Input your search keywords and press Enter.

കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയെ 13 വർഷത്തിനുശേഷം എൻഐഎ അറസ്റ്റ് ചെയ്തു

 

തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സവാദ് (38) കണ്ണൂരിൽ പിടിയില്‍.

ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) അശമന്നൂർ നൂലേലി മുടശേരി സ്വദേശിയായ സവാദിനെ പിടികൂടിയത്. 2010 ജൂലൈ 4നു ആലുവയിൽ നിന്ന് സവാദ് ബെംഗളൂരുവിലേക്ക് കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരിൽനിന്ന് ഇയാൾ പിടിയിലായത്. ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ചായിരുന്നു ടി ജെ ജോസഫിനെതിരെ ആക്രമണമുണ്ടായത്.

സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം 4 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്. 54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.

സവാദിനെ വിദേശത്ത് കണ്ടതായുള്ള രഹസ്യവിവരത്തെ തുടർന്ന് എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഒരാളും ദുബായിയിൽ സവാദിനെ കണ്ടതായി മൊഴി നൽകിയിരുന്നു. പാകിസ്ഥാൻ, ദുബായ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സവാദ് സിറിയയിലേക്കു കടന്നതായി പ്രചാരണമുണ്ടായെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

error: Content is protected !!