Input your search keywords and press Enter.

യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: കാര്‍ഷിക സംസ്‌കാരത്തിന് യൗവനത്തിന്‍റെ ചടുലമായ മുഖം:എസ്. പി സുജിത്ത്

 

 

കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2022-23 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം. കെ. സാനു മാസ്റ്ററാണ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഫലപ്രഖ്യാപനം നടത്തിയത് .വിവിധ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്.

കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാര്‍ഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്യുന്ന യുവജനങ്ങളെയാണ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക ജൂറി അവാര്‍ഡിനായി തിരഞ്ഞെടുത്തത്.കലാ സാംസ്‌കാരിക മേഖലയില്‍ ചലച്ചിത്രനടന്‍ ആസിഫ് അലി അവാര്‍ഡിനര്‍ഹനായി.അഭിനയത്തികവോടെ വിഭിന്നങ്ങളായ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അഭിനയിച്ച് ഫലിപ്പിച്ച് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ യുവനടനായി പരിഗണിച്ചാണ് അവാര്‍ഡിനായി നിശ്ചയിച്ചത്.

ഇന്ത്യന്‍ കായിക ഭൂപടത്തില്‍ കേരളത്തിന്റെ സംഭാവനയായി ജ്വലിച്ചുയര്‍ന്ന ഒളിമ്പ്യന്‍ പി. ആര്‍. ശ്രീജേഷാണ് കായികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹനായത്.വാക്കുകളുടെ ലോകത്ത് യൗവനത്തിന്റെ പുതിയ ഭാഷയും ധിഷണയും കൊണ്ട് സ്വയം അടയാളപ്പെടുത്തിയ യുവ എഴുത്തുകാരി എം.കെ. ഷബിതയ്ക്കാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കണ്‍ പുരസ്‌കാരം.

കാര്‍ഷികരംഗത്ത് നൂതനമായ പരീക്ഷണങ്ങളിലൂടെ കാര്‍ഷിക സംസ്‌കാരത്തിന് യൗവനത്തിന്റെ ചടുലമായ മുഖം നല്‍കി വിജയിപ്പിച്ച എസ്. പി സുജിത്താണ് കാര്‍ഷികരംഗത്തു നിന്ന് അവാര്‍ഡിനര്‍ഹനായത്.പ്രകൃതി സൗഹൃദ വ്യാവസായിക മാതൃകയുടെ മുഖമായ സഞ്ചി ബാഗ്സ് സി.ഇ.ഒ. ആതിര ഫിറോസ് വ്യവസായം/സംരഭകത്വം മേഖലയില്‍ അവാര്‍ഡിനര്‍ഹനായി. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ കേരളത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായി മാറിയ ഗാന്ധിഭവന്‍ സാരഥി അമല്‍ രാജ് സാമൂഹിക സേവന മേഖലയില്‍ നിന്നും യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടു.

error: Content is protected !!