Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (18/09/2023)

ജനത സര്‍വീസ് യാത്ര ആരംഭിച്ചു

കുറഞ്ഞ ചെലവില്‍ എ സി ബസില്‍ യാത്ര ഒരുക്കി കെ എസ് ആര്‍ ടി സിയുടെ ‘ജനത സര്‍വീസ്’ന്റെ ആദ്യ യാത്രയുടെ ഫ്ളാഗ് ഓഫ് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. എല്ലാ ദിവസവും രാവിലെ 7.15 നും ഉച്ചക്ക് 2.20 നും കൊല്ലത്ത് നിന്ന് പുറപ്പെട്ട് തിരികെ 10 മണിക്കും വൈകിട്ട് അഞ്ചിനും തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസര്‍ ടി ആര്‍ ജോയ് മോന്‍, കെ എസ് ആര്‍ ടി സി വിജിലന്‍സ് ഐ സി ജി ജയകുമാര്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ് പെക്ടര്‍ കെ അനില്‍, ആര്‍ ടി എ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി രാജേഷ്, ബി ടി സി ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ മോനായി ജി കൃഷ്ണ, ക്ലസ്റ്റര്‍ ഇന്‍സ്‌പെക്ടര്‍ ഡി പ്രജിത്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എസ് എസ് വിഷ്ണു, സ്റ്റേഷന്‍ മാസ്റ്റര്‍ ബി അമാന്‍ കെ സ് ആര്‍ ടി സി ജീവനക്കാരും, യാത്രക്കാരും പങ്കെടുത്തു.

 

വ്യൂ ടവര്‍ നിര്‍മിക്കുന്നു

കരവാളൂര്‍ പഞ്ചായത്തില്‍ വനംവകുപ്പ് നടപ്പാക്കുന്ന നഗരവനം പദ്ധതി പ്രദേശത്ത് വ്യൂ ടവര്‍ ഒരുക്കുന്നു. ഉയര്‍ന്ന പ്രദേശത്ത് പത്തടി ഉയരത്തില്‍ ടവര്‍ നിര്‍മിക്കുന്നതിന് കരാര്‍ നല്‍കി.വ്യൂ ടവറിനു പുറമേ ശലഭോദ്യാനം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പരിസ്ഥിതി ഷോപ്പ്, സ്മൃതിവനം, നക്ഷത്രവനം, ശൗചാലയം, വിശ്രമസ്ഥലങ്ങള്‍ എന്നിവ സജ്ജമാക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

കേളങ്കാവിലെ 56 ഹെക്ടറില്‍ തദ്ദേശീയ വൃക്ഷങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ചാണ് നഗരവനം സൃഷ്ടിക്കുന്നത്. കാഞ്ഞിരം, എബണി, ചെങ്കുറിഞ്ഞി, നാങ്ക്, വെള്ളകില്‍, വെള്ളപ്പൈന്‍, ഉണ്ടപ്പൈന്‍, കുടംപുളി, കമ്പകം അടക്കമുള്ള തദ്ദേശീയ വൃക്ഷങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. രണ്ടുകോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. ആദ്യ ഗഡുവായി 1.4 കോടി രൂപ അനുവദിച്ചു. പ്രദേശവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പരിസ്ഥിതി സ്നേഹികള്‍ക്കും പ്രയോജനപ്പെടും വിധമാണ് നിര്‍മാണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

 

താത്ക്കാലിക നിയമനം

ചടയമംഗലം ബ്ലോക്കില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആര്‍ സിയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എം കോം, ടാലി.

വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബര്‍ 25ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ, സിവില്‍സ്റ്റേഷന്‍ പി ഒ., കൊല്ലം – 691003 വിലാസത്തില്‍ ലഭിക്കണം.

 

ഫോട്ടോഗ്രാഫി മത്സരം

സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ കെ എസ് ഐ ഡി സി ‘വ്യവസായ കേരളം’ വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ അയക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നടപ്പിലാക്കിയ മാതൃകാ പദ്ധതികള്‍, വിജയകരമായി മുന്നേറുന്ന സംരംഭങ്ങള്‍ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. പ്രായപരിധിയില്ല. മത്സരാര്‍ഥി സ്വന്തമായി മൊബൈല്‍ ഫോണിലോ ഡി എസ് എല്‍ ആര്‍ ക്യാമറയിലോ പകര്‍ത്തിയ ചിത്രങ്ങള്‍ അടിക്കുറിപ്പോടെ അയയ്ക്കണം.

ഒരാള്‍ക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടര്‍ മാര്‍ക്കുള്ള ഫോട്ടോ പരിഗണിക്കില്ല .കളറിലോ ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ ഫോട്ടോകള്‍ അയക്കാം. വിദഗ്ധ ജൂറി തിരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകള്‍ കെ എസ് ഐ ഡി സി യുടെ ഫേസ്ബുക്ക് / ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. അതില്‍ കൂടുതല്‍ ലൈക്ക് അന്‍ഡ് ഷെയര്‍ ലഭിക്കുന്ന മൂന്ന് ഫോട്ടോകളാണ് വിജയിയായി പരിഗണിക്കുക. കെ എസ് ഐ ഡി സി യുടെ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7000 രൂപയും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5000 രൂപയും പ്രശസ്തിപത്രവും മൂന്നാമത്തെ ചിത്രത്തിന് 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കും കൂടാതെ മികച്ച ഏഴ് ഫോട്ടോകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും ഫോട്ടോയോടൊപ്പം മത്സരാര്‍ഥിയുടെ പേര് സ്ഥലം ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി [email protected] യില്‍ അയക്കണം . വിവരങ്ങള്‍ക്ക് കെ എസ് ഐ ഡി സി ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പേജ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2318922.

 

ബിസിനസ് എസ്റ്റാബ്ലിഷ് പ്രോഗ്രാം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ബിസിനസ് എസ്റ്റാബ്ലിഷ് പ്രോഗ്രാം സംഘടിപ്പിക്കുന്നു ഒക്ടോബര്‍ 4 മുതല്‍ 11 വരെ കളമശ്ശേരിയിലെ കിഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങിയ അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. മാര്‍ക്കറ്റിങ് സ്ട്രാറ്റെജീസ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4130 രൂപയാണ് ഫീസ്. www.kied.infoല്‍ സെപ്റ്റംബര്‍ 25നകം അപേക്ഷിക്കണം. തെരഞ്ഞെടുക്കുന്ന 35 പേര്‍ക്ക് ആണ് പരിശീലനം. ഫോണ്‍ 0484 2532890, 2550322, 9605542061.

 

അഭിമുഖം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത പ്ലസ് ടു സയന്‍സ്, ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബി സി വി റ്റി) കോഴ്‌സ് അല്ലെങ്കില്‍ തത്തുല്യം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ഡി സി വി റ്റി) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 18-41. ഒഴിവുകളുടെ എണ്ണം രണ്ട്. യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 23 രാവിലെ 11ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 0474 2575050.

 

ടെന്‍ഡര്‍

വെട്ടിക്കവല അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് കാര്‍/ ജീപ്പ് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് ഒന്നു വരെ. വിവരങ്ങള്‍ക്ക് വെട്ടിക്കവല അഡീഷണല്‍ ഐ സി ഡി എസ് ഫോണ്‍ 0474 2616660, 8281999116.

 

തടി വില്പനക്ക്

തെന്മല തടി ഡിപ്പോയില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള തേക്ക് തടിയുടെ ചില്ലറ വില്പന സെപ്റ്റംബര്‍ 25 മുതല്‍ നടത്തും. വീട് നിര്‍മിക്കുന്നതിനായി അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുമായെത്തി പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ അഞ്ച് ക്യൂ. മീറ്റര്‍ തടി വരെ വാങ്ങാം. ഫോണ്‍ 0471 2529145.

 

തടി ലേലം

തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ തേക്ക് മറ്റ് കട്ടിത്തടികള്‍ ഒക്‌ടോബറില്‍ ഇ-ലേലം നടത്തും .

അച്ചന്‍കോവില്‍ ആര്യങ്കാവ് തടി ഡിപ്പോ സെയില്‍സ് ഡിവിഷനില്‍ ഒക്‌ടോബര്‍ ഏഴിനും, കുളത്തൂപ്പുഴ ( അച്ചന്‍കോവില്‍ അനക്‌സ്) മുള്ളുമലയില്‍ 16നും അച്ചന്‍കോവില്‍ തെന്മല തടി ഡിപ്പോയില്‍ 25നുമാണ് ലേലം. രജിസ്‌ട്രേഷന് www.mstcecommerce.com, www.forest.kerala.gov.in. ഫോണ്‍ 0471 2360166.

 

ഗസ്റ്റ് അധ്യാപക നിയമനം

പുനലൂര്‍ കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മാത്തമാറ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഒരു സെറ്റ് ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 28 രാവിലെ 10 30 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍ 8606144316.

 

ക്ലിന്റ് സ്മാരക ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്ലിന്റ് സ്മാരക ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു . അഞ്ച് -എട്ട് വയസ്സ് വിഭാഗത്തില്‍ സാവന്‍ സുഗുണന്‍ (റോസ് ഡേല്‍ ഇ എം എല്‍ പി എസ്, പോളയത്തോട് ), ഇവാനിയ റേച്ചല്‍ മാത്യൂ (ബി എം എം സെകന്ററി സെന്ററല്‍ സ്‌ക്കൂള്‍ ശൂരനാട് ), ഹര്‍ഷ് ഫാത്തിമ (പി കെ പി എം എന്‍ എസ് എസ് യു പി എസ്, തെക്കേവിള എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്‍പത്-12വയസ്സ് വിഭാഗത്തില്‍ ശ്രീത ദത്ത് എസ് (സെന്റ് ജോസഫ് കോണ്‍വെന്റ് കൊല്ലം), അഭിനവ് എ എല്‍( ഗവ എസ് എന്‍ ഡി പി, പട്ടത്താനം), അനന്തകൃഷ്ണന്‍ (ശ്രീനാരായണ പബ്ലിക്ക് സ്‌കൂള്‍ )എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം നേടി. 13-16 വയസ്സ് വിഭാഗത്തില്‍ അനന്യ എസ് സുഭാഷ് (വിമല ഹൃദയ, കൊല്ലം), ഗൗതം ജെ എസ് (വിമല സെന്ററല്‍ സ്‌ക്കൂള്‍, ചാത്തന്നൂര്‍), ഗോപിക കണ്ണന്‍ ( എസ് എന്‍ ട്രസ്റ്റ് കൊല്ലം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക് അര്‍ഹരായി. മത്സര വിഭാഗങ്ങളില്‍ നാലും അഞ്ചും സ്ഥാനം നേടിയ ചിത്രങ്ങളും സംസ്ഥാന തല മത്സരത്തിന് അയക്കും.

 

അറിയിപ്പ്

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കേരളോത്സവം – 2023 സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് 2.30 ന്് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടും. ഗ്രാമപഞ്ചായത്തിലെ സാംസ്‌കാരിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടന, ഗ്രന്ഥശാല, ക്ലബുകള്‍ പ്രതിനിധികള്‍ പങ്കെടുക്കണം

 

ഹിന്ദി അധ്യാപക കോഴ്സിന് അപേക്ഷിക്കാം

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കില്‍ പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് അല്ലെങ്കില്‍ ബി എ ഹിന്ദി പാസായിരിക്കണം. പ്രായപരിധി 17നും 35 മധ്യേ. പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. അവസാനതീയതി സെപ്തംബര്‍ 30. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍- 04734296496, 8547126028.

 

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം ഫോണ്‍ 9995322755.

 

പി എം കിസാന്‍ പദ്ധതിയില്‍ അംഗമാകാം

പി എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018-19 ലെയും അതേ ഭൂമിയുടെ നിലവിലെയും കരമടച്ച് രസീത് ഉപയോഗിച്ച്ല്‍ www.pmkisan.gov.in അപേക്ഷിക്കാം. പദ്ധതിയില്‍ അനര്‍ഹരാകുന്നവരില്‍ നിന്നും ഇതുവരെ വാങ്ങിയ തുക തിരിച്ചു പിടിക്കും ടോള്‍ ഫ്രീ 18001801551. ഫോണ്‍ 0471 2964022, 2304022.
പി എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി ആധാര്‍ സീഡിംങ്, ഇ കെ വൈ സി ഭൂരേഖകള്‍ അപ്ലോഡ് ചെയ്യുക എന്നിവ വിജയകരമായി പൂര്‍ത്തിയാക്കാത്തവര്‍ സെപ്റ്റംബര്‍ 30 നകം താഴെപ്പറയുന്നവ പൂര്‍ത്തീകരിക്കണം.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. ആധാര്‍ കാര്‍ഡും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണുമായി കൃഷിഭവന്‍ നിര്‍ദേശിക്കുന്ന പോസ്റ്റ് ഓഫീസിലെത്തി സേവിങ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കണം. അക്ഷയ സി എസ് സി ജനസേവന കേന്ദ്രങ്ങള്‍ മുഖേന ഇ കെ വൈ സി പൂര്‍ത്തീകരിക്കണം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി പി എം കിസാന്‍ ജി ഒ ഐ എന്ന ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കള്‍ക്ക് നേരിട്ടും ഈ കെ വൈ സി പൂര്‍ത്തീകരിക്കാം.

ഇതുവരെ ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018-19ലെയും നിലവിലെയും ഭൂരേഖകള്‍, അപേക്ഷ എന്നിവ നേരിട്ട് സമര്‍പ്പിച്ച് പി എം കിസാന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ആധാര്‍ സീഡിങ് ഇ കെ വൈ സി ഭൂരേഖകള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തല്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിനായി സെപ്റ്റംബര്‍ മാസത്തില്‍ നടക്കുന്ന ക്യാമ്പയിനില്‍ പങ്കെടുക്കുവാന്‍ കര്‍ഷകര്‍ അവരുടെ കൃഷിഭൂമി സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ കൃഷിഭവനുമായി ബന്ധപ്പെടണം.

 

ബോധവത്കരണ ക്യാമ്പയിന്‍

കുടുംബശ്രീ മിഷന്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉപജീവന മേഖലയില്‍ മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ചെറു ധാന്യ കൃഷിയുടെ പ്രവര്‍ത്തനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിനും ചെറുധാന്യ സംരംഭകര്‍ക്ക് വിപണി കണ്ടെത്തുന്നതിനും നമത്ത് തീവനഗ എന്ന പേരില്‍ ചെറു ധാന്യ സന്ദേശയാത്ര സംഘടിപ്പിക്കും. സന്ദേശയാത്രയുടെ ഉദ്ഘാടന പ്രദര്‍ശന വിപണന പരിപാടി സെപ്റ്റംബര്‍ 19ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കലക്ടറേറ്റിന് സമീപം നടത്തും. പരമ്പരാഗത ഭക്ഷണ കഫേ, സെമിനാറുകള്‍, ഗോത്ര കലാരൂപ പ്രദര്‍ശനം എന്നിവയും ഉള്‍പ്പെടുത്തും. സന്ദേശയാത്ര ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

 

സിറ്റിങ് ഇന്ന് (സെപ്റ്റംബര്‍ 19) മുതല്‍

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഇന്ന് (സെപ്റ്റംബര്‍ 19) രാവിലെ 10 മണി മുതല്‍ സിറ്റിങ് നടത്തും. അംശദായം അടയ്ക്കാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ 0474 2766843, 0474 2950183.

സെപ്റ്റംബര്‍ 19ന് തഴവ, പാവുമ്പ (തഴവ പഞ്ചായത്ത് ഓഫീസ്), 21ന് തെന്മല, ആര്യങ്കാവ്, ഇടമണ്‍ (തെന്മല പഞ്ചായത്ത് ഓഫീസ്), 23ന് ഓച്ചിറ, ക്ലാപ്പന (ഓച്ചിറ ബ്ലോക്ക് ഓഫീസ്), 26ന് പൂയപ്പള്ളി, വെളിയം (പൂയപ്പള്ളി പഞ്ചായത്ത് ഓഫീസ്).

error: Content is protected !!