Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 02/02/2024 )

പിഎം വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തൃശൂര്‍ എംഎസ്എംഇ (മിനിസ്റ്ററി ഓഫ് മൈക്രോ, സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് – കേന്ദ്ര സൂക്ഷ്മ,ചെറുകിട, ഇടത്തര, സംരംഭക മന്ത്രാലയം) ഡെവലപ്‌മെന്റ്-ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എം.വിശ്വകര്‍മ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. അധ്യക്ഷത വഹിച്ച എംഎസ്എംഇ ഡിഎഫ്ഒയും ജോയിന്റ് ഡയറക്ടറുമായ ജി.എസ്.പ്രകാശ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും പി എം വിശ്വകര്‍മ ജില്ലാ കമ്മിറ്റി കണ്‍വീനറുമായ പി എന്‍ അനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങില്‍ എല്‍എസ്ജിഡി ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ വിനീത സോമന്‍ അപേക്ഷയുടെ ഒന്നാം ഘട്ടം പരിശോധനയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പങ്കിനെകുറിച്ചും ജില്ലാ കമ്മിറ്റി കണ്‍വീനര്‍ അനില്‍ കുമാര്‍ രണ്ടാം ഘട്ട പരിശോധനയെയും അംഗീകാരത്തെപറ്റിയും കോമണ്‍ സര്‍വീസ് സെന്റര്‍ ജില്ലാ മാനേജര്‍ ഗോകുല്‍ പ്രസാദ് പി എം വിശ്വകര്‍മ പോര്‍ട്ടലില്‍ രെജിസ്ട്രേഷന്‍ – ഘട്ടം ഘട്ടമായുള്ള നടപടിക്രമം എന്നിവയെ കുറിച്ചും വിശദീകരിച്ചു. ഗുണഭോക്താക്കള്‍ക്കായി പിഎം വിശ്വകര്‍മ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ഡ്രൈവും ക്രമീകരിച്ചു. 35 രജിസ്‌ട്രേഷന്‍ നടന്നു.

ബാങ്കിംഗ് ക്രെഡന്‍ഷ്യലുകളുടെ പരിശോധനയും പദ്ധതിയില്‍ ബാങ്കുകളുടെ പങ്കിനെകുറിച്ചും ജില്ലാ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ സിറിയക് തോമസ് വിശദീകരിച്ചു. എംഎസ്എംഇ ഡിഎഫ്ഒ തൃശ്ശൂര്‍ അസിസ്റ്റന്റ് ഡയറക്ടറും ജില്ലാ കോര്‍ഡിനേറ്ററുമായ പി ബി സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍/ നഗരതല പ്രതിനിധികള്‍, എന്റര്‍പ്രൈസ് ഡവലപ്മെന്റ് എക്‌സിക്യൂട്ടീവുകള്‍, സിഎസ്സി/വിഎല്‍ഇഎസ് പ്രതിനിധികള്‍, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികള്‍, മറ്റ് ഗുണഭോക്താക്കള്‍ തുടങ്ങി 480 പേര്‍ പങ്കെടുത്തു.

 

 

കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ്
ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഫെബ്രുവരി ആറിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് നടത്തും. അടൂര്‍ നഗരസഭാ പരിധിയില്‍ വരുന്ന സ്ഥിരമായി പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ (പുകവലി, മുറുക്ക്), വായില്‍ വെള്ളനിറത്തിലുള്ള പാടുകള്‍, വൃണങ്ങള്‍ ഉള്ളവര്‍, 30 വയസ് കഴിഞ്ഞ സ്ത്രീകള്‍, കാന്‍സര്‍ രോഗസാധ്യത സംശയം ദൂരീകരണം ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. വായിലെ കാന്‍സര്‍, തൊണ്ടയിലെ കാന്‍സര്‍, സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ കാന്‍സര്‍ തുടങ്ങിയവയുടെ നിര്‍ണയമാണ് പ്രധാനമായി ക്യാമ്പില്‍ ലക്ഷ്യമിടുന്നത്.

സ്വാഗതസംഘം രൂപീകരിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ടുമെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇളമണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫെബ്രുവരി മൂന്നിന് നടക്കുന്ന തൊഴില്‍മേളയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഏനാദിമംഗലം  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ.ആര്‍ ഹരീഷ് അ
ധ്യക്ഷത വഹിച്ച  യോഗത്തില്‍  വിഎച്ച്എസ്ഇ ചെങ്ങന്നൂര്‍ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജു തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പ്രിന്‍സിപ്പാള്‍ കെ.എല്‍ മിനി, ഹെഡ്മിസ്ട്രസ് എസ്. രാജശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

സൗജന്യപരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആറുദിവസത്തെ സൗജന്യ കേക്ക് , ഫ്രൂട്ട് സാലഡ്, കുക്കീസ് ,ഷേക്സ് , ചോകൊലെറ്റ്സ്, പുഡിങ്സ് എന്നിവയുടെ നിര്‍മാണ  പരിശീലനം ആരംഭിക്കുന്നു.  താല്‍പര്യമുള്ളവര്‍ 0468 2270243, 8330010232 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യുക.

താലൂക്ക് വികസന സമിതി യോഗം മൂന്നിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.
അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ടാലി ആന്‍ഡ് എംഎസ് ഓഫീസ്, ടാലി പ്രൈം വിത്ത് ജിഎസ്ടി, ഫോറിന്‍ അക്കൗണ്ടിംഗ്, തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 0469 2961525, 8281905525.

കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം
കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ (കൈല) നേതൃത്വത്തില്‍ ദിശ എന്നപേരില്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് ക്ലാസ് നടത്തിയത്. വിവിധതരം ഫെലോഷിപ്പ്, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം, റെസ്യൂമെ നിര്‍മാണം തുടങ്ങിയവ പരിചയപ്പെടുത്തി.  കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുധ ഭായ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ ‘നയനീതി പോളിസി കളക്ടീവ് ‘കോ- ഫൗണ്ടര്‍ അബ്ദുള്‍ സമദ്  ക്ലാസ് നയിച്ചു. കോളജിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് പ്ലേസ്മെന്റ് സെല്‍ കോര്‍ഡിനേറ്റര്‍ ഡോ.വിന്‍സ് തോമസ് , യങ് കേരള ഫെല്ലോ ഗ്രീന മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പത്തനംതിട്ട പുതമണ്‍, വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ഒഴിവുള്ള സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക്  ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍  യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് വൃദ്ധമന്ദിരത്തില്‍ ഹാജരാക്കണം.

യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിരുദം/ ബിരുദാനന്തര ബിരുദം, സര്‍ട്ടിഫൈഡ് കൗണ്‍സലിംഗ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന.
പ്രവര്‍ത്തി പരിചയം : സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില്‍ ജോലി ചെയ്തു പരിചയമുള്ള ജീവനക്കാര്‍ക്ക് മുന്‍ഗണന.
പ്രായം: 18-45 ( 2024 ജനുവരി ഒന്നിന് ). ഒഴിവ്: ഒന്ന്. പ്രതിമാസ വേതനം:- 25000.
ഫോണ്‍:9074782396.

സംരംഭകത്വ വര്‍ക്ഷോപ്പ്  

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ്) അഞ്ചു ദിവസത്തെ ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍  സംരംഭകത്വ വര്‍ക്ഷോപ്പ്  സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറു മുതല്‍ 10 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. http://kied.info എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി മൂന്നിനു മുന്‍പായി അപേക്ഷിക്കാം. ഫോണ്‍: 0484 2532890, 2550322, 9946942210.

കുടിവെള്ള ടാങ്ക് നല്‍കി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് നല്‍കി. ടാങ്കുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ താമസിക്കുന്ന 52 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ശേഖരിച്ച് വയ്ക്കുന്നതിനാണ് ടാങ്ക് നല്‍കിയത്. വൈസ് പ്രസിഡന്റ് റാഹേല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.പി.വിദ്യാധരപ്പണിക്കര്‍, ഗ്രാമപഞ്ചായത്ത് അംഗം ശരത് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.

പെരുനാടിന് ഇനി സ്വന്തം ബ്രാന്‍ഡ് നമ്മളുടേതാണ് വിശ്വസിക്കാം
റാന്നി പെരുനാട് കാര്‍ഷിക കര്‍മസേന ഉല്‍പാദിപ്പിച്ച മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിതരണവും പെരുനാട് ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ‘നമ്മളുടേതാണ് വിശ്വസിക്കാം ‘ ലോഗോപ്രകാശനവും ശബരിമല ഇടത്താവളത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. ‘നാടാകെ കൃഷിയിലേക്ക്’ ക്യാമ്പയിന്റെ ഭാഗമായി കാര്‍ഷിക മുന്നേറ്റം ലക്ഷ്യമിട്ട് ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും  സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിനെ തരിശുരഹിതമാക്കുകയും ഉത്പ്പനങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തി കര്‍ഷകരെ കാര്‍ഷിക മേഖലയിലേക്ക് തിരികെ എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു.
തേന്‍, കൊക്കോ, കാപ്പി, വറ്റല്‍മുളക് എന്നിവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. വാര്‍ഷിക പദ്ധതിയില്‍ വിതരണം നടത്തുന്ന കുറ്റികുരുമുളക് , കുറ്റിമുല്ല ,മാവ്, പ്ലാവ്, മംഗോസ്റ്റീന്‍, പച്ചക്കറി തൈ, ജൈവവളം തുടങ്ങിവയുടെ വിതരണ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.  ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡി ശ്രീകല,  സ്റ്റാന്‍ഡിംങ് കമ്മിറ്റി അംഗങ്ങളായ സി എസ് സുകുമാരന്‍, ശ്യാം, മോഹിനി വിജയന്‍ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമ്യ മോള്‍, വര്‍ഗീസ്, ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ പിഎന്‍വി ധരന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍, കാര്‍ഷിക കര്‍മസേന പ്രസിഡന്റ് എം കെ മോഹന്‍ദാസ്, സെക്രട്ടറി സതീശന്‍, കൃഷി ഓഫീസര്‍ ടി എസ് ശ്രീതി ,കൃഷി അസിസ്റ്റന്റ് എന്‍ ജിജി, അസിസ്റ്റന്റ് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ അരുണ്‍ജിത്ത്, കര്മസേന ടെക്നീഷ്യന്‍മാര്‍, കര്‍ഷകര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം  പ്രസിഡന്റ് റ്റി കെ ജയിംസ് നിര്‍വഹിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ ക്യാമ്പ് നടത്തിയയാണ് ഉപകരണങ്ങള്‍ നിശ്ചയിച്ചത്.
മൂന്ന് ലക്ഷം രൂപയാണ് ക്യാമ്പിനും ഉപകരണങ്ങള്‍ക്കുമായി നീക്കി വെച്ചത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് പുതിയ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിനും ഭിന്നശേഷിക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സ്വയം തൊഴില്‍ തുടങ്ങുന്നതിനും 2024-25 സാമ്പത്തിക വര്‍ഷം പദ്ധതി രൂപികരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന ഭിന്നശേഷി വികസന കോര്‍പ്പറേഷന്റെ ടെക്‌നീഷ്യന്‍മാര്‍ ഗുണഭോക്ത്വക്കളുടെ അളവനുസരിച്ചാണ് ഉപകരണങ്ങള്‍ തയ്യാറാക്കിയത്. എന്റോ സ്‌കെല്‍ട്ടന്‍ പ്രോത്യാസിസ്, പീടിയാട്രിക്ക് വീല്‍ചെയര്‍, സി.പി. ചെയര്‍ തുടങ്ങിയ പതിനെട്ട് ഇനം ഉപകരണങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ എം.ജ.റോസമ്മ പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ രമാദേവി, ഇ. വി വര്‍ക്കി, പഞ്ചായത്തംഗങ്ങളായ പ്രസന്ന ടീച്ചര്‍, എം ജെ ജിനു, ഷാജി കൈപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.   

ടെക് ഹൊറൈസണ്‍ വര്‍ക്ഷോപ്പ്
ഭക്ഷ്യവസ്തുക്കളുടെ പാക്കിങിനെക്കുറിച്ച് അറിവ് നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ്) മൂന്നു ദിവസത്തെ ടെക് ഹൊറൈസണ്‍                                                        വര്‍ക്ഷോപ്പ്  സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴു മുതല്‍ ഒന്‍പതുവരെ അങ്കമാലി എന്റര്‍പ്രൈസ് ഡവലപ്മെന്റ് സെന്ററിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍/ എക്‌സിക്യുട്ടീവ്‌സ് തുടങ്ങിയവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.  http://kied.info/training-calender/ എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി അഞ്ചിനു മുന്‍പായി അപേക്ഷിക്കാം. ഫോണ്‍: 0484 2532890, 2550322, 9567538749.
ടെന്‍ഡര്‍
മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം നടത്തുന്നതിലേക്ക് ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0469 2681233.

error: Content is protected !!