Input your search keywords and press Enter.

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

 

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. ശബരിമലയില്‍ അനിയന്ത്രിതമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. സന്നിധാനത്തെ ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി കൂട്ടാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യം ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. നിലവില്‍ ദിവസം 17 മണിക്കൂറാണ് നട തുറന്നിരിക്കുന്നത്.

രാവിലെ മലചവിട്ടിയ പലര്‍ക്കും ദര്‍ശനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ചിലഭാഗങ്ങളില്‍ ഭക്തര്‍ ബാരിക്കേഡുകള്‍ മുറിച്ചു കടന്നു. നടപ്പന്തലുകള്‍ ഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് പമ്പയില്‍ നിന്നു മല കയറിയവര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചിട്ടില്ല. മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂവില്‍ നില്‍ക്കുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ക്യൂ കോംപ്ലക്‌സ് പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയെങ്കിലും നിലവിലെ അവസ്ഥയ്ക്ക് മാറ്റമില്ല. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലാണ് ക്യൂ കോംപ്ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം എട്ട് വര്‍ഷത്തോളം ഉപയോഗിക്കാതെ കിടന്ന 18 ഹാളുകളാണ് ഇത്തവണ തിരക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്. കുട്ടികളും വൃദ്ധരും തളരുന്ന അവസ്ഥയുണ്ടായി. ആവശ്യത്തിന് ആംബുലന്‍സുകളില്ല. ദേവസ്വം ബോര്‍ഡിന്റെ ആംബുലന്‍സ് തകരാറിലാണ്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനായി ഹൈക്കോടതി മര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു.ഒരു ദിവസം പതിനെട്ടാംപടി കയറി ദര്‍ശനം നടത്താന്‍ കഴിയുക 76,500 പേര്‍ക്കാണെന്ന് കോടതി നിരീക്ഷിച്ചു. ദര്‍ശനസമയം കൂട്ടിയാല്‍ ഇത് ഏകദേശം 85,500 ആയി ഉയരും. എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങും സ്‌പോട്ട് ബുക്കിങ്ങും ഉള്‍പ്പെടെ ഒരുലക്ഷത്തിന് മേലെയാണ്.

error: Content is protected !!