Input your search keywords and press Enter.

ജി ആന്‍ഡ് ജി ഫൈനാസിയേഴ്‌സ് ഉടമകളായ രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങി

 

പത്തനംതിട്ട: ആയിരത്തോളം പേരില്‍ നിന്ന് നിക്ഷേപമായി മൂന്നുറു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പുല്ലാട് ജി ആന്‍ഡ് ജി ഫൈനാസിയേഴ്‌സ് ഉടമകളായ രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങി.

തെള്ളിയൂര്‍ ശ്രീരാമസദനം ഡി. ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ് ജി. നായര്‍ എന്നിവരാജ് ഇന്ന് രാവിലെ തിരുവല്ല ഡിവൈ.എസ്.പി ഓഫീസില്‍ കീഴടങ്ങിയത്. ഇവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോയിപ്രം പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

മറ്റൊരു പ്രതിയായ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ സിന്ധു ജി. നായര്‍ ഒളിവിലാണ്. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സിന്ധുവിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അഭിഭാഷകന്റെ നിര്‍ദേശപ്രകാരം അച്ഛനും മകനും കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം.

നാല്‍പ്പതോളം ശാഖകളില്‍ നിന്നായി മുന്നൂറു കോടിയില്‍പ്പരം രൂപയാണ് ഇവര്‍ നിക്ഷേപമായി സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ വരെ എല്ലാ നിക്ഷേപകര്‍ക്കും ഇവര്‍ പലിശയും നല്‍കിയിരുന്നു. തട്ടിപ്പില്‍ പങ്കാളിയാണെന്ന് കരുതുന്ന ഗോവിന്ദിന്റെ ഭാര്യ ലക്ഷ്മി രേഖ ജി. കുമാര്‍ വിദേശത്താണ്. ഇവരെയും നാട്ടിലെത്തിക്കാനുള്ള നീക്കം തുടങ്ങി. പത്തനംതിട്ട ജില്ലയിലെ അഞ്ചു പോലീസ് സ്‌റ്റേഷനുകളിലായി നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിശ്വാസ വഞ്ചന, ചതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ക്ക് പുറമേ ബഡ്‌സ് ആക്ടും ചുമത്തിയ സാഹചര്യത്തില്‍ ഇവരുടെ ബിനാമി സ്വത്തുക്കള്‍ കണ്ടെത്തുന്നതിനായി രജിസ്‌ട്രേഷന്‍ ഐജിക്ക് പൊലീസ് കത്തു നല്‍കി.

നാല്‍പ്പതോളം ബ്രാഞ്ചുകളിലെ ആയിരത്തോളം നിക്ഷേപകരില്‍ നിന്നായി മുന്നൂറു കോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ 300 മുതല്‍ 600 കോടി വരെയാണ് ഇവര്‍ സമാഹരിച്ചതെന്ന് നിക്ഷേപകരും പറയുന്നു.

ഗോപാലകൃഷ്ണന്‍ നായരും അനുജനും എന്‍എസ്എസ് തിരുവല്ല താലൂക്ക് യൂണിയന്റെ മുന്‍ പ്രസിഡന്റും കോയിപ്രം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമായ ഡി. അനില്‍കുമാറും ചേര്‍ന്ന് പിആര്‍ഡി ചിറ്റ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഇതില്‍ ചിട്ടിക്കമ്പനി, പിആര്‍ഡി നിധി, പിആര്‍ഡി മിനി, പിആര്‍ഡി മിനി ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പിആര്‍ഡി മിന, പിആര്‍ഡി നിധി എന്നിവയുമായി പിന്നീട് ഗോപാലകൃഷ്ണന്‍ നായര്‍ സ്വന്തം നിലയിലേക്ക് മാറി. മകന്‍ ഗോവിന്ദനെയും ചേര്‍ത്ത് ജി ആന്‍ഡ് ജി എന്ന പേരില്‍ പുതിയമുഖം സ്വീകരിച്ചു. സ്വര്‍ണപണയം, ചിട്ടി, സ്ഥിരനിക്ഷേപം സ്വീകരിക്കല്‍ എന്നിങ്ങനെ പലതായി സ്ഥാപനം വികസിച്ചു.

ഇതിനിടെ അനുജന്‍ അനില്‍കുമാറിന്റെ പിആര്‍ഡി ഫൈനാന്‍സ് പൊട്ടി. ഇയാള്‍ കുടുംബസമേതം മുങ്ങി. 400 കോടിയോളം രൂപയുടെ തട്ടിപ്പാണ് അനില്‍കുമാര്‍ നടത്തിയത്. നിക്ഷേപകരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അനില്‍കുമാറും കുടുംബവും 2022 ഒക്‌ടോബറില്‍ അറസ്റ്റിലായി. ഒരു വര്‍ഷത്തോളം ജയില്‍വാസം കഴിഞ്ഞ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. പിആര്‍ഡി പൊട്ടിയ സമയത്ത് ജി ആന്‍ഡ് ജിയിലെ നിക്ഷേപകര്‍ പണത്തിനായി ഗോപാലകൃഷ്ണനെ സമീപിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ സ്ഥാപനം സുരക്ഷിതമാണെന്ന് വിശ്വസിപ്പിക്കാന്‍ ഇയാള്‍ക്കായി. ഇതിന് പുറമേ ചില പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നുവെന്ന് കാണിച്ച് നിക്ഷേപകരില്‍ നിന്ന് കൂടുതല്‍ തുക സമാഹരിക്കുകയും ചെയ്തു.

ജനുവരി അവസാന ആഴ്ചയിലാണ് ഇവര്‍ കുടുംബസമേതം മുങ്ങിയത്. ഡിസംബര്‍ വരെ നിക്ഷേപകര്‍ക്ക് പലിശ നല്‍കിയിരുന്നു. ഇതിന് മുന്‍പുള്ള മാസങ്ങളില്‍ നിക്ഷേപം കാലാവധി പൂര്‍ത്തിയായവര്‍ തുക മടക്കി കിട്ടുന്നതിന് ഉടമകളെ സമീപിച്ചിരുന്നു. ഇവരോട് ഫണ്ട് വരാനുണ്ട് എന്ന കാരണം പറഞ്ഞ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാര്‍ത്ത പരന്നു. ഇതോടെ നിക്ഷേപകര്‍ തെള്ളിയൂരിലെ ആസ്ഥാനത്ത് വന്ന് പണം മടക്കി ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നതോടെ ഉടമകള്‍ നിക്ഷേപകരുടെ യോഗം വിളിച്ചു.

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പണം പല ഘട്ടങ്ങളിലായി മടക്കി നല്‍കാമെന്നും ജനുവരി 13 ന് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. നിക്ഷേപത്തിന്റെ ഒരു ശതമാനം വച്ച് നൂറുമാസം കൊണ്ട് മടക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇത് നിക്ഷേപകര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിമാസം മുതലിന്റെ രണ്ടു ശതമാനം വീതം തിരികെ നല്‍കാമെന്ന ധാരണയില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം ഉടമകള്‍ നാലു പേരും വീട്ടില്‍ നിന്ന് മുങ്ങി. രണ്ടു ജോലിക്കാര്‍ മാത്രം അവശേഷിച്ചു.

ദിവസങ്ങള്‍ക്ക് ശേഷം ഇവരും ഇവിടെ നിന്ന് അപ്രത്യക്ഷരായി. ഗോപാലകൃഷ്ണന്‍ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും ഒരു ചിട്ടിക്കമ്പനി ഉടമയ്ക്ക് വിറ്റ ശേഷമാണ് മുങ്ങിയത് എന്ന് നിക്ഷേപകര്‍ പറയുന്നു.

16 ശതമാനം പലിശയാണ് നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. ദേശസാല്‍കൃത ബാങ്കിലെ നിക്ഷേപങ്ങള്‍ അടക്കം പിന്‍വലിച്ച ഇവിടെ കൊണ്ടിടാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത് ഈ പലിശ നിരക്കായിരുന്നു. ഡിസംബര്‍ മാസം വരെ പലിശകൃത്യമായി കൊടുത്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി 50 ശാഖകളാണ് ജി ആന്‍ഡ് ജി ഫിനാന്‍സിന് ഉണ്ടായിരുന്നു.

കുറിയന്നൂരിലെ ഒരു ശാഖയില്‍ മാത്രം പ്രതിമാസം പലിശയിനത്തില്‍ കൊടുത്തിരുന്നത് 80 കോടിയോളം രൂപയായിരുന്നു. പുല്ലാട്, മാലക്കര, കുളനട എന്നീ ശാഖകളിലും മറ്റുള്ളവയെ അപേക്ഷിച്ച് നിക്ഷേപം കൂടുതല്‍ ഉണ്ടായിരുന്നു. സ്ഥിര നിക്ഷേപത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. പകരം, ക്യാഷ് റെസീപ്റ്റ് ആണ് നിക്ഷേപകരുടെ കൈവശം ഉള്ളത്. ഇതില്‍ ഉടമകള്‍ നേരിട്ട് കൈപ്പറ്റിയ പണത്തിന് പേഴ്‌സൊണല്‍ എന്നും ബ്രാഞ്ചുകളില്‍ നിക്ഷേപിച്ചാല്‍ അതിന്റെ പേരുമാണ് എഴുതിയിരുന്നത്. തങ്ങള്‍ക്ക് കിട്ടിയത് സ്ഥിരനിക്ഷേപത്തിനുള്ള സര്‍ട്ടിഫിക്കറ്റാണെന്നാണ് നിക്ഷേപകര്‍ മനസിലാക്കിയിരുന്നത്. എന്നാല്‍ ഇത് ക്യാഷ് റെസീപ്റ്റ് ആണെന്ന് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴാണ് അറിയുന്നത്.

error: Content is protected !!