷന്‍ അരിക്കൊമ്പന്‍ വൈകുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ലെന്നും ഇവര്‍ പറയുന്നു.

error: Content is protected !!