അഗസ്ത്യാർകൂടം ട്രക്കിങ് ഇന്നു മുതൽ (ജനുവരി 24)
അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് (ജനുവരി 24) തുടക്കമാകും പശ്ചിമഘട്ടത്തിലെ മലനിരകളിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം കേരളത്തിലെ ഉയരം കൂടിയ മലനിരകളിൽ മൂന്നാം സ്ഥാനമാണ്. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, തമിഴ്‌നാട്ടിലെ കളക്കാട് – മുണ്ടൻതുറ കടുവാ സങ്കേതം എന്നിവയാണ് അഗസത്യാർകൂടത്തെ വലയം ചെയ്യുന്നത്. വിവിധങ്ങളായ ഔഷധസസ്യങ്ങൾ, ആരോഗ്യപച്ച, ഡ്യുറി ഓർക്കിഡ്, ചെങ്കുറുഞ്ഞി, കൊണ്ടപ്പന തുടങ്ങിയ തദ്ദേശീയമായ സസ്യങ്ങളുടെയും കലവറയാണ് ഈ വനപ്രദേശം. നിത്യഹരിതവനം, ആർത്തവ്യത്യഹരിതവനം, ഇലകൊഴിയും വനം, പുൽമേട്, ഈറ്റക്കാടുകൾ, ചോല വനം, ഗിരി വനം എന്നിങ്ങനെ വ്യത്യസ്തതകളുള്ള പ്രദേശവുമാണിവിടം. കടുവ,പുലി ആന, കാട്ടുപോത്ത്, കരടി, മാനുകൾ വിവിധതരം കുരങ്ങു വർഗങ്ങൾ, മലമുഴക്കി വേഴാമ്പൽ, മല മൈന, മാക്കാച്ചിക്കാട എന്നിങ്ങനെയുള്ള അപൂർവയിനം പക്ഷികൾ, രാജവെമ്പാല, മലമ്പാമ്പ്, അണലി ഉൾപ്പെടെയുള്ള ഉരഗങ്ങൾ എന്നിങ്ങനെ ധാരാളം വന്യജീവികൾ ഇവിടെ അധിവസിക്കുന്നു.
യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ജൈവ സഞ്ചയ മേഖലയായി പ്രഖ്യാപിച്ച അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഹൃദയഭാഗമാണ്. ആദിമ നിവാസികളായ കാണിക്കാർ ഇവിടെ തിങ്ങിപാർക്കുന്നു. ആയുർവേദത്തിന്റെ ആചാര്യനായ അഗസ്ത്യാർമുനി ഈ ഗിരീശൃംഗത്തിൽ തപസ്സനുഷ്ഠിച്ചതായി വിശ്വസിക്കുന്നു. ബ്രിട്ടീഷുകാരനായ അലൻ ബ്രൗൺ എന്ന വാനനിരീക്ഷകൻ ഈ പർവ്വതത്തിനു മുകളിൽ 1855 ൽ ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു നിരീക്ഷണം നടത്തിയിട്ടുണ്ട്.
ട്രക്കിങ് മൂന്ന് ദിനം; കരുതേണ്ടവ
സമുദ്രനിരപ്പിൽ നിന്നും 1868 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രെക്കിങ് മൂന്നുദിവസം നീണ്ടുനിൽക്കുന്നതാണ്. ഒരു വശത്തേക്ക് 20 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ ട്രക്കിംഗ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ട്രക്കിങ് ആണ്. ബോണക്കാട് പിക്കറ്റിംഗ് സ്റ്റേഷനിൽ 7 മണി മുതൽ ചെക്കിംഗ് ആരംഭിക്കും. ഒൻപത് മണിക്ക് യാത്ര ആരംഭിക്കും. ടിക്കറ്റ് പ്രിൻറ് ഔട്ട്, ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്ത ഐ ഡി, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും കരുതിയിരിക്കണം. ഒന്നാം ദിവസം അതിരുമല ബേസ് ക്യാമ്പിൽ താമസിക്കാം. രണ്ടാം ദിവസം രാവിലെ ആറ് കിലോമീറ്റർ മല കയറി അഗസ്ത്യാർകൂടത്തിൽ പ്രവേശിച്ചിട്ട് തിരികെ അതിരുമല ബേസ് ക്യാമ്പിൽ താമസിച്ച് മൂന്നാം ദിവസം ബോണക്കാടേക്ക് മടക്കയാത്ര എന്ന രീതിയിലാണ് ട്രക്കിംഗ് ഏകീകരിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്, ലഹരി വസ്തുക്കൾ, പൂജാ സാധനങ്ങൾ, പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന മറ്റു സാധനങ്ങൾ എന്നിവ അനുവദനീയമല്ല. വന്യജീവികൾ ഉള്ള വനമേഖലയായതിനാൽ സന്ദർശകരോടൊപ്പം പോകുന്ന വനം വകുപ്പിന്റെ ഗൈഡുകളുടെയും ഉദ്യോഗസ്ഥരുടെയും നിർദ്ദേശം കർശനമായും പാലിക്കണം.
ഓരോ രണ്ട് കിലോമീറ്ററുകൾക്കിടയ്ക്കു ഉള്ള ക്യാമ്പുകളിൽ ഗൈഡുകൾ സഹായിക്കും. വന്യമൃഗങ്ങൾ ആകർഷിക്കാത്ത വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കേണ്ടതും സുഗന്ധദ്രവ്യങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതുമാണ്. ട്രക്കിങ്ങിനു പോകുമ്പോൾ സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവർ കൈവശം കരുതേണ്ടതാണ്. ട്രക്കിംഗ് ഷൂസ്, മഴ പ്രതിരോധിക്കാനുള്ള റെയിൻ കോട്ട്, ടോർച്ച്, ബെഡ്ഷീറ്റ് / സ്ലീപ്പിംഗ് ബാഗ് എന്നിവ കരുതേണ്ടതാണ്. ശുദ്ധജലത്തിനായി സ്റ്റീൽ കുപ്പികൾ കരുതാം.
റെഗുലർ സീസൺ ട്രക്കിംഗിന് പുറമെ സ്‌പെഷ്യൽ പാക്കേജ് ട്രക്കിംങ്ങും വനം വകുപ്പ് നടത്തുന്നുണ്ട്. ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കാന്റീനുകൾ പ്രവർത്തിപ്പിച്ച് സന്ദർശകർക്കു ആവശ്യമായ ഭക്ഷണസാധനങ്ങൾ നൽകും. സ്‌പെഷ്യൽ പാക്കേജ് ട്രക്കിംഗിന് റെഗുലർ സീസൺ അല്ലാത്ത സമയത്ത് അനുകൂല കാലാവസ്ഥ എങ്കിൽ ആഴ്ചയിൽ മൂന്ന് ദിവസം എന്ന നിബന്ധനയിൽ (തിങ്കൾ, വ്യാഴം, ശനി,) ദിവസം 70 പേർ എന്ന നിബന്ധനയോടെ 5/10 പേർ അടങ്ങുന്ന സംഘങ്ങൾക്ക് സ്‌പെഷ്യൽ പാക്കേജിൽ പങ്കെടുക്കാം. ഓരോ ഗ്രൂപ്പിനും പ്രത്യേകമായി ഗൈഡുമാർ നയിക്കും. ഭക്ഷണം ഉൾപ്പെടെ നിശ്ചിത ഫീസ് ഈടാക്കും. തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡ്‌ന്റെ ഓഫീസിൽ നേരിട്ട് എത്തി ടിക്കറ്റ് ബുക്ക് ചെയ്യാം.