ഭിന്നശേഷി വിഭാഗക്കാരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കും: അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍
ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുടെ സെന്‍സസ് അപ്‌ഡേഷന് പ്രത്യേക കര്‍മ്മപദ്ധതി തയാറാക്കി ജില്ലാ ആസൂത്രണസമിതിയില്‍ അവതരിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഭിന്നശേഷി സെന്‍സസ് അപ്‌ഡേഷന്‍, യുഡിഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍ എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പുതുക്കുന്നതിന് ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ സഹായത്തോടെ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
എല്ലാ ഭിന്നശേഷിക്കാര്‍ക്കും കഴിവതും വേഗം യുഡിഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും യുഡിഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ കാര്‍ഡുകള്‍ പൂര്‍ത്തികരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാരെ സ്വാവലംബന്‍ വെബ്സൈറ്റിലേക്ക് പേര് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും, കിടപ്പുരോഗികള്‍ ആയ ഭിന്നശേഷിക്കാരെ രജിസ്റ്റര്‍ ചെയ്യിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഓരോ പഞ്ചായത്തിലും, അക്ഷയ സെന്റര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ സേവനം ഉറപ്പ് വരുത്തി പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ മെഡിക്കല്‍ ക്യാമ്പ്, അദാലത്ത് എന്നിവ സംഘടിപ്പിക്കും. ഭിന്നശേഷി സംബന്ധമായ തിരിച്ചറിവ് പ്രാരംഭഘട്ടത്തില്‍ തന്നെ ഉണ്ടാകുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഏര്‍ളി ഇന്റെര്‍വെന്‍ഷന്‍ പ്രൊജക്റ്റ് നടപ്പിലാക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി. മോഹനന്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രീത, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലഹരിക്കെതിരെ ചെക്കു വെക്കാം:കുട്ടികള്‍ക്കായി എക്‌സൈസ് വകുപ്പിന്റെ ചെസ്സ് മത്സരം
സംസ്ഥാന എക്‌സൈസ് വിമുക്തി മിഷന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ലയണ്‍സ് ക്ലബ്ബ് റോയല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ജില്ലാതല ചെസ് മത്സരത്തിന്റെ ഉദ്ഘാടനം നാളെ (23) പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എ. ഷിബു നിര്‍വഹിക്കും. ‘ലഹരിക്കെതിരെ ചെക്കു വെക്കാം’ എന്ന മത്സരത്തിലെ വിജയികള്‍ക്ക് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാജീവ്. ബി.നായര്‍ സമ്മാനദാനം നിര്‍വഹിക്കുമെന്ന് വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ് കോഴ്സിനു ഓണ്‍ലൈനായി അപേക്ഷിക്കാം.പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ജില്ലയിലെ പഠനകേന്ദ്രം : വേദഗ്രാം ഹോസ്പിറ്റല്‍,ആറ്റരികം , ഓമല്ലൂര്‍ പി.ഒ, പത്തനംതിട്ട , പിന്‍ 689647. ഫോണ്‍: 9656008311. വെബ്‌സൈറ്റ് : www.srccc.in.
സ്പെഷ്യല്‍ റിവാര്‍ഡ്
കേരള മോട്ടോര്‍ തൊഴിലാളിക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളുടെ മക്കളില്‍ സംസ്ഥാന ദേശീയതലത്തില്‍ കലാകായിക അക്കാദമിക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരില്‍ നിന്നും 2022-23 അധ്യയനവര്‍ഷത്തെ സ്പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 2024 ജനുവരി 10 ന് മുമ്പായി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ ; 04682 320158.
കണ്‍സ്യൂമര്‍ഫെഡിന്റെ കിസ്തുമസ് -പുതുവത്സര വിപണി
ക്രിസ്തുമസ് -പുതുവത്സര സബ്സിഡിയുടെ വിപുലമായ തയാറെടുപ്പുകളുമായി കണ്‍സ്യൂമര്‍ഫെഡ്. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ക്രിസ്തുമസ് -പുതുവത്സര വിപണിയുടെ ഉദ്ഘാടനം 23 ന് രാവിലെ 9.45 ന് മാര്‍ക്കറ്റ് റോഡില്‍ ധനലക്ഷ്മി ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ആദ്യവില്‍പന വാര്‍ഡ് മെമ്പര്‍ സിന്ധു അനില്‍ നിര്‍വഹിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ 23 മുതല്‍ 30 വരെ നടക്കുന്ന വിപണിയിലൂടെ 30 മുതല്‍ 50 ശതമാനം വരെ വിലകുറവില്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും. പൊതുവിപണിയേക്കാള്‍ 20 ശതമാനം വരെ വിലകുറവില്‍ മറ്റു നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യും.