സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സംസ്ഥാന വാർഷിക ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് ഗുണകരമാകുന്ന നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ എസ്.പി.സിക്ക് കഴിഞ്ഞെന്നും ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
പേരൂർക്കട എസ്.എ.പി. ക്യാമ്പിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് ഐ.പി.എസ്, എസ്.പി.സി നോഡൽ ഓഫീസർ ആർ. നിശാന്തിനി ഐ.പി.എസ്, ഐ.ജി സ്പർജൻ കുമാർ ഐ.പി.എസ് തുടങ്ങിയവർ പങ്കെടുത്തു. 615 കേഡറ്റുകൾ പങ്കെടുക്കുന്ന ക്യാമ്പിൽ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അടക്കമുള്ള പ്രമുഖരുമായുള്ള സംവാദം, സംസ്ഥാന തല ക്വിസ് മത്സരം, ഫീൽഡ് വിസിറ്റുകൾ, പരിശീലന ക്ലാസുകൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പതിനൊന്നിന് നടക്കുന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
14 വർഷം മുമ്പ് ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിലവിൽ 997 സ്‌കൂളുകളിൽ നടപ്പാക്കുന്നു. 88,000 സ്റ്റുഡന്റ് കേഡറ്റുകളും രണ്ടായിരത്തിലധികം അധ്യാപകരും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. 2,70,000 വിദ്യാർത്ഥികൾ ഇതുവരെ എസ്.പി.സി പദ്ധതിയിൽ പങ്കാളികളായിട്ടുണ്ട്.