തിരുവനന്തപുരം: കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള 65-ാമത് ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ സാംസ്‌കാരിക സമ്മേളനം 30ന് ഉച്ചയ്ക്ക് 2.30 ന് കവടിയാർ കൊട്ടാരത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി മുഖ്യപ്രഭാഷണം നടത്തും. പമ്പ ബോട്ട് റേസ് വർക്കിങ് പ്രസിഡൻറ് വിക്ടർ. ടി. തോമസ് അധ്യക്ഷനാകും. വിവിധ രാഷ്ട്രീയ സാമൂഹിക മ തമേലധ്യക്ഷന്മാരും പങ്കെടുക്കും.
ഡിസംബർ 17ന് സംഘടിപ്പിക്കുന്ന ജലമേളയിൽ കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ വിവിധ ഇനത്തിലുള്ള നാൽപതിൽ പരം കളി വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും, ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ എന്നിവയെ കൂ ടാതെ വനിതകൾ തുഴയുന്ന തെക്കനോടി വള്ളങ്ങളുടെ മത്സരവും കാനോയിങ് കായാക്കിങ് മത്സരങ്ങളും നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജലോത്സവത്തിന്‍റെ ഭാഗമായി സെമിനാറുകൾ, സ്കൂൾ കോളജ് തലങ്ങളിൽ മദ്യം മയക്കുമരുന്ന് എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറുകൾ, വഞ്ചിപ്പാട്ട്, വള്ളപ്പാട്ട്, ഫോട്ടോഗ്രാഫി, ചിത്രരചന മത്സരങ്ങളും നാടൻപാട്ട്, കഥകളി, കളരിപയറ്റ് എന്നിവയുടെ പ്രദർശനവും നടത്തുന്നു. ഒന്നര ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളുവാൻ കഴിയുന്ന രീതിയിലുള്ള വാട്ടർ സ്റ്റേഡിയമാണ് സജ്ജമാക്കുന്നത്.
സ്റ്റാർട്ടിങ് പോയിന്റ് പത്തനംതിട്ട ജില്ലയിലും ഫിനിഷിങ് പോയിന്റ് ആലപ്പുഴ ജില്ലയിലുമായി രണ്ട് ജില്ലകളിലായി നടക്കുന്ന കേരളത്തിലെ ഏക മത്സര വള്ളം കളി എന്ന പ്രത്യേകതയും ഈ ജലോൽസവ ത്തിനുണ്ട്.
കളി വള്ളങ്ങളുടെ രജിസ്ട്രേഷൻ ഡിസംബർ മൂന്നു മുതൽ 10ന് വൈകീട്ട് അഞ്ചുവരെ നീരേറ്റുപുറം എഎസി ജങ്ഷനിലുള്ള സംഘാടക സമിതി ഓഫീസിൽ വച്ച് നടക്കും. ജലോത്സവ സമിതി സെക്രട്ടറി പുന്നൂസ് ജോസഫ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.ആർ.രാജേഷ്, കോർഡിനേറ്റർ അനീഷ് തോമസ് വാനിയേത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.