ജ്യോതിക്ക് ഇനിയും ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കിടക്കേണ്ടി വരില്ല കേട്ടോ.ഭിന്ന ശേഷിക്കാരിയായ ജ്യോതിക്ക് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു നല്‍കും എന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ജ്യോതിയോട് ഒരു ചുംബനത്തിന്റെ അകമ്പടിയോടെ പറയുമ്പോള്‍ സഹോദരി ഗിരിജയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വര്‍ഷങ്ങളായുള്ള സ്വന്തഭവനമെന്ന സ്വപ്നത്തിനാണ് ഇതോടെ ചിറകുവിരിഞ്ഞത്.
പൊട്ടിപ്പൊളിഞ്ഞ ജ്യോതിയുടെ വീടിന്റെ ശോചനീയാവസ്ഥ മാറ്റാന്‍ പുതിയ വീടിന് അപേക്ഷിക്കാനാണ് സഹോദരി ഗിരിജ ദിവസങ്ങള്‍ക്ക് മുന്‍പ് കളക്ടറേറ്റിലെത്തിയത്. അപേക്ഷ പരിശോധനയ്ക്കിടയില്‍ ജ്യോതിയ്ക്ക് രേഖകളൊന്നുമില്ലെന്ന് മനസിലായി. തുടര്‍ന്ന് ജില്ലാ കളക്ടറിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് ജ്യോതിക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ലഭ്യമാക്കിയത്.
മുട്ടം ഹരിജന്‍ കോളനിയിലെ ബ്ലോക്ക് ഇരുപത്തി ഒന്‍പതാം നമ്പര്‍ വീട്ടിലെത്തിയാണ് കളക്ടര്‍ ഭിന്നശേഷിക്കാരിയായ ജ്യോതിക്ക്(42) റേഷന്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും കൈമാറിയത്. വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന ജ്യോതിയെ സംരക്ഷിക്കുന്നത് സഹോദരി ഗിരിജയും ഗിരിജയുടെ മക്കളായ അനന്ദുവും അഭിജിത്തും ചേര്‍ന്നാണ്.
വളയും മാലയും ഏറെ ഇഷ്ടപ്പെടുന്ന ജ്യോതിക്ക് തന്റെ കൈയ്യിലുണ്ടായിരുന്ന കുപ്പിവളകള്‍ കളക്ടര്‍ ഊരി നല്‍കി ഒപ്പം ജ്യോതിക്കായി കരുതിയ ഓണക്കോടിയും.
തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, വൈസ് പ്രസിഡന്റ് തോമസ് ടി വര്‍ഗീസ്, പഞ്ചായത്ത് അംഗം കെ.സി.പവിത്രന്‍, സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ഷംലാ ബീഗം, ഐ.ടി. മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ധനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.