ബാലസൗഹൃദ സംസ്ഥാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പത്തനംതിട്ട ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ ഓമല്ലൂര്‍ അമ്പലം ജംഗ്ഷന്‍ ഐമാലി ഈസ്റ്റിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്ക് കുറഞ്ഞതും പോഷകാഹാരം കുറവ് ഇല്ലാത്തതും ആയ സംസ്ഥാനമെന്നും ഏത് രീതിയില്‍ നോക്കിയാലും കേരളത്തിന്റെ സാമൂഹിക പുരോഗതി മികച്ച രീതിയിലാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ബാലസൗഹൃദ കേരളം എന്ന ആശയത്തിലൂന്നിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥി ആയ ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു.
സംസ്ഥാനത്ത് ഒരു കുട്ടി പോലും അനാഥന്‍ ആകാന്‍ പാടില്ല. പല കാരണങ്ങള്‍ കൊണ്ടും കുട്ടികളെ ഉപേക്ഷിച്ച് പോകുന്നവര്‍ ഉണ്ട്. കുട്ടികള്‍ക്ക് ഒപ്പം കുറച്ച് സമയം ചെലവഴിക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. കുട്ടികളുടെ പരിചരണം ഏറെ ആത്മാര്‍ഥതയോടെ ചെയ്യുന്ന ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കണമെന്നും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകണം എന്നും കളക്ടര്‍ പറഞ്ഞു.ചടങ്ങില്‍ ജൈവ പച്ചക്കറി നടീല്‍ ഉത്സവം സംഘടിപ്പിച്ചു.
സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി സുമേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, ഗ്രാമപഞ്ചായത്ത് അംഗം കെ സി അജയന്‍, ഇ എം എസ് സഹകരണ ആശുപത്രി ചെയര്‍മാന്‍ ടി കെ ജി നായര്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍ രാജീവ് , ജില്ലാ ശിശു വികസന ഓഫീസര്‍ യു അബ്ദുള്‍ ബാരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടി ആര്‍ ലതാകുമാരി , ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.