Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 10/02/2024 )

ബജറ്റ് അവതരിപ്പിച്ചു
അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024 -25 ലെ കരട് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍ അവതരിപ്പിച്ചു.  18.08 കോടി രൂപാ വരവും 14.56 കോടി രൂപ ചെലവും 3.51 കോടി രൂപാ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്.

 

മാലിന്യ സംസ്‌കരണം, ഉത്പാദന മേഖലയില്‍ വന്യമൃഗങ്ങളില്‍ നിന്നും കൃഷിയിടം സംരക്ഷിക്കുന്നതിന് 10 ലക്ഷം രൂപയും ലൈഫ് മിഷന്‍ നാലുകോടി രൂപയും കാര്‍ഷിക മേഖലയ്ക്ക്  60.75 ലക്ഷം  രൂപയും റോഡ് പുനരുദ്ധാരണത്തിന്  2.15 കോടി രൂപയും ആസ്ഥി വികസനത്തിന് 22.3 ലക്ഷം രൂപയും എം.സി.എഫ് നിര്‍മ്മാണത്തിന് വസ്തു വാങ്ങുന്നതിന് 16 ലക്ഷം രൂപയും അംഗന്‍വാടി നിര്‍മാണത്തിനും പാലിയേറ്റീവ്, ഡയാലിസിസ് രോഗികള്‍ക്ക് സഹായം, ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷി കല കായിക മേള, തെരുവ് വിളക്ക് പരിപാലനത്തിന് 29 ലക്ഷം രൂപയും മൃഗസംരക്ഷണ പദ്ധതിയിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, കാലിതീറ്റ എന്നിവ നല്‍കുന്നതിനും മുട്ടക്കോഴി വിതരണം, പോത്തുകുട്ടി വിതരണം, മത്സ്യ കൃഷി മേഖല ഉള്‍പ്പടെ 60.75 ലക്ഷം രൂപയും വനിതാ ശാക്തീകരണത്തിലൂടെ കുടുംബശ്രീക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാനും ക്ഷേമ പെന്‍ഷനുകള്‍ സമയ ബന്ധിതമായി അപേക്ഷകര്‍ക്ക് നല്‍കുന്നതിനും സേവന മേഖലയില്‍ വനിതകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്നതിന് ഒരു ലക്ഷം രൂപയും പാലിയേറ്റിവ് കെയര്‍ പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് വിഹിതം ഉള്‍പ്പെടെ 11.5 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാന ആവിഷ്‌കൃത ഫണ്ടില്‍ 5,57 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

 

പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.  സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ വിമല്‍, സാംകുട്ടി അയ്യക്കാവില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിത കുറുപ്പ്, ബെന്‍സന്‍ തോമസ്, പ്രഭാവതി, മറിയം റ്റി.തോമസ്, പ്രദീപ് അയിരൂര്‍, സോമശേഖരന്‍ പിള്ള, എന്‍ ജി.ഉണ്ണികൃഷ്ണന്‍, ശ്രീകല ഹരികുമാര്‍, അംബുജ ഭായ്, അനുരാധ ശ്രീജിത്ത്, സെക്രട്ടറി എ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
വികസനക്ഷേമ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വാര്‍ഷത്തെ ബജറ്റ് അവതരണം  ബ്ലോക്ക്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. 43.28 കോടി രൂപ  വരവും 43.28 കോടി രൂപ ചെലവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നടത്തിയ നയപ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ  ബജറ്റ് അവതരിപ്പിച്ചു. സാമൂഹ്യ സുരക്ഷയ്ക്കൊപ്പം പശ്ചാത്തല സൗകര്യ വികസനത്തിനും ഭവന, കാര്‍ഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, കുടിവെള്ള മേഖലകള്‍ക്ക്  മുന്‍തൂക്കം നല്‍കുന്നതാണ് ബജറ്റ്. വനിതകള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് വരുമാനദായക പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കാര്‍ഷിക മേഖലയ്ക്കൊപ്പം ചെറുകിട വ്യവസായ മേഖലയ്ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കുട്ടികളിലും കൗമാരക്കാര്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി ലഹരി വിരുദ്ധ സമഗ്ര പരിപാടിയായ മുക്തധാര പദ്ധതിക്കും പെണ്‍കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന അനീമിയ രോഗനിര്‍ണ്ണയത്തിനും ബോധവത്കരണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സുഷാമൃതം പദ്ധതിക്കും ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് സുകൃതം പദ്ധതിക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ വികസനത്തിനായി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മാണം, നൈപുണ്യ വികസന പരിശീലനം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ധനസഹായം, കോളനി റോഡ് കോണ്‍ക്രീറ്റിംഗ്, റീ-ടാറിംഗ് എന്നിവയ്ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പും മൊബൈല്‍ ലാബോറട്ടറി സംവിധാനം ഒരുക്കുന്നതിനുമായി ജീവതാളം പദ്ധതി ആരംഭിക്കുന്നതിനായി ബജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആതിര ജയന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി.തോമസ്,ഡിവിഷന്‍ മെമ്പര്‍മാരായ വി.ജി ശ്രീവിദ്യ, പി.വി അന്നമ്മ, സാറാമ്മ ഷാജന്‍, ജിജി ചെറിയാന്‍ മാത്യൂ, അഭിലാഷ് വിശ്വനാഥ്, കലാ അജിത്ത് എന്നിവര്‍ പങ്കെടുത്തു.

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന്
അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ്  11-ാം  ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍  www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29. ഫോണ്‍:  (കൊച്ചി സെന്റര്‍) – 8281360360, 0484-2422275, (തിരുവനന്തപുരം സെന്റര്‍)- 9447225524, 0471-2726275,

 

അടൂര്‍ ഫുട് ഓവര്‍ബ്രിഡ്ജിന് 3.55 കോടി ഭരണാനുമതി : ഡപ്യൂട്ടി സ്പീക്കര്‍
അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നല്‍കിയ ബജറ്റ് നിര്‍ദ്ദേശത്തിന് ഭരണാനുമതി ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റ് അംഗീകാരത്തിനാണ് പദ്ധതി നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് കോടി 55 ലക്ഷം രൂപ അടങ്കലിലാണ് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജ് വിഭാഗത്തിന്റെ ഭരണാനുമതി ലഭിച്ചത്.

28.6 മീറ്റര്‍ നീളമുള്ള  നടപ്പാലത്തിന്റെ ഉയരം 6.15 മീറ്ററും വീതി രണ്ടു മീറ്ററുമാണ്. നടപ്പാലത്തിന്റെ ഇരുവശവും ലിഫ്റ്റ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ലിഫ്റ്റ് ഓപ്പറേറ്റിങ് റൂമിനോട് ചേര്‍ന്നുള്ള പരിമിത സ്ഥലത്ത് വാണിജ്യആവശ്യങ്ങള്‍ക്കായി ക്യാബിന്‍ സ്ഥലസൗകര്യവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാല്‍നടയാത്രികര്‍ക്കുള്ള മേല്‍പ്പാലത്തിന്റെ പൂര്‍ത്തീകരണം സമയബന്ധിതമായി സാധ്യമാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വാട്ടര്‍ പ്യൂരിഫയറിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
കടപ്ര കണ്ണശ്ശ സ്മാരക ജിഎച്ച്എസ്എസ് സ്‌കൂളിന് ജില്ലാ പഞ്ചായത്തില്‍ നിന്ന് ലഭിച്ച അക്വാഗാര്‍ഡ് വാട്ടര്‍ പ്യൂരിഫയറിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാനതല കായിക മേളയില്‍ പങ്കെടുത്ത് മികവ് തെളിയിച്ച കുട്ടികളെയും ആദരിച്ചു. പി ടി എ പ്രസിഡന്റ് അജിതകുമാരി അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍, പഞ്ചായത്തംഗം ജോര്‍ജ് തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒ എസ് ചന്ദ്രലേഖ, ഹെഡ്മാസ്റ്റര്‍ കെ എം രമേശ് കുമാര്‍, എസ് എം സി ചെയര്‍മാന്‍ കെ വി വിദ്യ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബജറ്റ് അവതരിപ്പിച്ചു
കാര്‍ഷിക മേഖലയ്ക്കും ഭവന പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കി പെരിങ്ങര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 28.62 കോടി രൂപ വരവും 28.03 കോടി രൂപ ചെലവും 59 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ആണ് വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍ നായര്‍ അവതരിപ്പിച്ചത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജനങ്ങളുടെയും ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിനു സാമൂഹ്യനീതിയും സുരക്ഷയും ലഭ്യമാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതി പ്രകാരം കരാര്‍ വെച്ച എല്ലാവര്‍ക്കും വീട്, തരിശു രഹിത പഞ്ചായത്ത്, കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന കേന്ദ്രം, ആരോഗ്യമേഖല, വനിതാ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, റോഡുകളുടെയും കെട്ടിടങ്ങളുടെയും നവീകരണം, പഞ്ചായത്തിലെ പിന്നാക്ക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, നിരാലംബരായ രോഗികള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ഉന്നമനത്തിന് ആവശ്യമായ വിവിധ പദ്ധതികള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഹാപ്പിനസ് പാര്‍ക്ക്, പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം, പ്രളയ ദുരിതാശ്വാസ അഭയകേന്ദ്രം തുടങ്ങി വിവിധ പദ്ധതികള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഷാജി തമ്പി, വിപിന്‍ദാസ്, ഗിരീഷ് കമ്മത്ത്, വിവിധ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

പാലിയേറ്റീവ് സംഗമം ഇന്ന് (10)
നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് ദിനാചരണവും കുടുംബസംഗമവും ഇന്ന് (10) രാവിലെ 10 ന് നെടുമ്പ്രം പുതിയകാവ് എച്ച് എസില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി, ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചിറക് വിരിയ്ക്കാന്‍ കുടുംബശ്രീ
ജില്ല ശിശുസൗഹൃദമാകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ചിറകിന്റെ ഉദ്ഘാടനം  ഇരവിപേരൂര്‍ വൈ.എം.സി.എയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ശശിധരന്‍പിള്ള നിര്‍വഹിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ് വിവിധ മേഖലകളിലായി പരിശീലനം സംഘടിപ്പിക്കുന്നത്. ഇതിനായി യൂനിസെഫിന്റെ ഫണ്ടും ലഭ്യമാകും.

കുടുംബശ്രീ, ആരോഗ്യ- അങ്കണവാടി പ്രവര്‍ത്തകര്‍, എസ്.സി – എസ്.റ്റി പ്രമോട്ടര്‍മാര്‍, സ്‌കൂള്‍തല രക്ഷകര്‍തൃസമിതികള്‍, പ്രഥമാധ്യപകര്‍ മുതലായവര്‍ക്കായുള്ള പരിശീലനമാണ് ആദ്യഘട്ടം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള നിയമങ്ങള്‍, സംവിധാനങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അവതരണത്തിലുള്ളത്.

കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ ജില്ലയിലെ എല്ലാ കുടുംബശ്രീ കുടുംബങ്ങളും ശിശുസൗഹൃദമാകുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള പരിശീലനത്തില്‍ ജില്ലാതലത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള ബോധവത്ക്കരണ പരിപാടി പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് തല സിഡിഎസ് പൊതുസഭയ്ക്കുള്ള പരിശീലനത്തിന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. 53 പഞ്ചായത്തിലും നാല് നഗരസഭകളിലും വാര്‍ഡുതലം വരെ പരിശീലനം എത്തിച്ച് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളേയും ശിശുസൗഹൃദബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന ക്യാമ്പയിന്‍ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സജിനി കെ.രാജന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അമിത രാജേഷ്, ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ജി. സുരേഷ്ബാബു, ജില്ലാ വനിതാശിശുവികസന ഓഫീസര്‍ യു അബ്ദുള്‍ബാരി, ജില്ലാ ശിശുവികസന ഓഫീസര്‍ ടി. ആര്‍ ലതാകുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില എന്നിവര്‍ മുഖ്യപ്രഭാഷണവും സി.ഡബ്യൂ.സി ചെയര്‍മാന്‍ അഡ്വ. എന്‍ രാജീവ് വിഷയാവതരണവും നടത്തി. സി.ഡബ്യൂ.സി മെമ്പര്‍ ഷാന്‍ രമേശ് ഗോപന്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സി.ഡബ്യൂ.സി അംഗങ്ങളായ അഡ്വ. സുനില്‍ പേരൂര്‍, അഡ്വ. എസ്. കാര്‍ത്തിക, അഡ്വ. പ്രസീദാ നായര്‍,  പ്രൊട്ടക്ഷന്‍ ആഫീസര്‍ നിഷാ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ജില്ലയില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
1. സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎസ്‌സി എംഎല്‍ടി ബിരുദം. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തി പരിചയം. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 25,000 രൂപ.

2. ജൂനിയര്‍ ലാബ് ടെക്‌നിഷ്യന്‍- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎസ്‌സി എംഎല്‍ടി ബിരുദം അല്ലെങ്കില്‍ ഡിഎംഎല്‍ടി ബിരുദം. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 14,700 രൂപ.

3. യോഗ ഇന്‍സ്ട്രക്ടര്‍- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒരു വര്‍ഷത്തെ യോഗയില്‍ പിജി ഡിപ്ലോമ/ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ യോഗയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ നിന്ന് യോഗ ടീച്ചര്‍ ട്രെയ്‌നിംഗ് ഡിപ്ലോമ. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്  ബിഎന്‍വൈഎസ്, ബിഎഎംഎസ്, എംഎസ് സി യോഗ, എം ഫില്‍ യോഗയും പരിഗണിക്കും. അടിസ്ഥാന ശമ്പളം മാസം 14,000 രൂപ.

4. ജിഎന്‍എം നഴ്‌സ്- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത നഴ്‌സിംഗ് സ്‌കൂളില്‍ നിന്ന് ജിഎന്‍എം നഴ്‌സിംഗ്. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 17,850 രൂപ.

5. അറ്റന്‍ഡര്‍- എസ്എസ്എല്‍സി പാസ്. ഒഴിവുകളുടെ എണ്ണം രണ്ട്. പ്രായപരിധി ഫെബ്രുവരി മൂന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം മാസം 10,500 രൂപ.

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി വെബ് സൈറ്റില്‍ ബയോഡേറ്റ പൂരിപ്പിച്ച് പത്തനംതിട്ട നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിക്കണം. വെബ്‌സൈറ്റ്: www.namkerala.gov.in-careers. ഫോണ്‍: 9496238190

ലോഞ്ച് പാഡ് സംരംഭകത്വവര്‍ക്ഷോപ്പ്  
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 19  മുതല്‍ 23 വരെ താവക്കര കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ് അമിനിറ്റി  സെന്ററിലാണ് പരിശീലനം. പുതിയ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമവശങ്ങള്‍, പ്രൊജക്ട് തയാറാക്കല്‍  തുടങ്ങിയ  നിരവധി സെഷനുകള്‍ ഉള്‍പ്പെട്ട പരിശീലനത്തിന്  ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ്്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ്. താത്പര്യമുളളവര്‍ ഫെബ്രുവരി 16 ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0484 2532890,2550322,9633050143.വെബ്സൈറ്റ്: http://kied.info/training-calender/


ബാനര്‍, ഫ്ളക്സ്, പരസ്യങ്ങള്‍ നീക്കം ചെയ്യണം

വളളിക്കോട് ഗ്രാമപഞ്ചായത്തിന്റെ പൊതുസ്ഥലങ്ങളില്‍  സ്ഥാപിച്ചിരിക്കുന്ന നിരോധിത പിവിസി ഫ്ളക്സ്   സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മിച്ച ഹോര്‍ഡിംഗ്സ്, ബാനര്‍, ഫ്ളക്സ്, പരസ്യങ്ങള്‍ തുടങ്ങിയവ  സ്ഥാപിച്ചിരിക്കുന്നവര്‍ അടിയന്തിരമായി ഇവ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം  സ്ഥാപിച്ചവര്‍ക്കെതിരെ പിഴ ഈടാക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ലേലം
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്   നിര്‍മിക്കുന്നതിനായി ഖാദിബോര്‍ഡില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തുനിന്നും മുറിച്ചു മാറ്റിയ മരങ്ങള്‍ (ആഞ്ഞിലി,മാവ്)  ഫെബ്രുവരി 20 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും. താത്പര്യമുളളവര്‍ കോളജ് ഓഫീസുമായി ബന്ധപ്പെടുക.


ഖാദി റിബേറ്റ് വിപണന മേള;  ഉദ്ഘാടനം ചെയ്തു

സര്‍വോദയ പക്ഷത്തോടനുബന്ധിച്ചുള്ള  ഖാദി റിബേറ്റ്  വിപണന മേളയുടെ   ഉദ്ഘാടനവും 2023  ലെ ഓണം മേളയുടെ സംസ്ഥാന തല നറുക്കെടുപ്പില്‍ സമ്മാനമായി ലഭിച്ച  സ്വര്‍ണ നാണയത്തിന്റെ   വിതരണവും   ജില്ലാ ഖാദി ഗ്രാമവ്യവ്യസായ ഓഫീസില്‍  നടന്നു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്   മെമ്പര്‍   കെ.പി. മുകുന്ദന്റെ   അധ്യക്ഷതയില്‍ കൂടിയ   യോഗത്തില്‍  റിബേറ്റ് മേളയുടെ ഉദ്ഘാടനം  ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് മേഴ്സി മാത്യു  നിര്‍വഹിച്ചു.    ഖാദി ബോര്‍ഡ്   മെമ്പര്‍  സാജന്‍ തൊടുക  സമ്മാന വിതരണം നടത്തി. പ്രോജക്ട് ഓഫീസര്‍ എം.വി മനോജ്കുമാര്‍, അസി.രജിസ്ട്രാര്‍ റ്റി എസ്പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 14 വരെയാണ് റിബേറ്റ് മേള.കേരള ഖാദി ഗ്രാമവ്യവസായ വകുപ്പിന്റെകീഴിലുള്ള  ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, അബാന്‍ ജംഗ്ഷന്‍ പത്തനംതിട്ട, റാന്നി ചേത്തോങ്കര എന്നിവിടങ്ങളില്‍  പ്രവര്‍ത്തിക്കുന്ന വിപണനശാലകളില്‍ വിപുലമായ വസ്ത്രശേഖരംഏര്‍പ്പെടുത്തിയിട്ടുള്ളതായി  പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു
2023-24 വര്‍ഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി  മാര്‍ച്ച് 15. യൂണിവേഴ്സിറ്റി/ബന്ധപ്പെട്ട ഗവണ്‍മെന്റ് സെലക്ഷന്‍ ഏജന്‍സിയുടെ അലോട്ട്മെന്റ് മുഖേന മെറിറ്റിലോ റിസര്‍വേഷനിലോ അഡ്മിഷന്‍ നേടിയിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒ.ഇ.സി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അര്‍ഹതയുളള എല്ലാ വിദ്യാര്‍ഥികളും നിശ്ചിത സമയപരിധിക്കുള്ളില്‍ കൃത്യമായ കാറ്റഗറിയില്‍ അപേക്ഷകള്‍  ഓണ്‍ലൈനായി സമര്‍പ്പിക്കണം.  മാര്‍ച്ച് 15 ന് ശേഷം അപേക്ഷ നല്‍കാന്‍ അവസരം ലഭിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവികളുമായി ബന്ധപ്പെടാം.

ക്ഷേമനിധി വിഹിതം അടക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍  മാര്‍ച്ച്10 ന് അകം വിഹിതം പോസ്റ്റ്ഓഫീസില്‍ അടക്കണം. അതത് സാമ്പത്തികവര്‍ഷത്തെ ക്ഷേമനിധിവിഹിതം അടവാക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസമാകുകയും ചെയ്യുമെന്നതിനാല്‍ അംഗത്വവിഹിതം യഥാസമയം അടവാക്കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 13 ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പത്തനംതിട്ട ജില്ലാ സിറ്റിംഗ് ഫെബ്രുവരി 13 ന് രാവിലെ 11 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സിറ്റിംഗില്‍ നിലവിലുളള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും.

 

error: Content is protected !!