പത്തനംതിട്ട ജില്ലയുടെ 37-മത് ജില്ലാ കളക്ടറായി എ. ഷിബു ഐഎഎസ് ചുമതലയേറ്റു. രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തിയ ജില്ലാ കളക്ടറെ എഡിഎം ബി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.തുടര്‍ന്ന് കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ മുന്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടര്‍ എ. ഷിബുവിന് ചുമതല കൈമാറി.
ജില്ലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് കളക്ടറായി ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, എന്നിങ്ങനെ എല്ല വിഭാഗക്കാരെയും ഒപ്പം ചേര്‍ത്തുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും ഒരു മാതൃകാജില്ലയാക്കി പത്തനംതിട്ടയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം തിരുവനന്തപുരം കരമന സ്വദേശിയാണ്. ബി ടെക് (മെക്കാനിക്കല്‍), എം ബി എ ബിരുദധാരിയായ അദ്ദേഹം 2009 ല്‍ ഡെപ്യുട്ടി കളക്ടറായാണ് കേരളാ സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. ഹൗസിംഗ് കമ്മിഷണര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, എറണാകുളം ജില്ലാ വികസന കമ്മിഷണര്‍, കയര്‍ വികസന ഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ഷക്കീല, അമ്മ ആരിഫാ ബീവി എന്നിവര്‍ക്കൊപ്പമാണ് എ. ഷിബു ഐഎഎസ് ജില്ല കളക്ടറായി ചുമതലയേറ്റെടുക്കാന്‍ എത്തിയത്.