പത്തനംതിട്ട ജില്ലാ ആശുപത്രി വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് കേരള സര്‍ക്കാരിന്റെ ഭരണമികവിന്റേയും കരുതലിന്റേയും രംഗങ്ങള്‍ക്കായിരുന്നു. നാറാണംതോട് ബസ് അപകടത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരിമല തീര്‍ഥാടകരെ അവരവരുടെ നാട്ടിലേക്ക് യാത്രയാക്കി.
തമിഴ്‌നാട് മയിലാടുംതുറ സ്വദേശികളായ 24 പേരെയാണ് നാട്ടിലേക്ക് അയച്ചത്. പൊലീസ് വാഹനത്തില്‍ കൊട്ടാരക്കരയില്‍ എത്തിക്കുന്ന തീര്‍ഥാടകര്‍ അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് യാത്രതിരിക്കും. യാത്രയാക്കാന്‍ എത്തിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരോടും ജില്ലാ ഭരണകൂടത്തോടും കേരള സര്‍ക്കാരിനോടും നന്ദി പറഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങിയത്.
ബസ് അപകടത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത് മുതല്‍ പരിക്കേറ്റവര്‍ക്ക് വേണ്ട എല്ലാ ചികിത്സാ സഹായങ്ങളും ഒരുക്കി സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്, കൃഷിമന്ത്രി പി. പ്രസാദ്, ദേവസ്വംവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ തീര്‍ഥാടകരെ സന്ദര്‍ശിക്കുകയും പരിക്കേറ്റവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കുകയും ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, പിആര്‍ഒ ജി.സുധീഷ്, ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടി നഴ്‌സുമാരായ പി.വി. ചന്ദ്രമതി, ഗീതാമണി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ് എന്നിവര്‍ ജില്ലാ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.