വേനല്‍ച്ചൂട് കൂടിവരുന്നതിനാല്‍ രാവിലെ 11 മുതല്‍ മൂന്നു വരെ വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം; ഡിഎംഒ
പത്തനംതിട്ട ജില്ലയില്‍ വേനല്‍ച്ചുടിന്റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. സൂര്യതപം, സൂര്യാഘാതം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ ജാഗ്രത വേണം.സൂര്യാഘാതം
ശരീരത്തില്‍ കനത്ത ചൂട് നേരിട്ട് ഏല്‍ക്കുന്നവര്‍ക്കാണ് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതല്‍. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാന്‍ തടസം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.
ലക്ഷണങ്ങള്‍ :ശരീരോഷ്മാവ് ഉയരുക, ചര്‍മ്മം വരണ്ട് പോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, തലവേദന, ക്ഷീണം, ബോധക്ഷയം, പേശിവലിവ്.സൂര്യതപം
സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതപം. വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ ചുവന്നു തുടുക്കുകയും, വേദനയും പൊള്ളലും ശരീരത്തില്‍ നീറ്റലും ഉണ്ടാവുകയും ചെയ്യാം. കടുത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്നും ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെയുണ്ടാകുന്നത്.
ലക്ഷണങ്ങള്‍ :അമിതമായ വിയര്‍പ്പ്, ക്ഷീണം, തലക്കറക്കം, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധക്ഷയം
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരം കൂടുതലായി വിയര്‍ത്ത് നിര്‍ജ്ജലീകരണം സംഭവിക്കാം. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍, വെയിലത്ത് ജോലിചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇവ ശ്രദ്ധിക്കാം :
ദാഹമില്ലെങ്കിലും തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം.
നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്. കുടയോ, തൊപ്പിയോ ഉപയോഗിക്കുക.
കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.
വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പു വരുത്തുക.
വെയില്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളവര്‍ മദ്യവും കഫീനും അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
സൂര്യാഘാതം ഏറ്റതായി തോന്നിയാല്‍ വെയിലുള്ള സ്ഥലത്തു നിന്നും തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റി, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം.ചൂടുകാലത്ത് കുടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ത്ത് ഹീറ്റ് റാഷ് (ചൂടുകുരു) ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. പ്രധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ചൂടുകാലത്ത് മറ്റ് പകര്‍ച്ച വ്യധികള്‍ക്കും സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഭൂമി വിതരണം:
നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു
ജില്ലയിലെ മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മഞ്ഞത്തോട് മേഖലയില്‍ ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മഞ്ഞത്തോട് പട്ടിക വര്‍ഗ സങ്കേതത്തില്‍ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഒരേക്കര്‍ ഭൂമിയാണ് പ്ലോട്ടുകള്‍ തിരിച്ച് ഇവിടെ വിതരണം ചെയ്യുന്നത്. അവര്‍ക്ക് കൈവശാവകാശ രേഖകള്‍ നല്‍കി കൃഷിയോഗ്യമാക്കി കൊടുക്കുകയും ചെയ്യും. വനവിഭവങ്ങള്‍ ശേഖരിക്കുന്നത് ഉപജീവന മാര്‍ഗമാക്കിയ ഇവരെ സ്ഥിരമായി ഒരിടത്ത് താമസിപ്പിക്കുക എന്നത് ശ്രമകരമാണ്. ഉദ്യോഗസ്ഥരുടെ ശ്രമത്തിന് ഒപ്പം അവരുടെ സഹകരണം കൂടി ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ആണ് ഇപ്പൊള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ ചിറ്റാറിലുള്ള പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റല്‍ കളക്ടറും സംഘവും സന്ദര്‍ശിച്ചു. പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ് സുധീര്‍, ടി ഒ നിസ്സാര്‍, ഊരുമൂപ്പന്‍ രാജു തുടങ്ങിയവര്‍ പങ്കെടുത്തു
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒന്‍പതു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2024-25 അധ്യയന വര്‍ഷം അഞ്ചാംക്ലാസിലേക്കുളള വിദ്യാര്‍ഥികളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
രക്ഷാകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയോ അതില്‍ കുറവുളളതോ ആയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീഷ നടത്തുന്നതിനുളള തീയതിയും പരീക്ഷാ കേന്ദ്രങ്ങളും പിന്നീട് അറിയിക്കും. ഇതുസംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാഫോറങ്ങളുടെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ / ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍: 0468 2322712.
ഗ്രോത്ത് പള്‍സ് സംരംഭക പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ്) അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതല്‍ 24 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ്. http://kied.info എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 15 നു മുന്‍പായി അപേക്ഷിക്കാം. ഫോണ്‍: 0484 2532890, 2550322, 7012376994.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 16 ന്
മെഴുവേലി ഗവ.വനിത ഐടിഐ യില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഫെബ്രുവരി 12 ന് രാവിലെ 11 ന് ഐടിഐ യില്‍ അഭിമുഖം നടത്തും. ട്രേഡില്‍ എന്‍ടിസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2259952.
ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടത്തിന്റെ ഉദ്ഘാടനം 10ന്
കുന്നന്താനം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം 10ന് രാവിലെ 9.30 ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷത വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല എംഎല്‍എയുടെ 2019-20 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 58 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ് ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതലപഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ദേശീയവിര വിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി നിര്‍വഹിച്ചു. വിരബാധമൂലമുണ്ടാകുന്ന രോഗങ്ങളെ കുട്ടികളായിരിക്കുമ്പോള്‍ തന്നെ നിയന്ത്രിച്ച് ആരോഗ്യമുള്ളവരായി വളരണമെന്നും ശരീരത്തെ ആക്രമിക്കുന്ന രോഗാണുക്കളെ തുരത്താന്‍ നല്ല ഭക്ഷണവും നല്ല ജീവിത ശൈലിയും രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പന്ന്യാലി ഗവ.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍ അനിതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി ജി ശ്രീവിദ്യ, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എസ്.മനോജ്കുമാര്‍ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലിതോമസ്, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍, ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജ്യോതി വേണുഗോപാല്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി കെ അശോക് കുമാര്‍, ഹെഡ്മിസ്ട്രസ് സ്മിതാകുമാരി, ആരോഗ്യ പ്രവര്‍ത്തകര്‍, രക്ഷകര്‍ത്താക്കള്‍ ,അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബജറ്റ് അവതരിപ്പിച്ചു
മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിലൂടെ സമഗ്ര വികസനമെന്ന ലക്ഷ്യത്തോട് കൂടിയുള്ള 2024-25 വര്‍ഷത്തെ ബജറ്റ് പ്രസിഡന്റ് രജനി ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് അവതരിപ്പിച്ചു.
വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അഞ്ച് ലക്ഷം രൂപയും ഉല്‍പാദന മേഖലയില്‍ പോത്തുകുട്ടി , പശു വളര്‍ത്തല്‍ , ആട് വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ അടക്കം കാര്‍ഷിക മേഖലയില്‍ 26 ലക്ഷം രൂപ വകയിരുത്തി. സമ്പൂര്‍ണ ഭവനം എന്ന ലക്ഷ്യം കൈവരിക്കാന്‍ ലൈഫ് പദ്ധതിക്കായി ഒരു കോടി രൂപ വകയിരുത്തി. ആരോഗ്യ മേഖലയില്‍ 45 ലക്ഷം രൂപ വകയിരുത്തി. പാലിയേറ്റീവ് കെയര്‍, കുടിവെള്ള വിതരണം , ശുചിത്വ മാലിന്യ സംസ്‌കരണം 20 ലക്ഷം രൂപ , ദാരിദ്ര്യം ലഘൂകരണം 1.6 കോടി രൂപ, വനിതാക്ഷേമം , പട്ടികജാതി ക്ഷേമം, ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമം, വയോജനക്ഷേമം, കുട്ടികള്‍ ഉള്‍പ്പെടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സേവന മേഖലയില്‍ 3.48 കോടി രൂപ രൂപയും നീക്കിവെച്ചു. പശ്ചാത്തല മേഖലയ്ക്ക് 1.25 കോടി രൂപ വകയിരുത്തിയിട്ടുള്ളതും ആകെ വരവ് 1.50 കോടി രൂപയും ചിലവ് 1.33 കോടി രൂപയും നീക്കി ബാക്കി ഒന്‍പതു ലക്ഷം രൂപയും ഉള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു.
ലോണ്‍ ലൈസന്‍സ് സബ്സിഡി മേള (9)
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഏരിയയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക്് ലോണ്‍ ശരിയാക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ ഉദ്യം രജിസ്ട്രേഷനും കെസ്വിഫ്റ്റ് എടുക്കുന്നതിനും ഏതെങ്കിലും വകുപ്പുകളില്‍ നിന്നും ലൈസന്‍സ് /എന്‍ഒസി കിട്ടുന്നതിനും പിഎം വിശ്വകര്‍മ സ്പോട്ട് രജിസ്ട്രേഷന് വേണ്ടിയും (9) രാവിലെ 11 മുതല്‍ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള നടത്തുന്നു. ഫോണ്‍ :0468 2214387
ടെന്‍ഡര്‍ ക്ഷണിച്ചു
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വാഹന ഡീലര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19. ടെന്‍ഡര്‍ ഫോം ഇലന്തൂര്‍ ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2362129, 9188959670.
ഭിക്ഷാടനം നിരോധിച്ചു
മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കുന്ന സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഭിക്ഷാടനം നിരോധിച്ച് ഉത്തരവായതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഇ-ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലാബ്- ബ്ലഡ് ബാങ്ക് റീ-ഏജന്റ്സ്, കാത്ത്ലാബ് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിലേക്ക് മൂന്ന് ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. https://etenders.kerala.gov.in എന്ന സൈറ്റ് മുഖേന ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍ : 9497713258.
ലേലം 20 ന്
റാന്നി തഹസില്‍ദാരുടെ അധീനതയിലുളള റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ സെല്ലാര്‍ പോര്‍ഷനില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി പണികഴിപ്പിച്ചിട്ടുളള ഏഴ് കടമുറികളില്‍ രണ്ട് എണ്ണം മാസവാടക അടിസ്ഥാനത്തില്‍ ഫെബ്രുവരി 20 ന് രാവിലെ 11 ന് റാന്നി താലൂക്ക് ഓഫീസില്‍ ലേലം ചെയ്ത് വാടകയ്ക്ക് നല്‍കും. താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04735 227442.
നാഷണല്‍ ലോക് അദാലത്ത് മാര്‍ച്ച് 9 ന്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് മാര്‍ച്ച് ഒന്‍പതിന് നടത്തും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്.
വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ബാങ്കുകളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികളും താലൂക്ക് നിയമസേവന കമ്മിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികളും നിലവില്‍ കോടതിയില്‍ പരിഗണനയിലുളള സിവില്‍ കേസുകളും ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകളും മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകളും ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന്‍ വകുപ്പ് മുമ്പാകെയുളള പരാതികളും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകളും കുടുംബകോടതിയില്‍ പരിഗണനയിലുളള കേസുകളും അദാലത്തില്‍ പരിഗണിക്കും. ഫോണ്‍ : 0468 2220141.
ട്രെയിനിങ് സംഘടിപ്പിച്ചു
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ എംജിഎന്‍ആര്‍ഇജിഎസ് മേറ്റ് മാര്‍ക്കുള്ള കില പരിശീലനത്തിന് തുടക്കമായി. കടപ്ര ഗ്രാമപഞ്ചായത്തിന്റെ മേറ്റ് പരിശീലനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ബിഡിഒ കെ വിനീത അധ്യക്ഷത വഹിച്ചു. വനിതാ ക്ഷേമ ഓഫീസര്‍ സി എല്‍ ശിവദാസ്, വ്യവസായ വികസന ഓഫീസര്‍ കവിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിമ്മി റോയ് തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളിലെയും മേറ്റ് മാര്‍ക്ക് നാലു ദിവസം കിലയാണ് പരിശീലനം നല്‍കുന്നത്. 350 മേറ്റ് മാര്‍ക്ക് ഒരു ദിവസ ഓറിയെന്റേഷനും മൂന്ന് ദിവസത്തെ സാങ്കേതിക പരിശീലനവും ആണ് നടത്തുന്നത്.