തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടന്നു: മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടന്നു. രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടന്നത്.
മണ്ഡലപൂജയ്ക്ക് മുന്നോടിയായി കലശാഭിഷേകവും തുടര്‍ന്ന് കളഭാഭിഷേകവും നടന്നു. നാഗാലാന്‍ഡ് ഗവര്‍ണര്‍ എൽ. ഗണേശ്, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ അജികുമാര്‍, ജി. സുന്ദരേശന്‍, എഡിജിപി എം.ആര്‍ അജിത് കുമാര്‍, ദേവസ്വം സ്‌പെഷല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, എഡിഎം സൂരജ് ഷാജി, ദേവസ്വം കമ്മിഷണര്‍ സി.എന്‍ രാമന്‍, സന്നിധാനം സ്പെഷൽ ഓഫീസർ കെ.എസ്.സുദർശൻ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍
ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്തേക്ക് ഉണ്ടായതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മകരവിളക്കിനായി 30 ന് നട തുറക്കുമ്പോള്‍ ഭക്തരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. അതനുസരിച്ചുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നത് മികച്ച സൗകര്യങ്ങളെന്ന് നാഗാലാന്‍ഡ് ഗവര്‍ണര്‍
ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും സന്നിധാനത്തേക്കുള്ള വഴികളിലും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്നതെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശ്.
ശബരിമലയിലേക്കുള്ള റോഡുകള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10.30 ഓടെ സന്നിധാനത്തെത്തിയ അദ്ദേഹം തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയില്‍ പങ്കുകൊണ്ടു. സഹോദരനായ എല്‍. ഗോപാലന്‍, സഹോദരപത്‌നി ചന്ദ്ര ഗോപാലന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.