Input your search keywords and press Enter.

കോന്നി മണ്ഡലം ഇക്കോ ടൂറിസം വികസനം : മന്ത്രിതല യോഗം ചേർന്നു

 

തിരുവനന്തപുരം : കോന്നി നിയോജകമണ്ഡലത്തിലെ ഇക്കോ ടൂറിസം വികസനം സംബന്ധിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ കോന്നിയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനം സംബന്ധിച്ച് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.ഗവി-അടവി- -ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോർത്തിണക്കിയുള്ള വിശദമായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.

വിഷു ദിവസം മുതൽ ആനക്കൂട്ടിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പ്രവർത്തികൾ നടപ്പിലാക്കും. ആനക്കൂട്ടിൽ സന്ധ്യാസമയങ്ങളിൽ കൂടുതൽ സമയം സഞ്ചാരികൾക്ക് ചിലവഴിക്കാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും തീരുമാനമായി.ആനക്കൂട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് നിലവിലുള്ള വൈകുന്നേരം അഞ്ചുമണി വരെ പ്രവേശനം എന്നത് കൂടുതൽ സമയം ദീർഘിപ്പിക്കുന്നതിന് ആവശ്യമായ തീരുമാനം അടുത്ത യോഗത്തിൽ സ്വീകരിക്കുന്നതിനും നടപടിയായി.

അടവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ആയി ആകർഷകമായ ഗാർഡൻ, റസ്റ്റോറന്റ്, വ്യൂ ഡെക്, എലിഫന്റ് ട്രെഞ്ച്, ബാത്തിങ് പൂൾ വാട്ടർ കിയോസ്ക്, ജംഗിൾ ലോഡ്ജിൽ ഡോർമെറ്ററിയും മുറികളും, വിശാലമായ പാർക്കിംഗ് ഏരിയ , പാതയോര ഭക്ഷണശാല തുടങ്ങിയവയും ക്രമീകരിക്കും. നിരവധി പുതിയ പ്രവർത്തികൾ ആരംഭിക്കുന്നതിനാണ് യോഗത്തിൽ തീരുമാനമായത്.

പ്രവർത്തികൾ സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും ഏകോപനത്തിനും കൊല്ലം സി സി എഫ് കമലാഹാർ ഐ എഫ് എസിനെ ചുമതലപ്പെടുത്തി.ആങ്ങമൂഴിയെ ഗവിയുടെ കവാടമായി കണ്ട് പഞ്ചായത്തിന്റെ സഹായത്താൽ വിവിധങ്ങളായ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നതിനും യോഗത്തിൽ തീരുമാനം ഉണ്ടായി.
.
ഗവിയിലേക്ക് എത്തുന്ന എല്ലാ സഞ്ചാരികൾക്കും ആകർഷകമായ തരത്തിൽ ചിലവഴിക്കുന്നതിന് ആങ്ങമൂഴിയെ ക്രമീകരിക്കുന്നതിനും തീരുമാനമായി. ഈ മാസം തന്നെ വിശദമായ റിപ്പോർട്ട് ഇത് സംബന്ധിച്ച് തയ്യാറാക്കി നൽകാൻ നിർദ്ദേശിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് സീതത്തോട് കേന്ദ്രീകരിച്ച് എത്നോ ഹബ്ബ് അനുവദിച്ചിരുന്നു.

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് ഐ എഫ് എസ്,അഡിഷനൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ പുകഴേന്തി ഐ എഫ് എസ്, സീതതോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പി ആർ പ്രമോദ്, കൊല്ലം സി സി എഫ് കമലാഹാർ ഐ എഫ് എസ്, കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എഫ് എസ്, റാന്നി ഡി എഫ് ഓ പി കെ ജയകുമാർ ശർമ ഐ എഫ് എസ് എസ്,ഇക്കോ ടൂറിസം ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!