Input your search keywords and press Enter.

നവകേരള സദസ്സ് : പത്തനംതിട്ട ജില്ലയിലെ സമഗ്ര വാര്‍ത്തകള്‍ ( 16/12/2023 )

 

നവകേരള സദസ്സ്: ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടര്‍

നവകേരള സദസ്സിനായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കേണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മണ്ഡലങ്ങളില്‍ ബഹുജനസദസ്സ് നടക്കുന്ന വേദിക്കരികിലായി നിവേദനം നല്‍കുന്നതിന് 20 കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് മുതല്‍ പരാതികള്‍ സ്വീകരിച്ച് തുടങ്ങും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പരാതിക്കാരുടെ എണ്ണം ക്രമതീതമായി വര്‍ധിച്ചാല്‍ കൂടുതല്‍ കൗണ്ടറുകള്‍ സജ്ജീകരിക്കും. പരാതി എഴുതി നല്‍കുന്നതിനായി ഹെല്‍പ് ഡെസ്‌ക് കൗണ്ടറുകളും പ്രവര്‍ത്തിക്കും.

എല്ലാ നിവേദനങ്ങളും നേരിട്ട് സ്വീകരിച്ച ശേഷം മാത്രമേ കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളൂ. മെഡിക്കല്‍ ടീമും സജ്ജമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തെ നവകേരസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും 16 ന് വൈകിട്ട് ജില്ലയിലേക്ക് പ്രവേശിക്കും. ജില്ലയിലേക്ക് പ്രവേശിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജില്ലാ അതിര്‍ത്തിയായ കുറ്റൂര്‍ ആറാട്ടുകടവില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് തിരുവല്ല മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയായ എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരും. തിരുവല്ലയിലെ സദസ്സ് അവസാനിച്ച ശേഷം രാത്രി മുഖ്യമന്ത്രിയും മന്ത്രിമാരും പത്തനംതിട്ടയില്‍ എത്തിച്ചേരും.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ടവ്യക്തികള്‍ പങ്കെടുക്കുന്ന പ്രഭാതയോഗം പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ 17ന് രാവിലെ ഒന്‍പതിന് നടക്കും. നവകേരള സൃഷ്ടിക്കുവേണ്ടി ഇവര്‍ മുന്നോട്ടു വയ്ക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ടശേഷം മുഖ്യമന്ത്രി മറുപടി നല്‍കും. വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രമുഖരുമായി അതതു മന്ത്രിമാരും ആശയവിനിമയം നടത്തും. ശേഷം 10:30 ന് പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആറന്മുള മണ്ഡലത്തിന്റെ ബഹുജനസദസ്സ് നടക്കും.തുടര്‍ന്ന് മൂന്നിന് റാന്നി മാര്‍ സേവിയസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ റാന്നി മണ്ഡലത്തിലെയും നാലിനു കോന്നി കെഎസ്ആര്‍ടി സി ബസ് സ്റ്റാന്‍ഡില്‍ കോന്നി മണ്ഡലത്തിലെയും വൈകിട്ട് ആറിന് അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ അടൂര്‍ മണ്ഡലത്തിലെയും സദസ്സ് നടക്കും. ജില്ലയിലെ പരിപാടി അവസാനിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാത്രി കൊട്ടാരക്കരയിലേക്ക് പോകും.

പൊതുസമ്മേളനത്തിന് മുന്നോടിയായി വിവിധ കലാപരിപാടികള്‍ പ്രധാന വേദിയില്‍ അരങ്ങേറും. മന്ത്രിമാര്‍ സംസാരിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ പ്രസംഗത്തോടെ പൊതുസമ്മേളനം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, എഡിഎം ബി രാധകൃഷ്ണന്‍, നോഡല്‍ ഓഫീസര്‍ എം അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

നവകേരളസദസ് : തിരുവല്ലയില്‍ ഇന്ന് (16) ഗതാഗതനിയന്ത്രണം

നവകേരളസദസ് ഇന്ന് (16) വൈകിട്ട് തിരുവല്ല മണ്ഡലത്തില്‍ എത്തുന്നതിനെ തുടര്‍ന്ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ടൗണിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി സെന്റ് .തോമസ് മര്‍ത്തോമസ്‌കൂള്‍ ഗ്രൗണ്ട്, എസ്എന്‍വി സ്‌കൂള്‍ ഗ്രൗണ്ട്, ബാലികാമഠം സ്‌കൂള്‍ ഗ്രൗണ്ട്, എംജിഎം സ്‌കൂള്‍ ഗ്രൗണ്ട്, മുനിസിപ്പല്‍ ഗ്രൗണ്ട്, മര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗ്രൗണ്ട് എന്നീ സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കുറ്റൂര്‍-വെസ്റ്റ് ഓതറ , തിരുമൂലപുരം എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ എസ് സി എസ് ജംഗ്ഷനില്‍ ആളെയിറക്കി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വഴി ബൈപാസിലൂടെ ബാലികാമഠം സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

പുളിക്കീഴ്, നിരണം , നെടുമ്പ്രം, പൊടിയാടി, കാവുംഭാഗം എന്നിവിടങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ക്രോസ് ജംഗ്ഷനില്‍ ആളെയിറക്കി പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വഴി തിരിഞ്ഞ് എംജിഎം സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കവിയൂര്‍, തോട്ടഭാഗം, മഞ്ഞാടി എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്‍വശം ആളെയിറക്കി മുനിസിപ്പല്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇടിഞ്ഞില്ലം, പെരിങ്ങര, കുറ്റപ്പുഴ, കുന്നന്താനം, മല്ലപ്പള്ളി എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്‍വശം ആളെയിറക്കി എസ് സി എസ് വഴി രാമന്‍ചിറ മുതല്‍ മുത്തൂര്‍ വരെയുള്ള എംസി റോഡിന്റെ ഇടതുവശം ചേര്‍ന്ന് പാര്‍ക്ക് ചെയ്യേണ്ടതും ചെറിയ വാഹനങ്ങള്‍ ആളെയിറക്കിയ ശേഷം കുറ്റപ്പുഴ മര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.

എടത്വ, പൊടിയാടി, മാന്നാര്‍ ഭാഗത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാവുംഭാഗത്ത് നിന്നും തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകേണ്ടതാണ്. ചങ്ങനാശ്ശേരിയില്‍ നിന്നും എടത്വ, മാന്നാര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇടിഞ്ഞില്ലത്ത് നിന്നും തിരിഞ്ഞ് കാവുംഭാഗം വഴി പോകേണ്ടതാണ്. പത്തനംതിട്ട , കോഴഞ്ചേരി ഭാഗത്ത് നിന്നും ചങ്ങനാശേരിക്ക് പോകുന്ന വാഹനങ്ങള്‍ മനയ്ക്കച്ചിറയില്‍ നിന്നും കിഴക്കന്‍ മുത്തൂര്‍ – മുത്തൂര്‍ വഴി പോകേണ്ടതാണെന്നും തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.

നവകേരളസദസ് :ആരോഗ്യസുരക്ഷാക്രമീകരണങ്ങളുമായി ജില്ലയിലെ മെഡിക്കല്‍ സംഘം സജ്ജം

 

സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസിന് ആരോഗ്യസുരക്ഷാക്രമീകരണങ്ങളുമായി ജില്ലയില്‍ മെഡിക്കല്‍ സംഘം സജ്ജമായിക്കഴിഞ്ഞു.

ഓരോ മണ്ഡലത്തിലെ വേദികളിലും നാലു ഡോക്ടര്‍മാരും നാലു പാരാമെഡിക്കല്‍ സ്റ്റാഫുകളും രണ്ട് ആംബുലന്‍സും ഉള്‍പ്പെടെയുള്ള താത്കാലിക ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്.

അവശ്യഘട്ടസഹായത്തിനായി ജില്ലയിലെ പത്ത് ആശുപത്രികളില്‍ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളുമായി സജ്ജമാണ്. തിരുവല്ല താലൂക്ക് ആശുപത്രി, പുഷ്പഗിരി മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ , റാന്നി താലൂക്ക് ആശുപത്രി, അങ്ങാടി മര്‍ത്തോമ മെഡിക്കല്‍ മിഷന്‍ സെന്റര്‍, കോന്നി താലൂക്ക് ആശുപത്രി, കോന്നി മെഡിക്കല്‍ കോളജ് , അടൂര്‍ ജനറല്‍ ആശുപത്രി, ലൈഫ് ലൈന്‍ ആശുപത്രി എന്നിവയാണ് മണ്ഡലാടിസ്ഥാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ആഘോഷമായി വിളംബരഘോഷയാത്ര; നവകേരളസദസിനെ സ്വീകരിക്കാനൊരുങ്ങി ആറന്മുള

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചാരണാര്‍ഥം പത്തനംതിട്ട നഗരത്തില്‍ ആറന്മുള മണ്ഡലതല വിളംബര ജാഥ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ.ഷിബു, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാന്നി റോളര്‍ സ്‌കേറ്റര്‍ ക്ലബ്ബിലെ കുട്ടി സ്‌കേറ്റര്‍മാരും ചെണ്ടമേളക്കാരും അകമ്പടി നയിച്ച ജാഥയ്ക്കു കഥകളി വേഷക്കാര്‍ പകിട്ടേകി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ ആരംഭിച്ച് അബാന്‍ ജംഗ്ഷനില്‍ സമാപിച്ച ജാഥയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

നവകേരളസൃഷ്ടിക്ക് ആവശ്യമായ ആശയരൂപീകരണം നടത്തുന്നതിന്റെ ഭാഗമായി ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നിവേദനങ്ങങ്ങളും സ്വീകരിക്കാനും ആവലാതികള്‍ മനസിലാക്കി പരിഹരിക്കാനുമാണ് നവകേരളസദസ് എന്ന ചരിത്രപ്രാധാന്യമുള്ള പരിപാടി നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജനപിന്തുണയും ജനപങ്കാളിത്തവും നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടാണ് നവകേരളസദസ് പര്യടനം തുടരുന്നത്. ജനങ്ങളുടെ സദസ്സാണ്, ജനങ്ങളുടെ സര്‍ക്കാരാണ്; കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഏവരും പങ്കെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിളംബരജാഥയിലുണ്ടായ ജനപങ്കാളിത്തം ആവേശം ഉളവാക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എ.ഷിബു പറഞ്ഞു.

ജാഥയ്ക്കു മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ടു വീലര്‍ റാലിയും ‘സ്ത്രീപക്ഷ നവകേരളം’ എന്ന വിഷയത്തില്‍ കോന്നി എന്‍എസ്എസ് കോളജിലെ എംഎസ്ഡബ്‌ള്യു വിദ്യാര്‍ത്ഥികളുടെ തീം ഷോയും അരങ്ങേറി. ഘോഷയാത്രയില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡന്റ് കെ.കെ അനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ജേക്കബ് ടി ജോര്‍ജ്, ബി. ജ്യോതി, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, എസ്പിസി കേഡറ്റുമാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, സി.ഡി.എസ്.എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഡിസംബര്‍ 17 ന് രാവിലെ 11ന് ജില്ലാ സ്റ്റേഡിയത്തിലാണ് ആറന്മുള നിയോജക മണ്ഡലത്തിലെ നവകേരളസദസ് നടക്കുന്നത്.

 

അടൂര്‍ മണ്ഡലം നവകേരള സദസ്സ് ഡിസംബര്‍ 17 നു നാലു മുതല്‍

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍: വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നടത്തുന്ന നവകേരള സദസ്സ് അടൂര്‍ റസ്റ്റ് ഹൗസിന് സമീപമുള്ള വൈദ്യന്‍സ് ഗ്രൗണ്ടില്‍ ഡിസംബര്‍ 17ന് നാലു മണിയ്ക്ക് അരങ്ങേറും. വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ മുഖ്യമന്ത്രി നവകേരള സദസില്‍ ആദരിക്കും. നാടോടി നൃത്തം, സംഘനൃത്തം, നാടന്‍ പാട്ട് തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും.

ജനകീയ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന നവകേരള സദസ്സില്‍ നിവേദനങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം വിവിധ വിഷയങ്ങളെ സംബന്ധിച്ച് അഭിപ്രായം രൂപീകരണം നടത്തുകയും ചെയ്യും. അടൂരിലെ നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി അടൂര്‍, പന്തളം നഗരസഭകളിലെ 61 വാര്‍ഡുകളിലായി 211 വീട്ടുമുറ്റ സദസ്സുകള്‍ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലെ 128 വാര്‍ഡുകളിലായി 768 വീട്ടുമുറ്റ സദസ്സുകള്‍ യോഗം ചേര്‍ന്നു. മണ്ഡലത്തില്‍ ആകെ 979 വീട്ടുമുറ്റ സദസ്സ് നിലവില്‍ യോഗം ചേര്‍ന്നു.

പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിനായി 25 കൗണ്ടര്‍ സജ്ജമാക്കും. പരാതികള്‍ സമര്‍പ്പിക്കുന്നതിനു വേണ്ടി സഹായം നല്‍കുന്നതിന് സന്നദ്ധസേവകരും ഉണ്ടാകും.
വാഹനപാര്‍ക്കിങ്ങിനായി ഗ്രീന്‍ വാലി കണ്ണങ്കോട് ചര്‍ച്ച് ഗ്രൗണ്ട്, കോട്ടമുകള്‍ പരുത്തിപ്പാറ റോഡിന്റെ കിഴക്ക് ഭാഗം, അടൂര്‍ ബൈപ്പാസ് റോഡിന്റെ പടിഞ്ഞാറ് ഭാഗം, പോലീസ് സ്റ്റേഷന്‍ മാര്‍ക്കറ്റ് റോഡ് പൂര്‍ണമായും, മുനിസിപ്പല്‍ ഗ്രൗണ്ട് എന്നിങ്ങനെ സൗകര്യം ഉണ്ടാകും. ഔദ്യോഗിക വാഹനങ്ങള്‍ റസ്റ്റ് ഹൗസില്‍ പാര്‍ക്ക് ചെയ്യാം.

നവകേരളസദസ് :അടൂര്‍ മണ്ഡലത്തിലെ പാര്‍ക്കിങ്

ഗ്രീന്‍ വാലി കണ്ണങ്കോട് ചര്‍ച്ച് ഗ്രൗണ്ട് , കോട്ടമുകള്‍ പരുത്തിപ്പാറ റോഡിന്റെ കിഴക്ക് ഭാഗം, അടൂര്‍ ബൈപ്പാസ് റോഡിന്റെ പടിഞ്ഞാറ് ഭാഗം, പോലീസ് സ്റ്റേഷന്‍ മാര്‍ക്കറ്റ് റോഡ് (പൂര്‍ണമായും), മുനിസിപ്പല്‍ ഗ്രൗണ്ട് എന്നിങ്ങനെ സൗകര്യം ഉണ്ടാകും. ഔദ്യോഗിക വാഹനങ്ങള്‍ റസ്റ്റ് ഹൗസില്‍ പാര്‍ക്ക് ചെയ്യാം.

നവകേരളസദസ് :തിരുവല്ലയില്‍ മൂന്നുമണി മുതല്‍ കലാവിരുന്ന്

സംസ്ഥാനസര്‍ക്കാരിന്റെ വികസനക്ഷേമപദ്ധതികള്‍ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങള്‍ മനസിലാക്കാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരളസദസിനായി ജില്ല ഒരുങ്ങി. ഇന്നു (16) വൈകിട്ട് ആറിനാണ് തിരുവല്ല മണ്ഡലത്തില്‍ ജില്ലയിലെ ആദ്യസദസ് അരങ്ങേറുക. സദസ് ആരംഭിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുന്‍പ് വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറും. മൂന്നു മുതല്‍ ആരംഭിക്കുന്ന കലാവിരുന്നില്‍ ഭരതനാട്യം, സിനിമാഗാനം, സംഘനൃത്തം, പാട്ട്, വയലിന്‍-ഫ്യൂഷന്‍, കോല്‍ക്കളി, നാടന്‍പാട്ട്, മിമിക്രി, മോഹിനിയാട്ടം, സംഘനൃത്തം എന്നിവ അരങ്ങേറും.

നവകേരള സദസ്സ്: തിരുവല്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി

നവകേരളസദസിന്റെ ആദ്യ വേദിയായ തിരുവല്ലയിലെ എസ് സി എസ് സ്‌കൂള്‍ ഗ്രൗണ്ട് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ എ ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലത്തിലെ വേദിയും ഇരിപ്പിടങ്ങളും മറ്റ് ക്രമീകരണങ്ങളും നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിനായുള്ള കൗണ്ടറുകളും സംഘം പരിശോധിച്ചു.

നിവേദനം സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, തഹസീല്‍ദാര്‍ പി എ സുനില്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

നവകേരള സദസ്സിനെ സ്വീകരിക്കാന്‍ റാന്നി നിയോജക മണ്ഡലം സജ്ജം : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

റാന്നി നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി ടിബിയില്‍ നവകേരള സദസ് സംബന്ധിച്ച പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ . 17 ന് ഉച്ചയ്ക്ക് മൂന്നിനു റാന്നി മാര്‍ സേവിയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് സദസ് സംഘടിപ്പിക്കുന്നത്.

അന്‍പതിനായിരം ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും. പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുവാന്‍ 20 കൗണ്ടറുകള്‍ തയ്യാറായി. അംഗപരിമിതര്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി അഞ്ചു കൗണ്ടറുകള്‍ സജ്ജീകരിക്കും. രാവിലെ 11 മുതല്‍ കൗണ്ടറുകളില്‍ പരാതി സ്വീകരിക്കും. മൂന്നു ജീവനക്കാര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ ഓരോ കൗണ്ടറിലും ഉണ്ടാവും. ജീവനക്കാര്‍ക്കും വാളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കി. ഒന്നര മുതല്‍ വേദികളില്‍ കലാപരിപാടികള്‍ ആരംഭിക്കും.

രക്ഷാധികാരി എക്‌സ് എം എല്‍ എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, കണ്‍വീനര്‍ റാന്നി തഹസീല്‍ദാര്‍ അജിത് കുമാര്‍, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റജി, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി സാം, ഉണ്ണി പ്ലാച്ചേരി, ജോജോ കോവൂര്‍ എന്നിവര്‍ പങ്കെടുത്തു

നവകേരളസദസ് :റാന്നി പാര്‍ക്കിങ് ക്രമീകരണങ്ങള്‍

നവകേരളസദസ്സില്‍ പങ്കെടുക്കുവാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തി. വലിയ പാലം കടന്നു വരുന്ന വാഹനങ്ങള്‍ ബ്ലോക്ക് പടിക്ക് ശേഷമുള്ള പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഇടത് ഭാഗത്തും വൈക്കം പെട്രോള്‍ പമ്പ് മുതല്‍ മന്ദിരം പടി വരെയുള്ള പഴയ സംസ്ഥാന പാതയുടെ വശങ്ങളിലും പാര്‍ക്ക് ചെയ്യും.

മറുഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ ഇട്ടിയപ്പാറ ബസ്റ്റാന്‍ഡ്, സെന്റ് മേരീസ് സ്‌കൂള്‍ മൈതാനം, എസ് സി സ്‌കൂകൂളിന്റെ മൈതാനങ്ങള്‍, അങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് പരിസരം, പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ചെത്തോങ്കര മുതല്‍ മന്ദമരുതി വരെയുള്ള ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യാം.

നവകേരള സദസ് : അടൂരിൽ ചിത്രകലാകാരൻമാർ സംഘ ചിത്രരചന സംഘടിപ്പിച്ചു

ഡിസംബർ 17ന് അടൂരിൽ എത്തുന്ന നവകേരള സദസ്സിന് മുന്നോടിയായി നടത്തിയ സംഘ ചിത്രരചന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംഘ ചിത്രരചനയിൽ പതിനഞ്ചോളം ചിത്രകാരന്മാരാണ് പങ്കാളിയായത്. മനു ഒയാസിസ്, ആർ പ്രകാശം, കെ പി രഘു, ആർ സതീഷ് , രാജേഷ് പറന്തൽ,അടൂർ രാജു, നിസരി രാജൻ,പുതുമ തുടങ്ങിയവർ ചിത്രരചനയ്ക്ക് നേതൃത്വം നൽകി. നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ് കൗൺസിലർ ബാബു ജോൺ, പി ബി ഹർഷകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

 

error: Content is protected !!