Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 18/12/2023 )

 

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

കുളനട ഗ്രാമപഞ്ചായത്തിലെ എംജിഎന്‍ആര്‍ഇജിഎസ് വിഭാഗത്തിലെ അക്രഡിറ്റഡ് എഞ്ചിനീയറിംഗ് തസ്തികയിലെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. യോഗ്യത : സിവില്‍ /അഗ്രികള്‍ചറല്‍ എഞ്ചിനീയറിംഗ് ബിരുദം /ത്രിവത്സര ഡിപ്ലോമ (പ്രവൃത്തിപരിചയം ഉളളവര്‍ക്ക് മുന്‍ഗണന).

ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ചുവര്‍ഷം തൊഴിലുറപ്പ് പദ്ധതി /തദ്ദേശ സ്വയംഭരണ /സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ /പൊതുമേഖലാ /സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയവും. അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് 10 വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖലാ /സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയവും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍ : 04734-260272.

സൗജന്യപരിശീലനം

പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ഹാന്‍ഡ് എംബ്രോയിഡറി, ട്രെയ്‌സിംഗ്, ഫ്ലാറ്റ്സ്റ്റീച്ചസ്, ലൂപ്പ്സ്റ്റീച്ചസ്, നൊട്ടേഡ്സ്റ്റീച്ചസ്, മെഷീന്‍എംബ്രോയിഡറി, ഫാബ്രിക്പെയിന്റിംഗ്, ഫിംഗര്‍പെയിന്റിംഗ്, നിബ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രൈപെയിന്റിംഗ് പരിശീലനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 44 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍ 0468 2270243, 8330010232.

വാര്‍ഷിക പുതുക്കല്‍ നടത്താം

കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പെന്‍ഷന്‍ പ്രായം പൂര്‍ത്തീകരിക്കാത്ത എല്ലാ അംഗതൊഴിലാളികളും 2023 വര്‍ഷത്തെ വാര്‍ഷിക പുതുക്കല്‍ 2024 ജനുവരി ഒന്നുമുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ നടത്താം. പൂരിപ്പിച്ച നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം ക്ഷേമ ബോര്‍ഡില്‍ നിന്നും ലഭിച്ചിട്ടുളള ഐഡന്റിറ്റി കാര്‍ഡ്, അംശദായം അടയ്ക്കുന്ന പാസ് ബുക്ക് അല്ലെങ്കില്‍ തന്‍ വര്‍ഷം അംശദായം ഒടുക്കിയ രസീത്് എന്നിവയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷയില്‍ അംഗതൊഴിലാളിയുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തി ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ മുഖാന്തിരം ബുക്കുകള്‍ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍ – 0468 2324947.

ടെന്‍ഡര്‍ ക്ഷണിച്ചു

റാന്നി എം സി സി എം താലൂക്ക് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ മോസ്‌കിറ്റോ നെറ്റ് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 9188522990.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) ആവശ്യത്തിലേക്കായി 7 സീറ്റിംഗ് സൗകര്യമുളള ടാക്സി വാഹനങ്ങള്‍ (ഡ്രൈവര്‍ സഹിതം) മാസവാടകയ്ക്ക് എടുക്കുന്നതിന് താത്പര്യമുളള കക്ഷികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04734 226063.

സാക്ഷ്യപത്രം ഹാജരാക്കണം

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിനു താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍ വിവാഹിതയല്ല/ വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ 31 നകം പഞ്ചായത്തോഫീസില്‍ ഹാജരാക്കണമെന്ന് ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ക്രിസ്തുമസ് ന്യൂഇയര്‍ ഓഫര്‍

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നു. കയര്‍ഫെഡ് മെത്തകള്‍ക്ക് 30 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടും സ്പ്രിംഗ്മെത്തകള്‍ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡ് മെത്ത, ബെഡ്ഷീറ്റ്, തലയിണ, സൂരജ്ഗോള്‍ഡിനൊപ്പം ബഡ്ഷീറ്റ്, തലയിണ, ഡോര്‍മാറ്റ്എന്നിവയും 6800 രൂപ വിലയുള്ള ലൈഫ് മെത്തയോടൊപ്പം അതേവിലയ്ക്കുള്ള മറ്റൊരു മെത്ത സൗജന്യവും ലഭിക്കും. 3400 രൂപ മുതല്‍ ഡബ്ബിള്‍കോട്ടുമെത്തയും, കയര്‍മാറ്റുകള്‍, പി.വി.സി. മാറ്റുകള്‍, ഡോര്‍മാറ്റുകള്‍ എന്നിവയ്ക്ക് 10 മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ടും, സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍എന്നിവര്‍ക്ക് പലിശ രഹിതവായ്പയും, പ്രത്യേകഡിസ്‌കൗണ്ടോടെ ജനുവരി 15 വരെ ലഭിക്കും. ഫോണ്‍: 9447861345.

റദ്ദായ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

01.01.2000 മുതല്‍ 31.10.2023 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതെ റദ്ദായ തൊഴില്‍ രജിസ്ട്രേഷനുകള്‍ സീനിയോരിറ്റി നഷ്ടമാകാതെ 31 ജനുവരി 2024 വരെ പുതുക്കി പുനസ്ഥാപിക്കുന്നതിനു അവസരം ഉണ്ടായിരിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104

 

നവകേരള സദസ്സ് : ജില്ലയില്‍ ആകെ ലഭിച്ചത് 23,610 നിവേദനങ്ങള്‍

ഡിസംബര്‍ 16,17 തീയതികളിലായി പത്തനംതിട്ട ജില്ലയില്‍ നടന്ന നവകേരള സദസ്സില്‍ ആകെ ലഭിച്ചത് 23,610 നിവേദനങ്ങള്‍. തിരുവല്ല – 4840, ആറന്മുള – 5558, റാന്നി – 3964, കോന്നി – 4516, അടൂര്‍ – 4732 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്ക്. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കുള്‍പ്പെടെ 20 മുതല്‍ 25 കൗണ്ടറുകളാണ് മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നത്. സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ വേദിക്ക് സമീപത്തായി കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. സദസ്സിന് ശേഷവും നിവേദനങ്ങള്‍ സ്വീകരിക്കുന്നതുവരെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു.

കെഎസ് ഇബി മുന്നറിയിപ്പ്

ക്രിസ്തുമസ് നവവത്സര ഉത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോള്‍ വൈദ്യുത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാത്ത പക്ഷം വൈദ്യുത അപകടങ്ങള്‍ സംഭവിക്കും.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ.
താത്ക്കാലിക ആവശ്യത്തിന് എടുക്കുന്ന വൈദ്യുത കണക്ഷന്റെ തുടക്കത്തില്‍ തന്നെ പ്രവര്‍ത്തനക്ഷമായ 30 മില്ലി ആമ്പിയര്‍ സെന്‍സിറ്റിവിറ്റിയുളള എര്‍ത്ത് ലീക്കേജ് സുരക്ഷാസംവിധാനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. കൂടുതല്‍ സര്‍ക്യൂട്ടുകള്‍ ഉണ്ടെങ്കില്‍, ഓരോ സര്‍ക്യൂട്ടിനും ഈ സംവിധാനം നല്‍കുന്നത് ഉചിതമാണ്.

യാതൊരു കാരണവശാലും മെയിന്‍ സ്വിച്ചില്‍ നിന്നോ എനര്‍ജി മീറ്ററിനുശേഷമുളള ഫ്യൂസ്, ന്യുട്രല്‍ലിങ്ക് ഇവയില്‍ നിന്നോ നേരിട്ട് വൈദ്യുതി എടുക്കാതിരിക്കുക.

വൈദ്യുതാലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഗുണനിലവാരം ഉളളതും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതും ആണെന്ന് ഉറപ്പു വരുത്തുക.

വിലക്കുറവ് നോക്കി വഴിയോരങ്ങളില്‍നിന്നും ഓണ്‍ലൈന്‍വഴിയും വാങ്ങുന്ന ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുന്നത് മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കും. ആയതിനാല്‍ വൈദ്യുത സാമഗ്രികളില്‍ ഐഎസ്ഐ മുദ്രണം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

സിംഗിള്‍ ഫേസ് വൈദ്യുതി എടുക്കുന്നതിന് മൂന്ന് കോര്‍ ഉളള ഡബിള്‍ ഇന്‍സുലേറ്റഡ് കേബിള്‍ / വയര്‍ മാത്രമേ ഉപയോഗിക്കാവൂ. ജോയിന്റ് / കേടായ കേബിള്‍ / വയറുകള്‍ ഉപയോഗിക്കരുത്. വൈദ്യുതി എടുക്കുന്നതിന് ത്രീ പിന്‍ പ്ലഗ്ഗുകള്‍ ഉപയോഗിക്കണം.

ജനല്‍, വാതില്‍ മറ്റ് ലോഹങ്ങള്‍ എന്നിവയില്‍ മുട്ടുന്ന രീതിയില്‍ വയറുകള്‍ വലിക്കരുത്. കൈ എത്തുന്ന അകലത്തില്‍ വയറുകളോ ഉപകരണങ്ങളോ ഇല്ല എന്ന് ഉറപ്പുവരുത്തണം.പിണഞ്ഞുളള പ്ലാസ്റ്റിക് വയറുകള്‍ വൈദ്യുതി എടുക്കുന്നതിനോ അലങ്കാരത്തിനോ ഉപയോഗിക്കരുത്. ഇത് തീ പിടുത്തം ഉണ്ടാകുന്നതിന് കാരണമാകും.

ഫേസില്‍ അനുയോജ്യമായ ഫ്യൂസ്/ എംസിബി ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഔട്ട്ഡോര്‍ ഉപയോഗത്തിന് എന്ന് രേഖപ്പെടുത്തിയ ഉപകരണങ്ങള്‍ മാത്രമേ ഔട്ട്ഡോറില്‍ ഉപയോഗിക്കാവൂ.ഏതെങ്കിലും സാഹചര്യത്തില്‍ ഫ്യൂസ് പോവുകയോ എംസിബി/ ആര്‍സിസിബി ട്രിപ്പ് ആകുകയോ ചെയ്താല്‍ ആയതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചതിനുശേഷം മാത്രം വീണ്ടും ചാര്‍ജ്ജ് ചെയ്യുക.

വൈദ്യുതി ഉപയോഗിച്ചിട്ടുളള പ്രവ്യത്തികള്‍ ഒറ്റയ്ക്ക് ചെയ്യരുത്.
എര്‍ത്തിംഗ് സംവിധാനം ശരിയായ രീതിയില്‍ പരിപാലിക്കപ്പെടുന്നു എന്ന് ഉറവപ്പുവരുത്തണം.വൈദ്യുത സംബന്ധമായ ഏതു പ്രവ്യത്തിയും സര്‍ക്കാര്‍ അംഗീക്യത ലൈസന്‍സുളള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴിമാത്രം ചെയ്യുകയും, ആയതിന് ബന്ധപ്പെട്ട കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ സെക്ഷന്‍ ഓഫീസില്‍ നിന്ന് അനുമതി നേടുകയും ചെയ്യണം.

കെഎസ്ഇബി യുടെ വൈദ്യുതി ഉളള സ്ഥലങ്ങളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ചെയ്ഞ്ച് ഓവര്‍ സ്വിച്ച് നിര്‍ബന്ധമായും സ്ഥാപിക്കണം.വൈദ്യുത ദീപാലങ്കാരങ്ങളും കമാനങ്ങളും വൈദ്യുത ലൈനുകള്‍, ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷന്‍ ഇവയുടെ സമീപത്ത് സ്ഥാപിക്കരുത്. ഫോണ്‍ : 0468-2223123.

ഏകാരോഗ്യം – കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്കായുളള ഏകദിന പരിശീലനം സംഘടിപ്പിച്ചു

ഏകാരോഗ്യം പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്കുളള ഏകദിന പരിശീലന പരിപാടികള്‍ പന്തളം തെക്കേക്കര, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സംഘടിപ്പിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ വി.പി. റാഹേല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യാധരപണിക്കര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ, വാര്‍ഡ് മെമ്പര്‍മാരായ ശ്രീവിദ്യ, പൊന്നമ്മ, ഏകാരോഗ്യം പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.അംജിത് രാജീവന്‍, തുമ്പമണ്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിമല്‍ഭൂഷന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആഷ, പന്തളം തെക്കേക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.രഞ്ജി, ഡിസ്ട്രിക്റ്റ് മെന്റര്‍ ഷെറീന ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.

കടമ്പനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ദിലീപ് ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഫൗസിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥന്‍ ഡോ.ഷാജി, കൃഷി വകുപ്പില്‍ നിന്നും സബ്ന, ജില്ലാ മെന്റര്‍മാരായ സുജാത, രാജു, കടമ്പനാട് പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജി.അനില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാരി എന്നിവര്‍ പങ്കെടുത്തു.
മനുഷ്യന്റെ ആരോഗ്യം മാത്രമല്ല മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം കൂടി കണക്കിലെടുത്ത് വിവിധ തലങ്ങളില്‍ രോഗനിരീക്ഷണവും കണ്ടെത്തലും ഇടപെടലുകളും നടത്തുന്നതിനുളള സമീപനമാണ് ഏകാരോഗ്യം പരിപാടി

മൃഗങ്ങളില്‍ നിന്നും മറ്റ് പാരിസ്ഥിതിക സ്രോതസുകളില്‍ നിന്നും പകരുന്ന പകര്‍ച്ചവ്യാധികള്‍ തിരിച്ചറിയുന്നതിനോ കണ്ടെത്തുന്നതിനോ ഒന്നിലധികം തലങ്ങളില്‍ രൂപകല്പന ചെയ്ത സംവിധാനങ്ങള്‍ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കുക വഴി മനുഷ്യര്‍, മൃഗങ്ങള്‍ അവര്‍ പൊതുവായി പങ്കിടുന്ന പരിസ്ഥിതി എന്നിവയിലെ എല്ലാ ആരോഗ്യപ്രശ്നങ്ങളും തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കും.

ഏകാരോഗ്യം പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കുകയും ജില്ലാതല മെന്റര്‍മാര്‍ കമ്മ്യൂണിറ്റി മെന്റര്‍മാര്‍ കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ എന്നിവരെ തിരഞ്ഞെടുത്തു. സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണത്തിനായി കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്കായുളള പരിശീലനം നടന്നു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിത കുമാരി അറിയിച്ചു.

error: Content is protected !!