റാന്നി പെരുനാട്ടില്‍ പതിനാറുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 13 പ്രതികളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ അറിയിച്ചു. പെരുനാട്ടില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടിയെ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ മേല്‍നോട്ടത്തില്‍ പുനരധിവസിപ്പിച്ചു. 19 പേര്‍ അടങ്ങുന്ന പ്രതിപ്പട്ടികയില്‍ മറ്റ് പ്രതികളെ പിടികൂടുന്നതിനും ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.
സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പരിചയം വഴി സൗഹൃദം നടിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. വ്യാജ പ്രൊഫൈലുകളാണ് പ്രതികള്‍ ഇതിനായി ഉപയോഗിച്ചത്. സംസ്ഥാനത്ത് പോക്‌സോ കേസുകളെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും സുരക്ഷ ഉറപ്പാകുന്നതിനുമുള്ള നടപടിക്രമങ്ങള്‍ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ നടന്നു വരുന്നു.
അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, അങ്കണവാടികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവര്‍ക്ക് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഐസിഡിഎസിന്റെ നേതൃത്വത്തില്‍ ശിശു സംരക്ഷണ മാപ്പിങ്ങിനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ അംഗം എന്‍. സുനന്ദ, റാന്നി ഡിവൈ.എസ്.പി. ആര്‍.ബിനു, പെരുനാട് ഇന്‍സ്‌പെക്ടര്‍ വി.ബിനു അന്വേഷണ ഉദ്യോഗസ്ഥര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.