Input your search keywords and press Enter.

മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 24ന് കോന്നി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തും

 

കോന്നി:ഗവ.മെഡിക്കൽ കോളേജ് സന്ദർശിക്കാൻ ഏപ്രിൽ 24ന് മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മെഡിക്കൽ കോളേജിലെ അക്കാദമിക്ക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.കോന്നി മെഡിക്കൽ കോളേജിലേക്ക് ആദ്യമായി എത്തുന്ന മുഖ്യമന്ത്രിയെ കോന്നി നാട് ഒന്നാകെ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി മെഡിക്കൽ കോളേജിലെത്തിയ എം.എൽ.എ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി.

രണ്ടാം ഘട്ട വികസനം

മെഡിക്കൽ കോളേജിന്‍റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നതായി എം.എൽ.എ പറഞ്ഞു.കിഫ്ബി യിൽ നിന്നും അനുവദിച്ച 352 കോടിയുടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പ്രധാനമായും നിർമ്മിക്കുന്നത് 200 കിടക്കകളുള്ള പുതിയ ആശുപത്രി കെട്ടിടമാണ്.നിർമ്മാണം പൂർത്തിയായാൽ നിലവിലുള്ള 300 കിടക്കകളുള്ള നിലവിലെ കെട്ടിടവുമായി പുതിയ കെട്ടിടം ബന്ധിപ്പിക്കും.അതോടെ 500 കിടക്കകളുള്ള ആശുപത്രിയായി മെഡിക്കൽ കോളേജ് മാറും.
രണ്ടാം ഘട്ടത്തിൽ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും ഹോസ്റ്റൽ നിർമ്മാണവും നടക്കുകയാണ്.ജൂൺ മാസത്തിൽ ഹോസ്റ്റലിൽ കുട്ടികളുടെ പ്രവേശനം സാധ്യമാക്കത്തക്ക നിലയിൽ വേഗത്തിലാണ് ഹോസ്റ്റൽ നിർമ്മാണം നടക്കുന്നത്. ആൺ കുട്ടികൾക്ക് 5 നിലയിലും, പെൺകുട്ടികൾക്ക് 6 നിലയിലുമുള്ള ഹോസ്റ്റലാണ് പൂർത്തിയാകുന്നത്.
ജീവനക്കാർക്ക് താമസിക്കുന്നതിന് 11 നിലകളുള്ള ഫ്ലാറ്റിൻ്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.നാല് ടവറുകളായാണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്.160 ജീവനക്കാക്കും, കുടുംബാംഗങ്ങൾക്കും ഫ്ലാറ്റിൽ താമസ സൗകര്യമുണ്ടായിരിക്കും.
ലോൺട്രി ബ്ലോക്കിന്‍റെ നിർമ്മാണവും 80 ശതമാനം പൂർത്തിയായി.
മെഡിക്കൽ കോളേജിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മോർച്ചറി, ആയിരം പേർക്കിരിക്കാവുന്ന ആഡിറ്റോറിയം, പ്രിൻസിപ്പാളിനു താമസിക്കുന്നതിനുള്ള ഡീൻ വില്ല എന്നിവയും രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി നിർമ്മിക്കുകയാണ്.

ലക്ഷ്യ പദ്ധതി.
നിലവിലുള്ള ആശുപത്രി കെട്ടിടത്തിൽ ലക്ഷ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഗൈനക്കോളജി വിഭാഗത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഗൈനക്കോളജി ഓപ്പറേഷൻ തീയറ്റർ, ഡലിവറി റൂം, വാർഡ് തുടങ്ങിയവ അത്യന്താധുനിക രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി എൻ.എച്ച്.എമ്മിൽ നിന്നും 3.3 കോടി രൂപയാണ് ചെലവഴിച്ചത്.കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാക്കോസ് ആണ് നിർമ്മാണം നടത്തിയത്.

ഐ.സി.യു
പീഡിയാട്രിക്ക് ഐ.സി.യു നിർമ്മാണം പൂർത്തീകരിച്ചു.എൽ.എച്ച്.എം ഫണ്ടിൽ നിന്നും 16 ലക്ഷം ഉപയോഗിച്ച് എച്ച്.എൽ.എൽ.ആണ് നിർമ്മാണം പൂർത്തിയാക്കിയത്.
സർജിക്കൽ ഐ.സി.യുവിൻ്റെ ഇൻ്റീരിയൽ വർക്ക് പൂർത്തിയാക്കാൻ കെ.എം.എസ്.സി.ൽ നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.മെഡിക്കൽ ഐ.സി.യു.വിൻ്റെ നിർമ്മാണവും കെ.എം.എസ്.സി.ൽ ആണ് നടത്തുന്നത്.

മോഡുലാർ ഓപ്പറേഷൻ തീയറ്റർ
അഞ്ച് മോഡുലാർ ഓപ്പറേഷൻ തീയറ്ററുകൾ കെ.എം.എസ്.സി.ൽ ആണ് ഏറ്റെടുത്ത് നിർമ്മാണം നടത്തുന്നത്.50 ശതമാനം നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇനിയും സ്റ്റെയിൻലെസ് സ്റ്റീൽ പാനൽ എത്തിച്ചേരാനുണ്ട്. അതിനു ശേഷം ഒ.റ്റി.ഇൻറഗ്രേഷൻ കൂടി പൂർത്തിയാക്കിയാൽ ഓപ്പറേഷൻ തീയറ്റർ പ്രവർത്തനസജ്ജമാകും.

മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ
മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ നിർമ്മാണം 90 ശതമാനവും പൂർത്തിയായി.ഓക്സിജൻ പ്ലാൻ്റിൽ നിന്നും പൈപ്പ് ലൈനിലൂടെയാണ് ഓക്സിജൻ ഓപ്പറേഷൽ തീയറ്ററിലും, ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലും എത്തിക്കുന്നത്.

മോഡുലാർ രക്ത ബാങ്ക്
മോഡുലാർ രക്ത ബാങ്കിന്‍റെ നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും.
രക്ത ബാങ്കിനുള്ള എൻ.ഒ.സി ലഭ്യമായി. ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരളാ ഡ്രഗ് കൺട്രോളർ ഓഫീസിൽ നിന്നുമാണ് ലൈസൻസ് ലഭിക്കേണ്ടത്.
കിഫ്ബിയിൽ നിന്നും 1.28 കോടി രൂപയുടെ ഉപകരണങ്ങളാണ് മോഡുലാർ രക്ത ബാങ്കിൽ സ്ഥാപിക്കുന്നത്. രക്തത്തിൽ നിന്നും ഘടകങ്ങൾ വേർതിരിക്കുന്നതിന് 45 ലക്ഷം വിലവരുന്ന ക്രയോ ഫ്യൂജ് , എലിസ പ്രൊസസർ ഉൾപ്പടെ 22 ഉപകരണങ്ങളാണ് കഫ്ബി ധന സഹായത്തിൽ കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വാങ്ങാൻ സപ്ലെളെ ഓർഡർ നല്കിയിട്ടുള്ളത്. രക്തം ശേഖരിക്കുന്നതിനുള്ള ഫ്രിഡ്ജ്, ഫ്രീസർ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും.

സപ്ളെ ഓർഡർ നല്കിയ 22 ഉപകരണങ്ങളിൽ മൾട്ടി ഫങ്ങ്ഷണൽ കൗച്ച് മൂന്ന് എണ്ണം ലഭ്യമായിട്ടുണ്ട്. ക്രോസ് മാച്ച് ചെയ്യുന്നതിനുള്ള ജെൽ കാർഡ് സെൻട്രി ഫ്യൂജ് 2 എണ്ണവും, ബ്ലഡ് എടുക്കാൻ ഉപയോഗിക്കുന്ന ബ്ലഡ് കളക്ഷൻ മോണിട്ടേഴ്സ് 3 എണ്ണവും കമ്പനികൾ എത്തിച്ചു നല്കിയിട്ടുണ്ട്.മറ്റു കമ്പനികളും ഉപകരണങ്ങൾ ഉടൻ തന്നെ എത്തിച്ചു നല്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഫെഡറൽ ബാങ്ക് 8.5 ലക്ഷം രൂപയുടെ സഹായവും നല്കിയിട്ടുണ്ട്.ഉപകരണങ്ങൾ ലഭ്യമായാൽ ഉടൻ തന്നെ ലൈസൻസ് ലഭ്യമാക്കാൻ കഴിയും. ഒരു മാസത്തിനുള്ളിൽ രക്ത ബാങ്ക് പ്രവർത്തനം ആരംഭിക്കാൻ കഴിയുന്ന നിലയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

സി.ടി.സ്കാൻ
സി.റ്റി.സ്കാൻ പൂർണ്ണ പ്രവർത്തനസജ്ജമായി.
5 കോടി ചെലവഴിച്ചാണ് ജി.ഇ.ഹെൽത്ത് കെയർ കമ്പനിയുടെ അത്യാധുനിക സി .ടി .സ്കാൻ സംവിധാനം മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയത്.ഇതോടെ രോഗനിർണ്ണയം വേഗത്തിൽ നടത്തി ആധുനിക ചികിത്സ രോഗികൾക്ക് ഉറപ്പാക്കാൻ കഴിയും.
സി.ടി.സ്കാൻ മുറി, സി.ടി. പ്രിപ്പറേഷൻ മുറി, സി.ടി.കൺസോൾ, സി.ടി. റിപ്പോർട്ടിംഗ് മുറി, റേഡിയോളജി സ്റ്റോർ മുറി,. യു.പി.എസ് മുറി, ഡോക്ടർമാർക്കും, നേഴ്സിംഗ് ഓഫീസർമാർക്കുമുള്ള മുറികൾ തുടങ്ങിയ സംവിധാനങ്ങളും അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി കൂടി മെഡിക്കൽ കോളേജിലേക്ക് എത്തുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനും, സമയബന്ധിതമായി പൂർത്തീകരിക്കാനും കഴിയുമെന്ന് എം.എൽ.എ പറഞ്ഞു.ആരോഗ്യ മന്ത്രി ഒന്നാം പരിഗണന നല്കി മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.കൂട്ടായ പ്രവർത്തനത്തിലൂടെ മെഡിക്കൽ കോളേജിനെ വേഗത്തിൽ പൂർണ്ണ സജ്ജമാക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയോടൊപ്പം പ്രിൻസിപ്പാൾ ഡോ:മെറിയം വർക്കി, സൂപ്രണ്ട് ഇൻചാർജ്ജ് ഡോ: ഷാജി അങ്കൻ, , ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ: റൂബി മേരി പയസ്,എച്ച്.എൽ.എൽ സീനിയർ മാനേജർ രതീഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

error: Content is protected !!