Input your search keywords and press Enter.

ശബരിമല വാര്‍ത്തകള്‍/വിശേഷങ്ങള്‍ ( 29/12/2023)

 

തടസ്സമില്ലാതെ വൈദ്യുതി നൽകി ശബരിമല കെഎസ്ഇബി

മണ്ഡലകാലത്ത് നവംബർ 17 മുതൽ ഡിസംബർ 27 വരെ ഇടതടവില്ലാതെ 41 ദിവസവും വൈദ്യുതി നൽകി കേരള സംസ്ഥാന വൈദ്യുതി ബോർഡ്.
മണ്ഡലകാലത്തിനു രണ്ടുമാസം മുൻപ് തന്നെ അറ്റകുറ്റപ്പണികൾ കെഎസ്ഇബി ആരംഭിച്ചിരുന്നു. ദേവസ്വം ബോർഡിന്റെയും കേരള ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്.

മണ്ഡല പൂജയ്ക്കു ശേഷം നടയടച്ച 28, 29 തീയതികളിൽ അടുത്ത 21 ദിവസത്തേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് കെഎസ്ഇബി.
പമ്പ മുതൽ സന്നിധാനം വരെയുള്ള എല്ലാ ട്രാൻസ്ഫോർമറുകളും ലൈനുകളും പൂർണമായി പരിശോധിച്ച് അറ്റകുറ്റ പണികൾ നടത്തി ഇടതടവില്ലാതെ വൈദ്യുതി നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരുന്നു. പമ്പയിലും സന്നിധാനത്തുമായി 25 സ്ഥിര ജീവനക്കാരും കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരും കർമ്മനിരതരായി പ്രവർത്തിച്ചുവരുകയാണെന്ന് സന്നിധാനം അസിസ്റ്റന്റ് എൻജിനീയർ അനിൽകുമാർ പറഞ്ഞു.

സന്നിധാനവും പതിനെട്ടാം പടിയും ശുചീകരിച്ചു

ശബരിമല : മണ്ഡലകാല പൂജകൾ കഴിഞ്ഞ് നട അടച്ചതോടുകൂടി ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പതിനെട്ടാംപടിയും സന്നിധാനവും വെള്ളം ഒഴിച്ച് വൃത്തിയാക്കി.
മരാമത്ത് വകുപ്പും കേരള അഗ്നിരക്ഷാസേനയും ശബരിമല വിശുദ്ധി സേനയും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

മണ്ഡലപൂജകൾ കഴിഞ്ഞു നടയടച്ചതിനു ശേഷമുള്ള ആദ്യ ദിവസമായ വ്യാഴാഴ്ച്ച (28) സന്നിധാനം, പതിനെട്ടാം പടി, മാളികപ്പുറം, വാവര്നട, മഹാകാണിക്ക, അരവണ കൗണ്ടർ പരിസരം, നടപ്പന്തൽ, ക്യൂ കോംപ്ലക്സ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സന്നിധാനവും പതിനെട്ടാം പടിയും പരിസരവും വെള്ളം ഉപയോഗിച്ച് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ വൃത്തിയാക്കി.

1500 ൽ പരം ജീവനക്കാരാണ് പമ്പ മുതൽ സന്നിധാനം വരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജൈവ അജൈവ മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ചാണ് ട്രാക്ടറിൽ നീക്കം ചെയ്തത്

ശബരിമലയിൽ ആഴി ശുചീകരിച്ചു

ശബരിമല: മണ്ഡലകാല പൂജകൾക്കുശേഷം ശബരിമല ക്ഷേത്ര നട അടച്ചതോടുകൂടി സന്നിധാനത്തെ ആഴി ശുചീകരിച്ചു. ഇരുമുടിക്കെട്ടിൽ
ഭക്തർ കൊണ്ടുവരുന്ന നെയ് തേങ്ങകൾ ശബരീശന് നെയ്യഭിഷേകം നടത്തിയതിനു ശേഷം ആഴിയിൽ അഗ്നികുണ്ഠത്തിലാണ് സമർപ്പിക്കുന്നത്. മണ്ഡലകാല പൂജകൾക്ക് ശേഷം ആഴിയിലെ ചാരം നീക്കംചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മകരവിളക്ക് മഹോത്സവത്തിന് 30 ന് ശനിയാഴ്ച നട തുറന്നതിനു ശേഷം മേൽശാന്തി ആഴിയിൽ അഗ്നി തെളിയിക്കും.

സന്നിധാനത്ത് മികച്ച ചികിത്സാ സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ്

മണ്ഡലകാലത്ത് സന്നിധാനത്ത് 57574 പേർ ചികിത്സ തേടി

ശബരിമല :- ആരോഗ്യവകുപ്പിന്റെ അലോപ്പതി വിഭാഗത്തിൽ മണ്ഡലകാലത്ത്
സന്നിധാനത്ത് മാത്രം 57574 ഭക്തർ ചികിത്സ തേടി. അതിൽ 33 ആളുകൾ ഹൃദ്രോഗ വിഭാഗത്തിലും.

നിലയ്ക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്.

ഹൃദ്രോഗ വിദഗ്ദ്‌ധരുടെ സേവനം 24 മണിക്കൂറും,ഓപ്പറേഷൻ തീയേറ്റർ, ഇ.സി.ജി, എക്സ്-റേ സൗകര്യം, പാമ്പുവിഷ, പേവിഷ പ്രതിരോധത്തിനുൾപ്പെടെ എല്ലാവിധ മരുന്നുകളും സന്നിധാനത്തിൽ ലഭ്യമാണ്.

പമ്പ മുതൽ സന്നിധാനം വരെ അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങൾ, ഇവയിൽ ഹൃദയപുനരുജ്ജീവന യന്ത്രവും, പരിശീലനം നേടിയ നഴ്‌സുമാരും, രോഗികൾക്ക് സ്ട്രെച്ചർ സംവിധാനം, സന്നിധാനത്തുനിന്നും പമ്പയിലേയ്ക്ക് ആംബുലൻസ് സൗകര്യം, പമ്പയിൽ ആധുനിക ജീവൻരക്ഷാ സൗകര്യങ്ങളോടുകൂടിയ ആംബുലൻസ്, പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ടന്ന് സന്നിധാനം ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ ദിപിൻ പറഞ്ഞു.

മണ്ഡല കാലം ഭംഗിയായി പൂർത്തിയായത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹവും ഭക്തരും സംഘാടകരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതും – മേൽശാന്തി മഹേഷ് നമ്പൂതിരി

മണ്ഡലകാലം ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹവും ഭക്തരും സംഘാടകരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലവുമാണെന്ന് ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി പറഞ്ഞു.
ഭക്തജനങ്ങളിൽ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് അവർക്കൊക്കെ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ എല്ലാ വർഷത്തിലും ഉണ്ടാകുന്നത് പോലെ വലിയ തിരക്ക് അനുഭവപ്പെട്ടു എന്നിരുന്നാലും ഭക്തരും സംഘാടകരും ഒരുപോലെ പ്രവർത്തിച്ചുകൊണ്ടും അതിലുപരി അയ്യപ്പസ്വാമിയുടെ അനുഗ്രഹവും കൊണ്ട് വളരെ ഭംഗിയായി മണ്ഡലകാലം പൂർത്തിയായിരിക്കുന്നു. ഇനി മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുന്നത് എല്ലാ വർഷവും പോലെ തന്നെ ചടങ്ങുകൾ ഉണ്ടാകും. കൂടുതൽകാര്യങ്ങൾ തന്ത്രിയോടും ബോർഡ് അംഗങ്ങളുമായി തീരുമാനിച്ചു പിന്നീട് അറിയിക്കും. നട തുറക്കുന്നതിനായുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു. ഇതുവരെയുള്ള കാര്യങ്ങൾ അയ്യപ്പസ്വാമിയുടെ അനുഗ്രഹവും ഭക്തജനത്തിന്റെ പ്രാർത്ഥനയും കൊണ്ട് ഭംഗിയായി പൂർത്തിയായി മേൽശാന്തി പറഞ്ഞു

error: Content is protected !!