Input your search keywords and press Enter.

മണ്ഡലപൂജ ഇന്ന്; ശബരിമല നട അടയ്ക്കും: ഡിസംബർ 30 ന് തുറക്കും

 

നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനത്തിനു ഇന്നു(ഡിസംബർ 27) പരിസമാപ്തി. ഇന്നു രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. രാത്രി 11.00 മണിക്ക് ഹരിവരാസനം പാടി അടയ്ക്കുന്ന നട ഡിസംബർ 30ന് വൈകിട്ട് അഞ്ചു മണിക്കു മകരവിളക്ക് ഉത്സവത്തിനായി തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.

ഭക്തസാഗരത്തിന്റെ നടുവിൽ ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന. മണ്ഡല ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഇന്ന് (ഡിസംബർ 27) രാവിലെ 10.30 നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും.

മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്. ഇന്നലെ (ഡിസംബർ 26 ) ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തി ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകി.

എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു, അസിസ്റ്റന്റ എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ്, പോലീസ് അസിസ്റ്റന്റ് സ്‌പെഷൽ ഓഫീസർ സുരേഷ് ബാബു, വിജിലൻസ് സബ് ഇൻസ്‌പെക്ടർ ബിജു, ദേവസ്വം ബോർഡ് പി.ആർ.ഒ. സുനിൽ അരുമാനൂർ എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
പതിനെട്ടാംപടിക്കു മുകളിൽ ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ തങ്കഅങ്കി ഏറ്റുവാങ്ങി. ദേവസ്വം സ്‌പെഷൽ സെക്രട്ടറി എം.ജി. രാജമാണിക്യം, എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ, എ.ഡി.എം. സൂരജ് ഷാജി, സന്നിധാനം സ്‌പെഷൽ ഓഫീസർ കെ.എസ്. സുദർശൻ, ദേവസ്വം കമ്മിഷണർ സി.എൻ. രാമൻ എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്നു സോപാനത്തിൽ വച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും സഹശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. 6.41ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ അവസരം ഒരുക്കി.

error: Content is protected !!