Input your search keywords and press Enter.

ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥൻ ( 98)അന്തരിച്ചു

 

രാജ്യത്തെ ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ ( 98) അന്തരിച്ചു .ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയാണ് വിടവാങ്ങുന്നത്

1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.

1943ലെ ബംഗാൾ മഹാക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണിമൂലം മരിക്കുന്നതിന് സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിർമാർജനം ചെയ്യുന്നതിനായി ജീവിതം അർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അതാണ് രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ചത്.

ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നായിരുന്നു ജനനം. ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം എസ് സ്വാമിനാഥൻ. സ്വാമിനാഥനെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയിൽനിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ (അന്ന് മഹാരാജാസ്) നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ തുടർപഠനം നടത്തി ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളരുകയായിരുന്നു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഡോ.എം.എസ്.സ്വാമിനാഥന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും മാര്‍ഗ്ഗദര്‍ശകമായ പ്രവര്‍ത്തനങ്ങളിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയും നമ്മുടെ രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്ത ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

”ഡോ. എം.എസ്. സ്വാമിനാഥന്‍ ജിയുടെ വിയോഗം അഗാധമായി ദുഃഖിപ്പിക്കുന്നു. നമ്മുടെ രാജ്യചരിത്രത്തിലെ വളരെ നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍, കാര്‍ഷിക മേഖലയിലെ അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശകമായ പ്രവര്‍ത്തനം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിയ്ക്കുകയും നമ്മുടെ രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്തു.

കാര്‍ഷികരംഗത്തെ വിപ്ലവകരമായ സംഭാവനകള്‍ക്കപ്പുറം, നൂതനാശയത്തിന്റെ ശക്തികേന്ദ്രവും നിരവധിപേരെ വളര്‍ത്തിയെടുത്തിരുന്ന ഉപദേശകനുമായിരുന്നു ഡോ. സ്വാമിനാഥന്‍. ഗവേഷണത്തിലും മാര്‍ഗ്ഗനിര്‍ദേശത്തിലുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എണ്ണമറ്റ ശാസ്ത്രജ്ഞരിലും കണ്ടുപിടുത്തക്കാരിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഡോ. സ്വാമിനാഥനുമായുള്ള സംഭാഷണങ്ങളെ ഞാന്‍ എപ്പോഴും വിലമതിക്കുന്നു. ഇന്ത്യയുടെ പുരോഗതി കാണാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ശ്ലാഘനീയമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും വരും തലമുറകള്‍ക്ക് പ്രചോദനമാകും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി” പ്രധാനമന്ത്രി എക്‌സില്‍ ഒരു ത്രെഡ് പോസ്റ്റ് ചെയ്തു

error: Content is protected !!