നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്ത് രണ്ടര വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലാബ് സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തോട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൊട്ടപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി സ്ഥലം ഏറ്റെടുക്കുന്നതിന് 1.43 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം തന്നെ അത് യാഥാര്‍ഥ്യമാക്കും.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള നിരവധി പദ്ധതികള്‍ ആറന്മുള മണ്ഡലത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തൊട്ടപ്പുഴശ്ശേരിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയിട്ടുള്ള ലാബില്‍ 32 ടെസ്റ്റുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പാലിയേറ്റിവ് കെയര്‍ സൗകര്യങ്ങളും ജീവിതശൈലീ രോഗങ്ങള്‍ അടക്കമുള്ളവയ്ക്കുള്ള ടെസ്റ്റുകള്‍ക്കുള്ള സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊട്ടപുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് ബിനോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു