Input your search keywords and press Enter.

നവകേരളസദസ് :പത്തനംതിട്ടയിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

 

*നാടിളക്കി കലാസാംസ്‌കാരിക പരിപാടികള്‍
* വിളംബരഘോഷയാത്ര ഇന്ന് (15) വൈകിട്ടു നാലിനു സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് അബാന്‍ ജംഗ്ഷന്‍ വരെ

സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസ് ജില്ലയിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

ആലപ്പുഴയിലെ സദസ് അവസാനിച്ച് 16 ന് വൈകിട്ട് അഞ്ചോടെ പത്തനംതിട്ട ജില്ലയിലേക്ക് കാബിനെറ്റ് ബസ് കടന്നുവരും. മുഖ്യമന്ത്രിയടങ്ങുന്ന സംഘത്തിന് ജില്ലാതിര്‍ത്തിയില്‍ വന്‍ സ്വീകരണമാണ് നല്‍കുക. ആരോഗ്യ, വനിതാ-ശിശു വികസനമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സജീവമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും സദസ് അരങ്ങേറുന്ന വന്‍വേദികള്‍ തയ്യാറായി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസിന്റെ സേനയെ വിന്യസിക്കും. പഴുതടച്ച ക്രമീകരണങ്ങളാണ് ജില്ലയിലെ പൊലീസ് സംഘം ഒരുക്കുന്നത്.

വേദിക്ക് അഭിമുഖമായി നിവേദനം സ്വീകരിക്കുന്നതിന് 20 ലേറെ കൗണ്ടറുകളാണ് സജ്ജീകരിക്കുക. ഈ കൗണ്ടറുകള്‍ സദസ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കും. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, പൊതുവായവ എന്നിങ്ങനെ വെവ്വേറെ കൗണ്ടറുകള്‍ സജ്ജീകരിക്കും. ടോയ്‌ലെറ്റുകള്‍, കുടിവെള്ളം തുടങ്ങിയവ എല്ലാ വേദികളിലും ഉറപ്പ് വരുത്തും. വേദിക്ക് അരികിലായി അടിയന്തരസാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ മെഡിക്കല്‍ ടീമിനേയും വിന്യസിക്കും. സദസ് അവസാനിച്ചാലുടന്‍ തന്നെ ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ വേദികള്‍ വൃത്തിയാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മണ്ഡലതല പ്രചരണപരിപാടികള്‍ വന്‍വിജയം

ജില്ലയിലെ അഞ്ച് എംഎല്‍എമാരുടേയും നേതൃത്വത്തില്‍ മണ്ഡലതല പ്രചരണപരിപാടികള്‍ സജീവമായി നടന്നു. മണ്ഡലതല സംഘാടകസമിതികള്‍ പ്രചരണപരിപാടികള്‍ക്കു ചുക്കാന്‍ പിടിച്ചു. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചു. നവകേരളസദസുമായി ബന്ധപ്പെട്ട് മണ്ഡലതലത്തില്‍ വിവിധ കായിക-കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു.
ഓരോ മണ്ഡലത്തിലേയും ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുന്നതിനു നോഡല്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിരുന്നു. പഞ്ചായത്തുതല സംഘാടകസമിതികളും രൂപീകരിച്ചു.

ജനങ്ങളുമായി സംവദിക്കുന്ന വീട്ടുമുറ്റസദസുകള്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും പൂര്‍ത്തിയാക്കി. നവകേരളസദസിന്റെ വരവറിയിച്ച് ജില്ലയിലെ അതതു പഞ്ചായത്തുകളില്‍ നടത്തിയ വിളംബരഘോഷയാത്ര നാടിന്റെ ഉത്സവമായി. ഇന്ന് (15) വൈകിട്ട് നാലിന് ജില്ലാതലത്തില്‍ ജനപ്രതിനിധികളുടേയും പൗരപ്രമുഖരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും പങ്കാളിത്തത്തോടെ വന്‍വിളംബരഘോഷയാത്രയാണ് സംഘടിപ്പിക്കുക. വിവിധ കലാരൂപങ്ങള്‍, ബാന്റ് മേളങ്ങള്‍, മുത്തുക്കുട തുടങ്ങിയവ അടങ്ങിയ വര്‍ണാഭമായ ഘോഷയാത്ര സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ചു നഗരം ചുറ്റി അബാന്‍ ജംഗ്ഷനില്‍ അവസാനിക്കും.

നവകേരളസദസ് അരങ്ങേറുക ഇപ്രകാരം :

ഡിസംബര്‍ 16 ന് വൈകിട്ട് ആറിന് തിരുവല്ല എസ് സി എസ് ഗ്രൗണ്ടില്‍ ജില്ലയിലെ ആദ്യസദസ് അരങ്ങേറും.
17 ന് രാവിലെ ഒന്‍പതിന് ആറന്‍മുള മണ്ഡലത്തിലെ സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ മീഡിയാ റൂമില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. രാവിലെ 11 ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. ഉച്ച കഴിഞ്ഞു മൂന്നിന് റാന്നി മാര്‍ സേവിയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും നാലിന് കോന്നി മണ്ഡലത്തിലെ സദസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ആറിന് അടൂര്‍ മണ്ഡലത്തിലേത് വൈദ്യന്‍സ് ഗ്രൗണ്ടിലും അരങ്ങേറും.

നവകേരളസദസ് ഭാവി കേരളത്തിന്റെ സൃഷ്ടിക്കായി :ഡപ്യൂട്ടി സ്പീക്കര്‍

നവകേരളസദസ് ഭാവി കേരളത്തിന്റെ സൃഷ്ടിക്കായാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.നവകേരള സദസ്സുമായി ബന്ധപ്പെട്ടു കൊടുമണ്‍ സര്‍വീസ് സഹകരണബാങ്ക് അങ്കണത്തില്‍ നടന്ന കാര്‍ഷികസെമിനാറും വിപണനമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാവികേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടു ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുന്നതിനും അവരുടെ നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. മണ്ഡലത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ 2,500 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു.

കൊടുമണ്ണില്‍ ഒരു കോടി രൂപ ചെലവില്‍ സ്മാര്‍ട്ട് കൃഷി ഭവന്‍ നിര്‍മ്മിക്കാന്‍ നടപടികളാരംഭിച്ചു. നിര്‍മ്മാണം നടന്നു വരുന്ന ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ എസ്റ്റിമേറ്റ് 38 കോടിയില്‍ നിന്ന് 54 കോടിയായി വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക വിഭവങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ കെ എസ് പ്രദീപ് കുമാര്‍ സംസാരിച്ചു.

യോഗത്തില്‍ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, കൊടുമണ്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ വിപിന്‍ കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ധന്യാ ദേവി, ഏഴംകുളം പഞ്ചായത്തംഗം ബാബു ജോണ്‍, കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എ എന്‍ സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!