Input your search keywords and press Enter.

പത്തനംതിട്ട ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

പത്തനംതിട്ട ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി ക്യാമ്പയിനുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്, തൊഴില്‍ വകുപ്പ്, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.

ജില്ലയില്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍, ഹരിതകേരളമിഷന്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ ചിട്ടയായ മാലിന്യനിര്‍മാര്‍ജനം, പരിസര ശുചീകരണം കൊതുകുറവിട നശീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കും.

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും അധികാര പരിധിയില്‍ വരുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം നല്‍കപ്പെടുന്ന പകര്‍ച്ചവ്യാധിയുടെ വിവരങ്ങള്‍ യഥാസമയം ഐഡിഎസ്പി (ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം)യില്‍ റിപ്പോര്‍ട്ട് ചെയണം.

വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യനിര്‍മ്മാര്‍ജനം ഉറവിട നശീകരണത്തിലൂടെ നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങളും പ്രതിരോധ ചികിത്സയും ഉറപ്പാക്കും. പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുള്ള വസ്തുക്കള്‍ നീക്കുകയും പാഴ്വസ്തുക്കള്‍ സംസ്‌കരിക്കുകയും വേണം. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്തി സമയബന്ധിതമായി ശുദ്ധജലലഭ്യത ഉറപ്പാക്കും. പമ്പിംഗ് സ്റ്റേഷന്‍ പരിസരത്തെ ജലസ്രോതസുകളുടെ മലിനീകരണം തടയും. കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധനകള്‍ നടത്തും. ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണവും ഡ്രൈ ഡേ ആചരണവും നടപ്പാക്കും.

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനും പകര്‍ച്ച വ്യാധി പ്രതിരോധത്തിനും വേണ്ട നടപടികള്‍ സ്വീകരിക്കും. വനിതാ ശിശു വികസന വകുപ്പ് അംഗണവാടി ഹെല്‍പ്പര്‍മാര്‍ , സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി ഗൃഹ സന്ദര്‍ശനവും സ്ഥാപന സന്ദര്‍ശനവും നടത്തി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സാംക്രമിക രോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തും. മഴക്കാല പൂര്‍വ ശുചികരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കും. ഭക്ഷ്യ വിഷബാധ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണം ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. കൃത്യമായ മോണിറ്ററിങ്ങിലൂടെയാണ് വകുപ്പുകള്‍ പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കുക.

ആരോഗ്യജാഗ്രതയ്ക്കായി ജില്ലയില്‍ തീവ്രയജ്ഞ പരിപാടികള്‍

ദേശീയ വിരവിമുക്ത ദിനം (8)

വയറിളക്ക രോഗ നിയന്ത്രണ വാരാചരണം ഫെബ്രുവരി 14 മുതല്‍ 28 വരെ

 മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ പ്രതിരോധം

ജില്ലയില്‍ ആരോഗ്യജാഗ്രതയ്ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ഇതിനായി ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ അധ്യക്ഷതയില്‍ നടന്നു. ദേശീയ വിരവിമുക്ത ദിനം, ജലജന്യ രോഗനിയന്ത്രണം, സാംക്രമിക രോഗനിയന്ത്രണം, കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു.

ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ (8) ദേശീയ വിരവിമുക്ത ദിനമായി ആചരിക്കും. ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 2,24,410 കുട്ടികള്‍ക്ക് അങ്കണവാടികളിലും വിദ്യാലയങ്ങളിലും വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. വിരബാധ കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ശുചിത്വശീലങ്ങള്‍ കര്‍ശനമായി പാലിച്ച് ആറു മാസം ഇടവിട്ട് വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കണം.

പാര്‍ശ്വഫലങ്ങളില്ലാത്തതും ഫലപ്രദവും സൗജന്യമായ വിരഗുളികകള്‍ സ്‌കൂളുകളിലും അങ്കണവാടികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരും ക്ലാസ് ടീച്ചറുമാണ് ഗുളിക നല്‍കുക. ഒരു വയസിനും രണ്ട് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി ഗുളികയും രണ്ടു വയസ് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയുമാണ് നല്‍കുക. സ്‌കൂളുകളിലും അങ്കണവാടികളിലും പോകാത്ത കുട്ടികള്‍ക്ക് ആശപ്രവര്‍ത്തകരുടെ സഹകരണത്തോടെ ഗുളികകള്‍ നല്‍കും. (ഫെബ്രുവരി 8) ഗുളികകള്‍ കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15 ന് നല്‍കും. വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്.
വിരബാധിതരായ കുട്ടികളില്‍ പോഷണവൈകല്യവും വിളര്‍ച്ചയും മൂലം ക്ഷീണിതരായിട്ടാകും കാണപ്പെടുക. വയറു വേദന, ഛര്‍ദ്ദി, വയറിളക്കം, വിളര്‍ച്ച, തൂക്കകുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ വിരബാധയുടെ കുട്ടികളില്‍ ഉണ്ടാകും.

ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ഭക്ഷണം കഴിച്ചതിനു ശേഷവും കൈകള്‍ കഴുകുക, ഭക്ഷണം അടച്ച് സൂക്ഷിക്കുക, ശുദ്ധമായ ജലം കുടിക്കുക, കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, ചെരുപ്പുകള്‍ ധരിക്കുക, ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക, തുറസായ സ്ഥലങ്ങില്‍ വിസര്‍ജ്ജ്യം ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വിരബാധ തടയാം.

വയറിളക്ക രോഗ നിയന്ത്രണ വാരാചരണം ഫെബ്രുവരി 14 മുതല്‍ 28 വരെ ആചരിക്കും. വയറിളക്കം മൂലമുള്ള നിര്‍ജ്ജലീകരണത്തിലൂടെ മരണങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തും. അഞ്ചു വയസില്‍ താഴെയുള്ള എല്ലാ കുട്ടികളും അവരുടെ രക്ഷിതാക്കളും വയറിളക്കം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഈ വയസിലുള്‍പ്പെടുന്ന കുട്ടികളെയും ലക്ഷ്യമിട്ടാണ് വാരാചരണം നടത്തുന്നത്.

കുട്ടികളുടെ പ്രതിരോധവും പരിപാലനവും ഉറപ്പാക്കുന്നതിന് ഓആര്‍എസ്, സിങ്ക് എന്നിവയുടെ കോര്‍ണറുകള്‍ സ്ഥാപിച്ച് അവയുടെ ലഭ്യതയും ഉപയോഗവും മെച്ചപ്പെടുത്തുക, അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ വീടുകളില്‍ ആശപ്രവര്‍ത്തകര്‍ മുഖേന ഓആര്‍എസ് നല്‍കുക, ആരോഗ്യ കേന്ദ്രങ്ങളിലെ വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കുക, ശുചിത്വത്തിനായുള്ള ബോധവല്‍ക്കരണം എന്നിവയാണ് വാരാചരണ പ്രവര്‍ത്തനങ്ങള്‍.

അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ പ്രതിരോധ മരുന്നുകളും അഞ്ചാംപനി, റൂബെല്ല നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്സിന്‍ എടുക്കാത്ത ഈ പ്രായത്തിലുള്ള കുട്ടികളെ കണ്ടെത്തി എംആര്‍സിവി (മീസില്‍സ് ആന്‍ഡ് റുബെല്ല കണ്ടെയിനിഗ് വാക്സിന്‍) നല്‍കും.

കുഷ്ഠരോഗപക്ഷാചരണം ഫെബ്രുവരി 12 വരെ
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ കുഷ്ഠരോഗ പക്ഷാചരണം ആചരിച്ചുവരുന്നു. മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് ആരംഭിച്ച പരിപാടി ഫെബ്രുവരി 12 വരെ ആചരിക്കും. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ നടപ്പാക്കുന്നത്. സമൂഹത്തിലെ കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്നതാണ് പരിപാടി.

കുഷ്ഠ രോഗം വായുവിലൂടെയാണ് പകരുന്നത്. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം കുഷ്ഠ രോഗത്തെപറ്റിയുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിച്ച് രോഗ നിര്‍ണയത്തിനും ചികിത്സക്കും ആവശ്യമായ സഹായമെത്തിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗത്തിനുള്ള മരുന്നുകള്‍ സൗജന്യമായി വിതരണം നല്‍കുന്നുണ്ട്.

കുഷ്ഠരോഗ ലക്ഷണങ്ങള്‍
തൊലിപ്പുറത്ത് കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ സ്പര്‍ശനശേഷി കുറവോ, ഇല്ലാതിരിക്കുകയോ ചെയ്യുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആകാം.

രോഗം തടയാം
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ സമയം എടുക്കുന്നു. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ചികിത്സ വൈകുന്നത് അംഗവൈകല്യത്തിനും മറ്റുള്ളവരിലേക്ക് പടരാനും ഇടയാക്കും. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കും. ചികിത്സ ആരംഭിക്കുന്നതോടെ രോഗിയുടെ ശരീരത്തിലെ 90 ശതമാനം ബാക്ടീരിയയും നശിക്കുന്നതിനാല്‍ മറ്റുള്ളവരിലേക്ക് പകരുന്നത് പൂര്‍ണമായും തടയാം. ആറുമുതല്‍ 12 മാസം വരെയുള്ള കൃത്യമായ ചികിത്സയിലൂടെ പൂര്‍ണ രോഗമുക്തി നേടാം.

 

 

ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം നടത്തി

ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍  ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്ന് യോഗത്തില്‍ കളക്ടര്‍ പറഞ്ഞു.

 

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദേശീയ വിരവിമുക്ത ദിനം, ജലജന്യ രോഗനിയന്ത്രണം, സാംക്രമിക രോഗനിയന്ത്രണം, കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (8) ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി പറഞ്ഞു.

 

ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികളിലും വിദ്യാലയങ്ങളിലും വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. വയറിളക്ക രോഗ നിയന്ത്രണ വാരാചരണം ഫെബ്രുവരി 14 മുതല്‍ 28 വരെ ആചരിക്കും. അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒആര്‍എസ്, സിങ്ക് എന്നിവയുടെ ലഭ്യതയും ഉപയോഗവും മെച്ചപ്പെടുത്തി കുട്ടികളുടെ പ്രതിരോധവും പരിപാലനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ പ്രതിരോധ മരുന്നുകള്‍ നല്‍കും.

 

അഞ്ചാംപനി, റൂബെല്ല നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്സിന്‍ എടുക്കാത്ത അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികളെ കണ്ടെത്തി എംആര്‍സിവി (മീസില്‍സ് ആന്‍ഡ് റുബെല്ല കണ്ടെയിനിഗ് വാക്സിന്‍) നല്‍കും. ആരോഗ്യജാഗ്രത, കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ഡോ. ഐപ്പ് ജോസഫ്, എന്‍എച്ച്എം ഡിപിഎം ഡോ.എസ് ശ്രീകുമാര്‍, ആര്‍സിഎച്ച് കെ കെ ശ്യാം കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ലൈസന്‍സ് സബ്സിഡി മേള നടത്തി
വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ല താലൂക്ക് ഓഫീസിന്റെയും നേതൃത്വത്തില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സംരംഭകര്‍ക്കുള്ള ലോണ്‍ ലൈസന്‍സ് സബ്സിഡി മേള നടത്തി. സംരംഭക വര്‍ഷം 2.0 യുടെ ഭാഗമായുള്ള മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് ഉദ്ഘാടനം ചെയ്തു. ആറ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,നാല് കെസ്വിഫ്റ്റ് അംഗീകാരങ്ങള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു.  റാന്നി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ജെ.എല്‍ ലിജു, വെച്ചൂച്ചിറ ഇഡിഇ മാരായ അഞ്ജലി, സീതത്തോട് ഇഡിഇ ദീപക്, പെരുനാട് ഇഡിഇ ഗോകുല്‍ തുടങ്ങി 28 പേര്‍ പങ്കെടുത്തു

പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്‍വന്‍ഷന് അനിവാര്യം :ഡപ്യൂട്ടി സ്പീക്കര്‍
പമ്പയുടെ പുനരുജ്ജീവനം മാരാമണ്‍ കണ്‍വന്‍ഷന് അനിവാര്യമാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 129-ാമത് മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

 

പരിസ്ഥിതിയും ജലസംരക്ഷണവും മനുഷ്യനിലനില്‍പ്പിന് അനിവാര്യമാണ്. പ്രകൃതിയുടെ സംരംക്ഷണം ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്.മാര്‍ത്തോമാ സുവിശേഷം പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫീലക്സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാര്‍ത്തോമാ സഭ ഇക്കോളജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ് മാത്യൂസ് മാര്‍ സെറാഫീ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണവും ഡോ. സാംസണ്‍ മാത്യു മുഖ്യ പ്രഭാഷണവും മലയാള മനോരമ പത്തനംതിട്ട അസിസ്റ്റന്റ് എഡിറ്റര്‍ വര്‍ഗീസ് സി തോമസ് വിഷയാവതരണവും നടത്തി.

 

സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ ജോഷ്വാ, ലേഖക സെക്രട്ടറി പ്രൊഫസര്‍ എബ്രഹാം പി മാത്യു, ട്രഷറര്‍ ഡോ എബി തോമസ് വാരിക്കാട്, പരിസ്ഥിതി കമ്മിറ്റി കണ്‍വീനര്‍മാരായ തോമസ് കോശി ചാത്തങ്കേരി, ജോസ് പി വയയ്ക്കല്‍, സഞ്ചാര സെക്രട്ടറി റവ ജിജി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

 

ക്വട്ടേഷന്‍
സപ്ലൈകോ പത്തനംതിട്ട ജില്ലാ ഡിപ്പോയ്ക്ക് കീഴിലുളള എന്‍എഫ്എസ്എ യുടെ കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ പിഡിഎസ് ഗോഡൗണുകളിലേക്ക് പുതിയ ഗതാഗത കരാറുകാരെ നിയമിക്കപെടുംവരെ മൂന്ന് മാസത്തേക്കോ /ഇ-ടെന്‍ഡര്‍ പ്രകാരമുളള കരാര്‍ നിലവില്‍ വരുന്ന തീയതിവരെയോ (ഇതില്‍ ആദ്യം വരുന്ന തീയതി വരെ)താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. റേഷന്‍ സാധനങ്ങള്‍ മാവേലിക്കര, ആവണീശ്വരം എന്നീ എഫ്‌സിഐ ഗോഡൗണ്‍ സിഎംആര്‍ മില്ലുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിട്ടെടുത്ത് പത്തനംതിട്ട കുലശേഖരപേട്ട, കോന്നി എന്നിവിടങ്ങളിലുളള ഗോഡൗണുകളില്‍ എത്തിക്കുകയും ഇവിടെനിന്നും കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ വിവിധ റേഷന്‍കടകളില്‍  വാതില്‍പടി വിതരണം നടത്തുകയും ചെയ്യുന്നതിനാണ് ക്വട്ടേഷന്‍. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ച് വരെ.
ഫോണ്‍ : 0468 2222308


ഓംബുഡ്സ്മാന്‍ സിറ്റിംഗ്

പറക്കോട്  ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 12  ന്  രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി എം എ വൈ ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു.
ഫോണ്‍ : 9447556949

അപേക്ഷ ക്ഷണിച്ചു
2023-24 വര്‍ഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 15. യൂണിവേഴ്സിറ്റി/ബന്ധപ്പെട്ട ഗവണ്‍മെന്റ് സെലക്ഷന്‍ ഏജന്‍സിയുടെ അലോട്ട്മെന്റ് മുഖേന മെറിറ്റിലോ റിസര്‍വേഷനിലോ അഡ്മിഷന്‍ നേടിയിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒ.ഇ.സി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അര്‍ഹതയുളള എല്ലാ വിദ്യാര്‍ഥികളും നിശ്ചിത സമയപരിധിക്കുള്ളില്‍ കൃത്യമായ കാറ്റഗറിയില്‍ അപേക്ഷകള്‍  ഓണ്‍ലൈനായി സമര്‍പ്പിക്കണം. മാര്‍ച്ച് 15ന് ശേഷം അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവികളുമായി ബന്ധപ്പെടണം.

യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചു
മഞ്ഞനിക്കര പെരുനാളിനോട് അനുബന്ധിച്ച് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മഞ്ഞനിക്കര വാര്‍ഡ് പരിധി യാചക നിരോധിത മേഖലയായി  പ്രഖ്യാപിച്ചതായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഓവര്‍സിയര്‍ നിയമനം
സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലയില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷം സേവന പരിചയമുള്ള സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ ഉള്ളവര്‍ക്കും  ഒരു വര്‍ഷം  സേവന പരിചയമുള്ള സിവില്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. പ്രതിദിനം 755 രൂപയാണ് വേതനം. പ്രായപരിധി 40 വയസ്. അപേക്ഷയും യോഗ്യതാ  സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും   ഫെബ്രുവരി 13 ന്  വൈകിട്ട് അഞ്ചിന് മുന്‍പായി സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തില്‍ ലഭിക്കണം.
ഫോണ്‍ : 0469 -2600167

ഡ്രാഫ്റ്റ്സ്മാന്‍ നിയമനം
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തില്‍  നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം  നടത്തും. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുളള ഐടിഐ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് ) ഡിപ്ലോമ (ആര്‍ക്കിടെക്ചര്‍ ) യോഗ്യതയും  ഓട്ടോകാഡ്  പ്രാവീണ്യം,   ത്രീഡിഎസ് മാക്സ്  തത്തുല്യ ത്രീഡി മേക്കിംഗ് സോഫ്റ്റ് വെയര്‍ പ്രവീണ്യം എന്നിവയും ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 12 നുളളില്‍ അപേക്ഷ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍  എത്തിക്കണം.   അപേക്ഷയോടൊപ്പം മേല്‍വിലാസം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം  തുടങ്ങിയവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 0468 2319740, 9847053294, 9188089740.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഓട്ടോകാഡ് ടു ഡി, ത്രീഡി, ത്രീഡിഎസ് മാക്സ്,  മെക്കാനിക്കല്‍  കാഡ്, ഇലക്ട്രിക്കല്‍ കാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍ : 0469 2961525, 8281905525

അടൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഹൈടെക് ആക്കും : ഡപ്യൂട്ടി സ്പീക്കര്‍

അടൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ഹൈടെക് ആക്കുമെന്ന് നിയമസഭ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ എം.എല്‍.എ യുടെ ആസ്തി വികസനഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ ഉപയോഗിച്ച് തോട്ടക്കോണം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അച്ചന്‍ കുഞ്ഞ് ജോണ്‍ അധ്യക്ഷനായിരുന്നു .വിവിധ മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളായ പദ്മ രതീഷ് ,ദേവിക സുരേഷ്, ഷിഹാദ് ഷിജു എന്നിവര്‍ക്ക് ഡപ്യൂട്ടി സ്പീക്കര്‍ ഉപഹാരം നല്കി .

മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്‌മെന്റുകള്‍ പന്തളം നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍.വിജയകുമാര്‍ വിതരണം ചെയ്തു. പന്തളം നഗരസഭ കൗണ്‍സിലറന്മാരായ എസ്.അരുണ്‍, സുനിത വേണു , മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എ.ഗിരിജ ടീച്ചര്‍, പി.ടി.എ പ്രസിഡണ്ട് എം.ജി. മുരളീധരന്‍ ,എസ്.എം.സി ചെയര്‍മാന്‍ കെ.എച്ച് .ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു.

 

നൂറുമേനി വിളവെടുപ്പുമായി പുന്നോണ്‍ പാടശേഖരത്തില്‍ നെല്ലിന്റെ കൊയ്ത്തുല്‍സവം നടത്തി

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കൃഷി വകുപ്പിന്റെയും ആത്മയുടെയും  സംയുക്ത ആഭിമുഖ്യത്തില്‍ നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ പുന്നോണ്‍ പാടശേഖരത്തില്‍ നെല്ലിന്റെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍  ഉദ്ഘാടനം ചെയ്തു.  കൊയ്തുത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ പുന്നോണ്‍ പാടശേഖര സമിതി പ്രസിഡണ്ട് എം വി സന്‍ജു അധ്യക്ഷത വഹിച്ചു. കൃഷിവിജ്ഞാനകേന്ദ്രം സബ്ജറ്റ് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ. വിനോദ് മാത്യു മുഖ്യപ്രഭാഷണം നടത്തി.

പുന്നോണ്‍ പാടശേഖരത്തില്‍ നടപ്പിലാക്കിയ ഫാം ഫീല്‍ഡ് സ്‌കൂളിനോട് അനുബന്ധിച്ച് നടത്തിയ നെല്‍കൃഷിയിലാണ് നൂറ് മേനി വിളവുണ്ടായത്.  വിവിധ സാങ്കേതികവിദ്യകള്‍ സംബന്ധിച്ച പരിശീലനം കര്‍ഷകര്‍ക്ക് നല്‍കി. പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായ വിത്തു പരിചരണം, മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം, നെല്ലില്‍ ‘സമ്പൂര്‍ണ്ണ’ എന്ന സൂക്ഷ്മ മൂലക മിശ്രിതത്തിന്റെ ഉപയോഗം, മുട്ട കാര്‍ഡുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള കീടനിയന്ത്രണം മാര്‍ഗങ്ങള്‍ , ശാസ്ത്രീയമായ കള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, 10 ദിവസത്തെ ഇടവേളകളില്‍ ഉള്ള കീട-രോഗ നിരീക്ഷണം തുടങ്ങിയവയാണ് നടപ്പാക്കിയിട്ടുള്ളത്.

കൊയ്ത്തുത്സവത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ നാരങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കടമ്മനിട്ട കരുണാകരന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ , ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ദേവസ്യ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റസിയ സണ്ണി, കൃഷി വിജ്ഞാന കേന്ദ്രത്തിലെ അലക്‌സ് ജോണ്‍,  എസ് ഗായത്രി, നാരങ്ങാനം കൃഷി ഓഫീസര്‍  മഹിമ മോഹന്‍, പാടശേഖരസമിതി വൈസ് പ്രസിഡന്റ്  ഈപ്പന്‍ മാത്യു, ജോയിന്റ് സെക്രട്ടറി പി ആര്‍ രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ഉപഭോക്തൃസംരക്ഷണസമിതി യോഗം ചേര്‍ന്നു
ജില്ലാതല ഉപഭോക്തൃസംരക്ഷണ സമിതിയുടെ ആദ്യയോഗം ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  ഉപഭോക്തൃ സംരക്ഷണ നടപടികള്‍ വികസിപ്പിക്കുകയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുകയാണ് സമിതിയുടെ ഉദ്ദേശ്യം.
ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുമായുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച  ചെയ്തു.വിതരണക്കാരില്‍ നിന്നോ സേവന ദാതാക്കളില്‍ നിന്നോ ഉണ്ടാകുന്ന വീഴ്ചകള്‍ക്ക് ഉപഭോക്താക്കളെ സഹായിക്കാന്‍ രൂപീകരിക്കപ്പെട്ട കോടതി സ്വഭാവത്തോട് കൂടിയ സംവിധാനമാണ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ഓണ്‍ലൈനായും പരാതി സമര്‍പ്പിക്കാനുള്ള സംവിധാനം ലഭ്യമാണ്. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനു പരാതി നല്‍കുമ്പോള്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള തര്‍ക്കങ്ങള്‍ക്ക് ഫീസ് ഈടാക്കില്ല. അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള തര്‍ക്കങ്ങള്‍ക്ക് 200 രൂപയും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ള തര്‍ക്കങ്ങള്‍ക്ക് 400 രൂപയും 20 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള തര്‍ക്കങ്ങള്‍ക്ക് 1000 രൂപയും പ്രസിഡന്റിന്റെ പേരില്‍ ഡിഡി അടയ്ക്കണം. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ 50 ലക്ഷം വരെയുള്ള തര്‍ക്കങ്ങളുടെ പരിഹാരത്തിന് സമീപിക്കാം. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ അന്തിമ തീരുമാനത്തില്‍ അതൃപ്തിയുള്ള പക്ഷം സംസ്ഥാന  ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ സഹായം തേടാം. തുടര്‍ന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെയും സഹായം തേടാവുന്നതാണ്
യോഗത്തില്‍ ജില്ലാതല ഉപഭോക്തൃസംരക്ഷണ സമിതി സെക്രട്ടറിയായ ജില്ലാ സപ്ലൈ ആഫീസര്‍ എം അനില്‍, സീനിയര്‍ സുപ്രണ്ട് സിഡിആര്‍സി ജോഷി പി ജോയി, എക്‌സിക്യൂട്ടീവ് അംഗം പ്രസ് ക്ലബ് പത്തനംതിട്ട ജി വിശാഖ, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ അടൂര്‍ അംഗങ്ങള്‍ ഗിരിജ മോഹന്‍, ശാസ്താമഠം ശ്രീകുമാര്‍,ലീഗല്‍ മെട്രോളജി ഡപ്യുട്ടി കണ്‍ട്രോളര്‍ കെ ആര്‍ വിപിന്‍, ജില്ലാ സാമൂഹ്യ നീതി  ഓഫീസര്‍ ബി മോഹനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ലോകതണ്ണീര്‍ത്തട ദിനാചരണം

ലോകതണ്ണീര്‍ത്തട ദിനാചരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് ബി.എം.സി. ചെയര്‍മാനുമായ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഓമല്ലൂര്‍ സെന്റ്പീറ്റേഴ്സ് യാക്കോബായ സുറിയാനി വലിയപള്ളി അങ്കണത്തില്‍ നിര്‍വഹിച്ചു. രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ തണ്ണീര്‍ത്തടങ്ങളും കാവുകളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് പ്രകൃതിയെ ആശ്രയിച്ചാണെന്നും ഭക്ഷണം, ജലം, വായു എന്നിവ പ്രദാനം ചെയ്യുന്ന പ്രകൃതിയെ സംരക്ഷിച്ചു നിലനിര്‍ത്തികൊണ്ട് പോകേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് ബി.എം.സി. ചെയര്‍പേഴ്സണനുമായ ജെ. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് ബി.എം.സി. ചെയര്‍മാനുമായ അഡ്വ.ജോണ്‍സന്‍ വിളവിനാലില്‍ വിവിധ കാവുകളുടെ സംരക്ഷകരായ വ്യക്തികളെ പൊന്നാടയണിയിച്ച് ആദരിച്ചു.  പത്തനംതിട്ട  സോഷ്യല്‍ ഫോറസ്ട്രി സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.വി. ബിജു തണ്ണീര്‍ത്തട ദിനാചരണ സന്ദേശം നല്‍കി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബി.എം.സി. കണ്‍വീനര്‍ ഡോ. റാം മോഹന്‍ ഓമല്ലൂര്‍ ചിറ (കുറിഞ്ചാല്‍ ചാല്‍) യുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെപ്പറ്റിയും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍ തണ്ണീര്‍ത്തട ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കിനെപ്പറ്റിയും സംസാരിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി.) സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, വനം-വന്യജീവി വകുപ്പ്, റോട്ടറി ക്ലബ്ബ് ഓഫ് പത്തനംതിട്ട സെന്‍ട്രല്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ലോകതണ്ണീര്‍ത്തട ദിനാചരണം നടത്തിയത്.
സെഷന്‍ ഫോറസ്‌ററ് ഓഫിസര്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ഞിനിക്കര ജി.എല്‍.പി.ജി. സ്‌കൂളിലെ കുട്ടികള്‍, അധ്യാപകര്‍, കാവ് സംരക്ഷകര്‍, ബി.എം.സി അംഗങ്ങള്‍, എന്നിവരുള്‍പ്പെടുന്ന സംഘം ഓമല്ലൂര്‍ച്ചിറ (കുറിഞ്ചാല്‍ച്ചാല്‍) സന്ദര്‍ശനം നടത്തുകയും ചിറ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ചിറയിലെ ജൈവവൈവിധ്യം എന്നിവയുടെ പ്രാഥമിക അവലോകനം നടത്തി.
സോഷ്യല്‍ ഫോറസ്ട്രി സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജി. അനില്‍കുമാര്‍, ബി.ഡി.ഓ. എ.എസ്. ലത, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഓ. (ഇന്‍ ചാര്‍ജ്) ഉഷ, മഞ്ഞിനിക്കര ജി.എല്‍.പി.ജി.എസ്. ഹെഡ്മിസ്ട്രസ് ഫസീല, ഇലന്തൂര്‍ ബ്ലോക്ക് ബി.എം.സി. അംഗം.  ജോണ്‍ വി. തോമസ്, റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ട സെന്‍ട്രല്‍ പ്രസിഡന്റ് സി.എ തോമസ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു
മെഗാ തൊഴില്‍മേള
കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 10 ന്  രാവിലെ 10 ന് പന്തളം എന്‍.എസ്.എസ്   കോളജില്‍  മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, എന്‍എസ്എസ് പ്ലേസ്മെന്റ് സെല്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ ബാങ്കിംഗ്, ബിസിനസ്, സെയില്‍സ്, ഹോസ്പിറ്റാലിറ്റി, ഐ. ടി തുടങ്ങി വ്യത്യസ്ത മേഖലയില്‍ തൊഴിലുകള്‍ പ്രദാനം ചെയ്യുന്ന കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങള്‍ പങ്കെടുക്കും.
18 നും 40 നും ഇടയില്‍ പ്രായമുള്ളതും പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും നിര്‍ബന്ധമായും കൊണ്ടു വരണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും.
ഫോണ്‍: 9496095295, 9605110260.

ടെന്‍ഡര്‍
കോന്നി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിലെ 107 അങ്കണവാടികളില്‍ പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 ന് ഉച്ചക്ക് രണ്ടുവരെ. ഫോണ്‍ : 9074172812.

ജില്ലാതല ജന്തുക്ഷേമ പുരസ്‌കാരം സമ്മാനിച്ചു
ജില്ലാതല ജന്തുക്ഷേമ പുരസ്‌കാര വിതരണവും സെമിനാറും പത്തനംതിട്ട നഗരസഭാ  വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല ജന്തുക്ഷേമ പുരസ്‌കാരം ക്ഷീരകര്‍ഷകയായ അന്നമ്മ പുന്നൂസിന് സമ്മാനിച്ചു.
10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്.
മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ജന്തുക്ഷേമ പുരസ്‌കാരം ജില്ലാതലത്തില്‍ നല്‍കിവരുന്നത്. ഒന്‍പത് കറവപ്പശുക്കളെയും കിടാരികളെയും വളര്‍ത്തിയാണ് അന്നമ്മയും കാഴ്ചപരിമിതരായ ഭര്‍ത്താവ് പുന്നൂസും, മക്കളായ ജോമോളും, ജോമോനും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തുന്നത്.
മുട്ടക്കോഴി വളര്‍ത്തലും തീറ്റപ്പുല്‍ കൃഷിയും ഇവര്‍ക്കുണ്ട്. കാഴ്ചപരിമിതി എന്ന കുറവിനെ സധൈര്യം നേരിട്ട് തങ്ങളുടെ കഴിവും അര്‍പ്പണ ബോധവും കൊണ്ട് മൃഗപരിപാലനവും അതുവഴി മൃഗക്ഷേമപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്ന അന്നമ്മ പുന്നൂസ് എന്ന വ്യക്തി പ്രത്യേക പരിഗണന അര്‍ഹിക്കുന്നു എന്ന വിലയിരുത്തലോടെയാണ് ഇവരെ പുരസ്‌കാരത്തിന് അവാര്‍ഡ് കമ്മറ്റി തെരഞ്ഞെടുത്തത്.
ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ സി.പി അനന്തകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പെറ്റ്‌ഷോപ്പ് റൂള്‍, മാര്‍ക്കറ്റ് റൂള്‍, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിംഗ് റൂള്‍, പി.സി.എ. ആക്ട്, പഞ്ചായത്ത് രാജ് ആക്ട് തുടങ്ങിയ വിഷയങ്ങളില്‍ റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ഡാനിയല്‍ ജോണ്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ശുഭ പരമേശ്വരന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍  ഡോ. ജെ. ഹരികുമാര്‍, അസി. പ്രൊജക്ട് ഓഫീസര്‍ ഡോ. ആര്‍ രാജേഷ് ബാബു, ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. വി. എ ഷീജ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു
ജില്ലാ ആസൂത്രണ സമിതി: 31 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ  2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. നാല് ബ്ലോക്ക് പഞ്ചായത്തുകള്‍, 27 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ 22 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതികള്‍ യോഗം അംഗീകരിച്ചു. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍, 18 ഗ്രാമപഞ്ചായത്തുകള്‍, പന്തളം നഗരസഭ എന്നിവയുടെ വാര്‍ഷിക പദ്ധതി ഭേദഗതികളാണ് അംഗീകരിച്ചത്. എഡിഎം സുരേഷ് ബാബു, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ്  രഞ്ജിനി അജിത് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസിന്റെ അധ്യക്ഷതയില്‍  ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 24.78 കോടി രൂപ വരവും 24.40 കോടി രൂപ ചെലവും 38.25 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ഗ്രാമപഞ്ചായത്തില്‍ സ്വന്തമായി വാസയോഗ്യമായ വീടില്ലാത്ത ഒരു കുടുംബം പോലും ഉണ്ടാകരുതെന്ന് ഉറപ്പാക്കുക, അര്‍ഹത ഉള്ള എല്ലാവര്‍ക്കും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക, ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അലോപ്പതി – ആയുര്‍വേദ – ഹോമിയോ ആരോഗ്യ സ്ഥാപനങ്ങളെയും സ്‌കൂളുകളെയും അംഗണവാടികളെയും മാതൃക സ്ഥാപനങ്ങളായി ഉയര്‍ത്തുക, യുവജനങ്ങളുടെ കായിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുക  എന്നീ ലക്ഷ്യങ്ങള്‍ക്കാണ് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഊന്നല്‍ നല്‍കുന്നത്. റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന മേഖലകളുടെ വികസനത്തിനും അനിവാര്യ ചുമതലകളായ മാലിന്യ പരിപാലനത്തിനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും അര്‍ഹമായ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.
error: Content is protected !!