Input your search keywords and press Enter.

ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ ( 04/01/2024 )

അന്നദാനമണ്ഡപത്തിലും തിരക്കേറുന്നു:  ദേവസ്വംബോർഡിന്റെ അന്നദാനത്തിൽ പങ്കെടുത്തത്   എട്ടര ലക്ഷം തീർത്ഥാടകർ
ശബരിമല: മകര വിളക്കുത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർധിച്ചതനുസരിച്ച് അന്നദാനത്തിനും തിരക്കേറി. മണ്ഡലകാലം തുടങ്ങി മകരവിളക്കുത്സവ കാലമായ ജനുവരി 4  വരെ എട്ടര ലക്ഷം തീർത്ഥാടകരാണ് ദേവസ്വംബോർഡിന്റെ അന്നദാനത്തിൽ പങ്കെടുത്ത് വിശപ്പകറ്റിയത്.  മൂന്ന് ഇടവേളകളോടെ 24മണിക്കൂറും അന്നദാനം നടക്കുന്നുണ്ട്. രാവിലെ ഏഴുമണിമുതൽ 11 മണിവരെയാണ് പ്രഭാതഭക്ഷണം. ഉപ്പുമാവ്, കടലക്കറി, ചുക്ക്കാപ്പി എന്നിവയാണ് വിഭവങ്ങൾ. ഉച്ചയ്ക്ക് 12മുതൽ മൂന്നുവരെയാണ് ഉച്ചഭക്ഷണം. വെജിറ്റബിൾ പുലാവ് , സാലഡ് അല്ലെങ്കിൽ വെജിറ്റബിൾ കറി, അച്ചാർ ചുക്ക് വെള്ളം  എന്നിവയാണ് വിഭവങ്ങൾ. കഞ്ഞി., ചെറുപയർ, അച്ചാർ ഉൾപ്പടെയുള്ള രാത്രി ഭക്ഷണം വൈകീട്ട് 7മുതൽ രാത്രി 12വരെ വിളമ്പും. സൗജന്യമാണ്‌ ഭക്ഷണ വിതരണം.
പൂർണമായും അത്യാധുനിക സംവിധാനങ്ങളോടെയുള്ള പാചകസംവിധാനങ്ങളാണ് അന്നദാനമണ്ഡപത്തിൽ ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഉപയോഗിച്ചാണ് പാചകം. പാത്രം കഴുകുന്നതിനുള്ള ഓട്ടോമാറ്റിക് ഡിഷ്‌വാഷ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ശുചിത്വത്തിന് മുഖ്യപ്രധാന്യം നൽകിയാണ്  അന്നദാനമണ്ഡപത്തിന്റെ പ്രവർത്തനം . ഒരുസമയം രണ്ടായിരം പേരെ ഉൾകൊള്ളാൻ സൗകര്യം  ഉണ്ടെങ്കിലും തിരക്കൊഴിവാക്കുന്നതിനും ശുചീകരണം വേഗത്തിൽ ചെയ്യുന്നത്തിനുമായി  1600പേർക്ക് ഭക്ഷണം വിളമ്പുന്നതിനുള്ള ക്രമീകരണമാണിപ്പോൾ ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം ശരാശരി 22000 പേർവരെ ഭക്ഷണം കഴിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. മകരവിളക്കിന് തിരക്കേറുന്നതോടെ പ്രതിദിനം മുപ്പതിനായിരത്തോളം പേരെയെങ്കിലും ഉൾക്കൊള്ളിക്കാൻ കഴിയും വിധമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ്കുമാർ, അന്നദാനം സ്‌പെഷ്യൽ ഓഫീസർ, രണ്ട് അസി. ഓഫിസർമാർ എന്നിവർക്കാണ് മേൽനോട്ടചുമതല. ഇവർക്ക് കീഴിൽ 30  ദേവസ്വം ജീവനക്കാരും 40 പാചകക്കാരും 180 നിത്യവേതനക്കാരുമുൾപ്പെടെ 250 പേർ മൂന്ന് ഊഴങ്ങളിലായി  അന്നദാനമണ്ഡപത്തിലെ കാര്യങ്ങൾ നോക്കുന്നു. ഹരിപ്പാട് കരുവറ്റ സ്വദേശിയായ ആർ. പത്മനാഭൻനായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം പാചകം ചെയ്യുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി ശബരിമല സന്നിധാന അന്നദാനമണ്ഡപത്തിലെ പാചകത്തിന്റെ ചുമതലക്കാരനാണിദ്ദേഹം.
സന്നിധാനത്ത് പരിശോധന കർശനമാക്കി ജില്ലാ കലക്ടർ
മകരവിളക്ക് മഹോത്സവത്തിന്റെ മുന്നോടിയായി തുടർച്ചയായി രണ്ടാം ദിനവും സന്നിധാനത്ത് കർശന പരിശോധനയുമായി ജില്ലാ കലക്ടർ. പത്തനംതിട്ട ജില്ലാ കലക്ടർ എ ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു സംയുക്ത സ്ക്വാഡ് പരിശോധന നടത്തിയത്. സന്നിധാനം, പാണ്ടിത്താവളം എന്നിവിടങ്ങളിൽ തീർത്ഥാടകർക്കൊരുക്കിയ സൗകര്യങ്ങളും  കലക്ടർ വിലയിരുത്തി.
ഹോട്ടലുകളിലും കടകളിലും നടത്തിയ പരിശോധനയിൽ ശുചിത്വമില്ലായ്മ, ഗുണമേന്മയില്ലാത്ത ഭക്ഷണ വിതരണം, അമിത വിലയീടാക്കൽ എന്നിവ കലക്ടറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു പിഴയൊടുക്കാനുള്ള നോട്ടീസ് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇതിന്റെ ഭാഗമായി മൂന്നു കടകൾക്ക് നോട്ടീസ് നൽകി. സർക്കാർ നിർദേശിച്ച നിരക്കിലാണ് ഭക്ഷ്യവസ്തുക്കൾ ഭക്തർക്ക് ലഭ്യമാകുന്നതെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കലക്ടറുടെ നേതൃത്വത്തിലുള്ള ഹോട്ടൽ  പരിശോധന.
സ്റ്റീൽ പാത്രങ്ങളിൽ വില വിവരം രേഖപ്പെടുത്താനും ഹോട്ടലുകളിൽ ഗ്യാസ് കുറ്റികൾ കൂട്ടത്തോടെ വെക്കാതിരിക്കാനും ശ്രദ്ധ വേണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു.അന്നദാന മണ്ഡപത്തിലെ പാചകശാലയിലെ ക്രമീകരണങ്ങളൂം ജില്ലാ കലക്‌ടർ നേരിട്ട് വിലയിരുത്തി.
 ഡെപ്യൂട്ടി തഹസിൽദാർമാരായ ബി പ്രദീപ്, സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡും കലക്ടറോടൊപ്പം പരിശോധനയിൽ പങ്കെടുത്തു.
ശബരിമലയിലെ   ചടങ്ങുകൾ(05.01.2024 )
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11.30  മണി  വരെയും  നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കും
3 മണിക്ക് നട തുറക്കും
6.30 ന് ദീപാരാധന
9.30 ന് അത്താഴ പൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി  11മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും.
ആൾതിരക്കിലും ആകുലത വേണ്ട; തുണയേകാൻ  വിളംബരഭാഷണങ്ങളുണ്ട്
ശരണം വിളിയാൽ  മുഖരിതമായ ശബരിമല സന്നിധാനത്തിൽ ഈ ശരണം വിളിയും തുടർ ഭാഷണങ്ങളും ഏവരും ശ്രദ്ധിക്കും. പ്രത്യേക ഈണത്തിൽ സ്വാമിയേ ശരണം അയ്യപ്പാ എന്ന് തുടങ്ങി അതിൽ തന്നെ അവസാനിക്കുന്ന വിളംബര സന്ദേശങ്ങൾ. അവ പലപ്പോഴും വലിയ സന്തോഷങ്ങളിലും നന്ദി പറച്ചിലുകളിലുമാണ് അവസാനിക്കാറ്. കുട്ടികളെ കൈവിട്ട് പോയവർ, കൂട്ടം തെറ്റിയവർ, വഴിയറിയാതെ ഉഴലുന്നവർ തുടങ്ങി എല്ലാവരും ആശങ്കയോടെയെത്തി ചെറുപുഞ്ചിയോടെ മടങ്ങുന്നത് ഇവിടെത്തെ സ്ഥിരം കാഴ്ചയാണ്.
 സന്നിധാനത്ത് ദേവസ്വം പബ്ലിസിറ്റി ഓഫീസിന്റ ഭാഗമായി ഭക്തർക്കായി സൗജന്യ സേവനം ഒരുക്കുന്ന അനൗൺസ്മെന്റ് കേന്ദ്രത്തിനെക്കുറിച്ചാണീ പറച്ചിൽ.
സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തരുടെ തിരക്ക് നിയന്ത്രണത്തിലും ദിനചര്യയിലും പ്രമുഖമായ പങ്കാണ് അനൗൺസ്മെന്റ് അഥവാ വിളംബര സന്ദേശങ്ങൾ വഹിക്കുന്നത്. ഒരു സാധനയെന്ന പോലെ അനൗൺസ്മെന്റ് ജീവിതവ്രതമാക്കിയ ചിലരുടെ അധ്വാനമുണ്ട് ഇതിന് പിന്നിൽ.
പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയും 67 കാരനുമായ എ.പി ഗോപാലകൃഷ്ണൻ നായർ 25ാം വർഷമാണ് സന്നിധാനത്ത് അനൗൺസ്മെന്റ് ചെയ്യുന്നത്. കലാനിലയം ആർട്ടിസ്റ്റായ ഇദ്ദേഹം മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ സമയമായാൽ മുടക്കമില്ലാതെ സന്നിധാനത്തെത്തും. ക്ഷേത്ര ദർശനം നടത്താറില്ല എന്നതാണ് കൗതുകം. എങ്കിലും ഇവിടെ എത്തിച്ചേർന്നാൽ തന്നെ പ്രത്യേക അനുഭൂതി ലഭ്യമാകുമെന്നും അത് മതിയെന്നും അദ്ദേഹം പറയുന്നു. മലയാളത്തിലാണ് അദ്ദേഹത്തിന്റെ അനൗൺസ്മെന്റ്.
മറ്റൊരു അനൗൺസറായ ചിക്ക്മാംഗ്ലൂർ സ്വദേശി  എം.എം കുമാറിനും പറയാനുള്ളതും ഇതേ കാര്യം തന്നെ. സന്നിധാനത്ത് ഇത്തവണ ആദ്യമെങ്കിലും 24 വർഷത്തെ പ്രവർത്തന പരിചയമുണ്ട് കുമാറിന്. നിലക്കലും പമ്പയിലുമായിട്ടായിരുന്നു പ്രവർത്തനം. ചിക്ക്മാംഗ്ലൂരിൽ ബ്യാരവള്ളി പഞ്ചായത്ത് മെമ്പറായ ഇദ്ദേഹം മണ്ഡല മകരവിളക്ക് സമയമായാൽ മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് ഇവിടെയെത്തുന്നു. വർഷങ്ങളായി സന്നിധാനം അനൗൺസ്മെന്റ് സെന്ററിൽ സേവനം അനുഷ്ഠിച്ച ശ്രീനിവാസ് കഴിഞ്ഞ വർഷം അന്തരിച്ചപ്പോൾ വന്ന ഒഴിവിലാണ് കുമാർ സന്നിധാനത്ത് എത്തിയത്. കന്നട, തെലുങ്ക് ഭാഷകളാണ് പ്രധാനമായും കുമാർ കൈകാര്യം ചെയ്യുന്നത്. ഇവയ്ക്കു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അഖിലും തമിഴിൽ അറിയിപ്പു നൽകാൻ ബാലഗണേശും കേന്ദ്രത്തിലുണ്ട്.
ആറു ഭാഷയിൽ അനൗൺസ്മെന്റ് സൗകര്യം ഉണ്ടെങ്കിലും കൂടുതലായും തമിഴ്നാട്, കർണാടക സ്വദേശികളാണ് അനൗൺസ്മെന്റ് കേന്ദ്രത്തെ ആശ്രയിക്കുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. കൊച്ചുസ്വാമിമാരേയും മാളികപ്പുറങ്ങളേയും പ്രായമായവരേയും കാണാതേപോയ ആധിയിൽ എത്തുന്നവരാണ് മിക്കവരും. ചില സമയങ്ങളിൽ കൂട്ടം തെറ്റിയ കുഞ്ഞയ്യപ്പമ്മാരേയും കൊണ്ട് പോലീസ് സ്വാമിമാരും ദേവസ്വം പബ്ലിസിറ്റി ഓഫീസിൽ എത്തും. ഉറ്റവർ വരുന്നതുവരെ അവരെ ബിസ്കറ്റും വെള്ളവും നൽകി പരിപാലിച്ചു പിന്നീട് സുരക്ഷിത കൈകളിൽ ഏൽപിക്കുമ്പോഴാണ് മനസ്സിന് നിർവൃതി ലഭിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ നായർ പറയുന്നു.
അറിയിപ്പുകൾ, കളഞ്ഞു കിട്ടിയ സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, ശബരിമലയുടെ ലഘു ചരിത്രങ്ങൾ എന്നിവ കൈമാറുന്നതിനു പുറമേ നട തുറക്കുമ്പോഴും അടയ്ക്കുമ്പോഴുമുള്ള ഹരിവരാസനം ഉൾപ്പെടെയുള്ള ഗാനങ്ങൾ പ്രവർത്തിപ്പിക്കുന്നതും ദേവസ്വം പബ്ലിസിറ്റി ഓഫീസിന്റെ ഭാഗമായ അനൗൺസ്മെന്റ് കേന്ദ്രത്തിൽ നിന്നു തന്നെയാണ്. പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂരിന്റെ നേതൃത്വത്തിൽ 15 ഓളം ജീവനക്കാരാണ് ഓഫീസിൽ പ്രവർത്തിക്കുന്നത്ത്.
പുലർച്ചെ മൂന്ന് മണിക്കു തുടങ്ങി രാത്രി വൈകി 11.30 വരെ സജീവമാണ് അനൗൺസ്മെന്റ് കേന്ദ്രം. ശബ്ദമാണിവിടെയെല്ലാം അതുകൊണ്ട് തന്നെ ശബ്ദ പരിപാലനത്തിനായി ചില പൊടിക്കൈകളും ഇവർക്കുണ്ട്. ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് തിളപ്പിച്ച വെള്ളവും ചില ആയൂർവേദ മരുന്നുകളും ഇടയ്ക്കിടെ കഴിച്ചാണ് ശബ്ദം മണ്ഡല മകരവിളക്ക് മഹോത്സവ സമയത്ത് പരിപാലിച്ചു പോകുന്നതെന്ന് കുമാർ പറയുന്നു.
ഇങ്ങനെ സന്നിധാനത്തിന്റെ നിത്യ ചര്യകളിൽ നിതാന്ത ശബ്ദസാന്നിധ്യമായി ദേവസ്വം ബോർഡ് അനൗൺസ്മെന്റ് കേന്ദ്രവും അനൗൺസർമാരും മാറുന്നു.
മകരവിളക്ക് മഹോത്സവത്തിനു 800 ബസുകൾ സർവീസ് നടത്തും: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ 
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 800 ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനായി നിർത്തിയിട്ടിരിക്കുന്ന ബസിൻ്റെ ഡോറിലൂടെ ഉള്ളിലേക്ക് കയറുന്നതിനായി  നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻ്റിൽ കയറേണ്ടതില്ല. ബസിൽ ആളു നിറഞ്ഞിട്ടില്ലെങ്കിൽ ബസുകൾ നിർബന്ധമായും നിലയ്ക്കലിൽ കയറണം. നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങൾ പരമാവധി ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണം. ഇവ ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും. അനൗൺസ്മെൻ്റ് സൗകര്യവും ഒരുക്കും. ദേവസ്വം ബോർഡ് നിലയ്ക്കലിലെ റോഡുകളിലെ കുഴികൾ അടിയന്തിരമായി അടയ്ക്കണം. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെ എസ് ആർ ടി സി ബസുകൾ തിരക്കുകളിൽ പിടിച്ചിടരുത്. ബസ് വന്നെങ്കിൽ മാത്രമേ തിരക്കു നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാൽ പോലീസ് മോട്ടോർ വാഹന വകുപ്പിൻ്റെ സഹായത്തോടെ വാഹനം പോകുന്നതിനു അവസരമൊരുക്കണം. കെ.എസ് ആർ ടി സി ഡ്രൈവർമാർക്കും, ദീർഘദൂര ബസുകളിലെ ഡൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇലവുങ്കൽ സേഫ് സോൺ, നിലയ്ക്കൽ, പമ്പ കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിൽ മന്ത്രി കെ.ബി.ഗണേഷ് കുമാർ സന്ദർശനം നടത്തി.
എം എൽ എ മാരായ അഡ്വ.പ്രമോദ് നാരായൺ ,അഡ്വ.കെ.യു.ജനീഷ് കുമാർ, ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത്ത്, ഡിഐജി തോംസൺ ജോസ്, അസിസ്റ്റൻറ് ട്രാൻസ്പോർട്ട് കമീഷണർ പ്രമേജ് ശങ്കർ, ജില്ലാ കളക്ടർ എ.ഷിബു, ജില്ലാ പോലീസ് മേധാവി വി അജിത്ത്, ശബരിമല എഡിഎം തുടങ്ങിയവർ പങ്കെടുത്തു.
error: Content is protected !!