കലാ സാംസ്കാരിക സഹകരണത്തിന് കൈകോർത്ത് അബുദാബിയും കേരളവും
കേരള ലളിത കലാ അക്കാദമിയും, റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവും ധാരണപത്രത്തിൽ ഒപ്പുവെച്ചു
കൊച്ചി; കലകളുടെയും, കലാകാരൻമാരുടേയും ഉന്നമനത്തിന് വേണ്ടി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവും (RAl), കേരള ലളിതകലാ അക്കാദമിയും കൈകോർക്കുന്നു. അതിന് വേണ്ടി കേരള ലളിത കലാ അക്കാദമിക്ക് കീഴിലെ കലാകാരൻമാരുടെ കലാസൃഷ്ടികൾക്ക് അബുദാബിയിൽ പ്രദർശനവും, വിപണനവും നടത്തുന്നതിന് വേണ്ടി റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് (RAl) മുൻകൈയെടുക്കും. അബുദാബിയിലെ കലാസൃഷ്ടികൾ കേരളത്തിലും പ്രദർശിപ്പിക്കും. ഇതിന് വേണ്ടിയുള്ള ധാരണാപത്രം കൊച്ചിയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഷഫീന യൂസഫ് അലിയുടെയും, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിന്റേയും സാന്നിധ്യത്തിൽ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ചീഫ് ക്യൂരിയേറ്ററും ക്രിയേറ്റീവ് ഡയറക്ടറുമായ മീന വാരിയും, ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളിയും ഒപ്പു വെച്ചു.
കേരളത്തിലെ കലാകാരൻമാരുടെ സൃഷ്ടികൾ ലോകത്തെ അറിയിക്കുകയെന്ന ഉത്തരവാദിത്തമാണ് റിസ്ക്ക് ആർട്ട് ഇനിഷേറ്റീവ് ഏറ്റെടുക്കുന്നതെന്ന് റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് (RAl) എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫിലും, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ഷഫീന യൂസഫ് അലി പറഞ്ഞു. കലാപരമായും, സാംസ്കാരിക പരമായും കേരളവും, അറബ് രാജ്യങ്ങളും തമ്മിൽ വളരെയേറെ സാമ്യം ഉണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംരഭവമായി റിസ്ക്ക് ആർട്ട് ഇനിഷേറ്റീവ് മുന്നിട്ടിറങ്ങിയത്. തങ്ങൾ ഇത്തരത്തിലൊരു സഹകരത്തിന് കേരള ലളിത കലാ അക്കാദമിയെ സമീപിച്ചപ്പോൾ തന്നെ പിൻതുണ നൽകിയ കേരള ലളിത കലാ അക്കാദമിക്ക്, റിസ്ക്ക് ആർട്ട് ഇനിഷേറ്റീവിന്റെ പ്രത്യേക നന്ദിയും ഷഫീന അറിയിച്ചു.
ലണ്ടനിൽ പഠന സമയത്ത് ഷഫീനക്കുണ്ടായ അനുഭവമാണ് ഈ ചുവടുവയ്പ്പിന് വഴിതുറന്നത്. ഫിനാൻസിൽ ബിരുദം നേടിയ ശേഷം എംബിഎ എടുത്ത ശേഷം ഹോട്ടൽ ബിസിനസിൽ എത്തിച്ചേർന്നു. ഹോട്ടൽ ബിസിനസിൽ ചുവരുകൾ മനോഹരമാക്കാൻ ആർട്ടുകൾ വാങ്ങേണ്ട സാഹചര്യം ഉണ്ടായി. അപ്പോഴാണ് അതിനെക്കുറിച്ച് പഠനം നടത്തി വാങ്ങാൻ തീരുമാനിച്ചത്. തുടർന്ന് ആർട്ടിസ്റ്റ് ഹിസ്റ്ററിൽ തുടർപഠനം നടത്താൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് മനസിലായത് ഇതിന്റെ പ്രാധാന്യം. കലാകാരൻമാരുടെ വിവര ശേഖരണത്തിന് വേണ്ടിയുള്ള ഗവേഷണത്തിന് ഇന്ത്യയിലേയും, പശ്ചിമേഷ്യയിലേയും കലാകാരൻമാരുടെ വിവരങ്ങൾ തേടിയെങ്കിലും ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായി.
ഈ പ്രദേശങ്ങളിൽ നിന്നും ലോകോത്തര കലാകാരൻമാരുടെ അഭാവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഷഫീന ഇത്തരം ഒരു സംരംഭം തുടങ്ങുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയത്.
അതിനായി റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ആരംഭിച്ച് സുഹൃത്തുക്കളായ കലാകാരൻമാരുടെ സഹകരണം ഉറപ്പാക്കി. തുടർന്ന് അവരുടെ ഉന്നമനത്തിനായി ദീർഘമായ പദ്ധതി ആവിഷ്കരിക്കുകയും അതിന് അബുദാബി സർക്കാരിന്റെ പിൻതുണ ഉറപ്പാക്കുകയും ചെയ്തു. തുടർന്നാണ് കേരളത്തിലേയും, പശ്ചിമേഷ്യയിലേയും കലാകാരൻമാരുടെ ഉന്നമനത്തിന് വേണ്ടി സംരംഭം ആരംഭിക്കുകയും ചെയ്തത്. അതിന്റെ ആദ്യ പടിയായാണ് കേരള ലളിത കലാ അക്കാദമിയുമായി കൈ കോർക്കുന്നത്. ഇതിന്റെ ഭാഗമായി വർഷങ്ങളായി ലളിതകലാ അക്കാദമിയിൽ സൂക്ഷിച്ചിരുന്ന 40 ഓളം കലാസൃഷ്ടികൾ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഏറ്റെടുത്ത് കൊച്ചിയിൽ പ്രദർശിപ്പിക്കുയും ചെയ്തു. കൂടാതെ ആറ്റിങ്ങൽ രാമചന്ദ്രന്റെ കലാസൃഷ്ടികൾ ലണ്ടനിൽ പ്രദർശിപ്പിക്കുമെന്നും ഷഫീന അറിയിച്ചു. ഈ വർഷം തന്നെ കേരളത്തിൽ നിന്നുള്ള പത്തോളം കലാകാരൻമാരുടെ കലാസൃഷ്ടികൾ അബുദാബിയിൽ പ്രദശിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. അത് പോലെ അവിടെ നിന്നുള്ള കലാകാരൻമാരുടെ സൃഷ്ടികൾക്ക് കേരളത്തിലും പ്രദർശന സാഹചര്യം ഒരുക്കുകയും ചെയ്യും. വർഷത്തിൽ നാല് മാസം വീതം പശ്ചിമേഷ്യയിലെ നാല് വീതം കലാകാരൻമാരെ അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവ് ആസ്ഥാനത്ത് എത്തിച്ച് സൗജന്യമായി ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും നൽകുമെന്നും ഷഫീന അറിയിച്ചു.
കേരള ലളിതകലാ അക്കാദമി നിരവധി പുരോഗമനാത്മകമായ പദ്ധതികളും പരിപാടികളും സമീപകാലത്തായി സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പുരോഗമന ചിന്താഗതിയും പരിചയ സമ്പത്തുമുള്ള പല സംഘടനകളും സ്ഥാപനങ്ങളുമായി കൈകോർത്ത് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ അക്കാദമി പ്രതിജ്ഞാബദ്ധമാണെന്ന് ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ അക്കാദമി നടത്തിയ പല പരിപാടികളും അത്തരത്തിലുള്ളവയായിരുന്നു. ജപ്പാൻ ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ ‘തൊഹോകു’ എക്സിബിഷൻ, കൽക്കത്ത സെന്റർ ഫോർ ക്രിയേറ്റിവിറ്റിയുമായി സഹകരിച്ച് ചെയ്ത സത്യജിത് റേ സെന്റിനറി എക്സിബിഷൻ, ബിനോദ് ബിഹാരി സ്ക്രോൾ പെയ്ന്റിങ് എക്സിബിഷൻ, കെ കെ എൽ എമ്മുമായും , പ്രിമ ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ ബംഗ്ലാദേശ് കൾച്ചറൽ എക് ചേഞ്ച് പ്രോഗ്രാം തുടങ്ങിയവയെല്ലാം ഇത്തരം പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണ്.
2024 ജനുവരി 8 ന് കലാ മേഖലയിൽ ക്രിയാത്മകമായ ഒരു കാൽവെയ്പ്പു കൂടി അക്കാദമി നടത്തുകയാണ്. അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവുമായി ചേർന്ന് നിരവധി പദ്ധതികളാണ് ദീർഘകാല അടിസ്ഥാനത്തിൽ അക്കാദമി വിഭാവനം ചെയ്തിട്ടുള്ളത്. കലയുടെ സമസ്ത മേഖലയിലും കൈകോർത്താണ് റിസ്ക്കും അക്കാദമിയും സഹകരിച്ച് പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളതെന്നും ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് കൂട്ടിച്ചേർത്തു.
പ്രശസ്തനായ കലാകാരനായ ആറ്റിങ്ങൽ രാമചന്ദ്രന്റെ സൃഷ്ടി ഷഫീന യൂസഫ് അലി പ്രദർശിപ്പിച്ച്കൊണ്ടാണ് അബുദാബി – കേരള സംരംഭത്തിന് തുടക്കമായത്. കേരളത്തിലെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നത് വേണ്ടി റിസ്ക്ക് ആർട്ട് ഇനിഷേറ്റീവ് നൽകുന്ന രണ്ട് ലക്ഷം രൂപയുടെ ഫെലോഷിപ്പ് കേരളത്തിൽ നിന്നുള്ള കലാകാരൻമാരയ മിബിൻ ഭാസ്കർ, മുഹമ്മദ് യാസിർ എന്നിവർക്ക് ചടങ്ങിൽ വെച്ച് ഷഫീന യൂസഫ് അലി കൈമാറി.
അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫ് അലി, യുകെയിലെ ഓക്സ്ഫോർഡ് സർവ്വകലാശായിൽ നിന്നും എം.ബി.എയും, കേംബ്രിഡ്ജ് സർവ്വകലാശയിൽ നിന്നും ആർട്ടിസ്റ്റിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം, ആർട്ടിസ്റ്റിൽ പി.എച്ച്.ഡിയും ചെയ്തു വരുകയാണ്.