ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് നടത്തി
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ അഞ്ച് കേസുകള്‍ പരിഗണിച്ചു. കമ്മിഷന്‍ അംഗം പി റോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പുതിയ ഒരു കേസ് പരിഗണിച്ചു. മൂന്ന് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. രണ്ട് പരാതിക്കാരും കക്ഷികളും ഹാജരായില്ല. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സിറ്റിംഗില്‍ പങ്കെടുത്തു.
വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം (14)
ഏറത്ത് ഗ്രാമപഞ്ചായത്തിലെ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം (14) രാവിലെ 10ന് കിളിവയലില്‍ പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് ശ്രീജാകുമാരി അധ്യക്ഷത വഹിക്കും.
4)
പരിശീലനം സംഘടിപ്പിച്ചു
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ശബരിമല ഇടത്താവളത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. മൂന്നു ദിവസത്തേക്കാണ് പഞ്ചായത്ത് തല പരിശീലനം നടക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല അധ്യക്ഷത വഹിച്ചു. എന്‍ആര്‍ഇജിഎസ് എഇ പി.എന്‍ മനോജ് ക്ലാസുകള്‍ എടുത്തു.
സൗജന്യ തൊഴില്‍ പരിശീലനം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് എന്നീ കോഴ്സുകളില്‍ സൗജന്യമായി പഠിക്കാന്‍ അവസരം. 18 – 45 വയസാണ് പ്രായപരിധി. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും.
കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററിലാണ് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ പരിശീലനം നല്‍കുന്നത്. 50 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. 270 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ എസ്എസ്എല്‍സി പാസായവര്‍ക്ക് പങ്കെടുക്കാം. ഫീസ് ഇല്ല.
450 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സില്‍ എസ്എസ്എല്‍സി പാസായവര്‍ക്ക് പങ്കെടുക്കാം. ഫീസ് ഇല്ല.
പരിശീലനത്തില്‍ പങ്കെടുക്കാനായി ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു അഡ്മിഷന്‍ എടുക്കാവുന്നതാണ്. സീറ്റ് പരിമിതം. ഫോണ്‍ : 7994497989, 6235732523
ക്ഷേമനിധി വിഹിതം അടക്കാം
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 15 നു തിരുവല്ല അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നടത്തുന്ന കുടിശിക നിവാരണക്യാമ്പില്‍ പങ്കെടുത്ത് ക്ഷേമനിധി വിഹിതം അടക്കാവുന്നതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 2223169
കടത്തുകാരനെ ആവശ്യമുണ്ട്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ കമ്പകത്ത് കടവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ദിവസ വേതന അടിസ്ഥനത്തില്‍ പരിചയ സമ്പന്നനായ കടത്തുകാരനെ ആവശ്യമുണ്ട്. മേഖലയില്‍ മുന്‍ പരിചയമുള്ള ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം 19 നു വൈകിട്ട് നാലിനു മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04735-240230, 9496042659
സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി
സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് അഡ്വ. പി വസന്തത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ ആദിവാസി ഗോത്രവര്‍ഗ കോളനികളായ ളാഹ, മഞ്ഞത്തോട്, മൂഴിയാര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്രവര്‍ഗക്കാര്‍ക്ക് ഉറപ്പുവരുത്തുകയും അവയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. കോളനിക്കാരുടെ പ്രശ്‌നങ്ങള്‍ കമ്മിഷന്‍ ചോദിച്ചറിഞ്ഞു. പ്രസവാനുകൂല്യങ്ങള്‍, റേഷന്‍ കടകള്‍, അങ്കണവാടികള്‍ മുഖേന ലഭിക്കുന്ന അരി, ഗോതമ്പ്, ആട്ട, അമൃതം പൊടി തുടങ്ങിയവ കോളനികളില്‍ യഥാക്രമം ലഭ്യമാകുന്നുണ്ടോ എന്ന് കമ്മിഷന്‍ പരിശോധിച്ചു.
പൊതുവിതരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം എന്നീ വകുപ്പുകളിലൂടെ ജനങ്ങള്‍ക്ക് ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുകയാണ് കമ്മിഷന്‍ ചെയ്യുന്നത്.
ഗോത്രവര്‍ഗങ്ങളിലെ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളുകളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കാണുകയാണ് കമ്മിഷന്‍ മുന്നോട്ട് വെക്കുന്ന നയമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഈ വിഭാഗക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാനപരമായ കാര്യങ്ങളെപ്പറ്റിയും അവരുടെ അവകാശങ്ങളെപ്പറ്റിയും അവബോധം നല്‍കേണ്ടത് അത്യാവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സര്‍ക്കാര്‍ തലം വരെ ഇതിനായിട്ടുള്ള നടപടികള്‍ സ്വീകരിക്കും. ഗോത്രമേഖലകളിലെ അംങ്കണവാടികളുടെയും കുടുംബശ്രീയുടെയും അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗങ്ങളായ എം വിജയലക്ഷ്മി, സബിത ബീഗം, ദിലീപ് കുമാര്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍, എസ് എസ് സുധീര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലേലം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലൂപ്പാറ ഷോപ്പിംഗ് കോംപ്ലെക്‌സിലെ 14-ാം നമ്പര്‍ കടമുറി (പട്ടികജാതി സംവരണം), നാലാം നമ്പര്‍ കടമുറി എന്നിവയുടെ ലേലം ഫെബ്രുവരി 24 ന് രാവിലെ 11 ന്് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04692677237
എംസി റോഡില്‍ തിരുവല്ല രാമന്‍ചിറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വിശ്രമകേന്ദ്രസമുച്ചയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കാന്റീന്‍ 2024 ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ രണ്ടു വര്‍ഷകാലത്തേക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്‌തോ മുന്‍പരിചയമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 24 നു ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പായി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് വകുപ്പ്, കെട്ടിട ഉപവിഭാഗം, തിരുവല്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0469 2633424.
കനല്‍ കര്‍മപദ്ധതി ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു.
പത്തനംതിട്ട ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനല്‍ കര്‍മപദ്ധതിയുടെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തയും ബോധവല്‍ക്കരണക്ലാസ് കോളജ് ഓഫ് എന്‍ജിനീയറിങ് അടൂര്‍, മാര്‍ അത്തനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് തിരുവല്ല എന്നിവിടങ്ങളിലായി നടന്നു. അടൂരില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ യു അബ്ദുള്‍ബാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ പോഷ് ആക്ട് എല്‍സിസി അംഗവും ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേറ്ററുമായ അഡ്വ അശ്വതി ദാസ് ലിംഗനീതി സമത്വം, ജന്‍ഡര്‍ റിലേഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. വുമണ്‍ സെല്‍ കോര്‍ഡിനേറ്റര്‍ ഡോ. പി എസ് അജിതാ, മിഷന്‍ ശക്തി ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് എ എം അനുഷ തുടങ്ങിയവര്‍ പങ്കെടുത്തു.
കുള്ളാര്‍ ഡാം തുറന്നു: പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും
ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ കുംഭമാസ പൂജയുടെ പശ്ചാത്തലത്തില്‍ കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കക്കാട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എ.ഷിബു നടപടിക്രമം പുറപ്പെടുവിച്ചു. ഈ മാസം 18 വരെ പ്രതിദിനം 20,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുണ്ട്.
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല ഹാളില്‍ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം, ജില്ലാ അന്ധത നിവാരണ സമിതി, ഒരിപ്പുറം എംജിപി നമ്പ്യാതിരി സ്മാരക ഗ്രന്ഥശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ കാഴ്ച പരിശോധന, തിമിര രോഗനിര്‍ണയം, കണ്ണിന്റെ പ്രഷര്‍ പരിശോധിക്കല്‍, ഡയബറ്റിക് റെറ്റിനോപ്പതി നിര്‍ണയം, ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്ക് എന്നീ സേവനങ്ങള്‍ ലഭ്യമാക്കി.